മെസി എഫക്ട്; പി.എസ്.ജിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് താഴേക്ക് തന്നെ; പുതിയ കണക്ക് ക്ലബ്ബിനെ ഞെട്ടിപ്പിക്കുന്നത്
football news
മെസി എഫക്ട്; പി.എസ്.ജിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് താഴേക്ക് തന്നെ; പുതിയ കണക്ക് ക്ലബ്ബിനെ ഞെട്ടിപ്പിക്കുന്നത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th June 2023, 11:43 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് ഇന്‍സ്റ്റാഗ്രാമില്‍ നഷ്ടമായത് രണ്ട് ദശലക്ഷത്തിനടുത്ത് ഫോളോവേഴ്സ്.

മെസി പി.എസ്.ജിയില്‍ ഉണ്ടാകുന്ന സമയത്ത് 70 മില്യണില്‍ കൂടുല്‍ ഫോളോവേഴ്‌സ്
ക്ലബ്ബിന്റെ പേജിനുണ്ടായിരുന്നെങ്കില്‍ നിലവിലത് 68.2 ലേക്ക് എത്തിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 10ന് മെസി പി.എസ്.ജിയില്‍ സൈന്‍ ചെയ്തപ്പോള്‍ ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ഫോളോവേഴ്‌സില്‍ വലിയ വര്‍ധനവുണ്ടായത് വാര്‍ത്തയായിരുന്നു.

മെസി സൈന്‍ ചെയ്യുന്നുവെന്ന വാര്‍ത്ത വരുമ്പോള്‍ 37 മില്യണ്‍ ആളുകളായിരുന്നു പി.എസ്.ജിയെ പിന്തുടര്‍ന്നിരുന്നത്. തുടര്‍ന്ന് ഫോളോവേഴ്‌സ് കുത്തനെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. 2021 ഓഗസ്റ്റ് 10, 11 തിയതികളില്‍ മാത്രം 5.6 ദശലക്ഷം പുതിയ ഫോളോവേഴ്സ് പി.എസ്.ജിക്ക് ലഭിച്ചു.

 

 

അതേസമയം, പി.എസ്.ജി വിട്ട് ഫ്രീ ഏജന്റായ ലയണല്‍ മെസി ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് ഞെട്ടിക്കുന്ന ഓഫര്‍ ഉണ്ടായിട്ടും മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 

കഴിഞ്ഞ ദിവസം താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും അതുപ്രകാരം താന്‍ ലപോര്‍ട്ടയുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ചുള്ള ഭാവി കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും ജോര്‍ജ് മെസി പറഞ്ഞതായി പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തിരുന്നു.

Content Highlight: PSG have lost almost two million followers on Instagram after Lionel Messi announced he was leaving the club