മെസിയും നെയ്മറും എംബാപ്പെയും ഒന്നിച്ചുണ്ടായിട്ടും നടക്കാത്ത ചരിത്ര നേട്ടം; ഫ്രാന്‍സിന്റെ സ്വപ്‌നം പൂവണിയുമോ?
Sports News
മെസിയും നെയ്മറും എംബാപ്പെയും ഒന്നിച്ചുണ്ടായിട്ടും നടക്കാത്ത ചരിത്ര നേട്ടം; ഫ്രാന്‍സിന്റെ സ്വപ്‌നം പൂവണിയുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 4:14 pm

തങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നത്തിലേക്കാണ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ നടന്നടുക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്താന്‍ ഫ്രഞ്ച് വമ്പന്‍മാര്‍ക്ക് ഇനി കേവലം ഒറ്റ വിജയം മാത്രമാണ് ആവശ്യമുള്ളത്. ടീമിന്റെ ചരിത്രത്തിലാദ്യമായാണ് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് ഇത്രത്തോളം അടുത്തെത്തുന്നത്.

2020-21, 2023-24 സീസണുകളില്‍ സെമി ഫൈനലിലെത്തിയതാണ് പി.എസ്.ജിയുടെ ഏറ്റവും മികച്ച പ്രകടനം. 2020-21 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1 എന്ന അഗ്രഗേറ്റ് സ്‌കോറിനും 2023-24 സീസണില്‍ ബൊറൂസ് ഡോര്‍ട്മുണ്ടിനോട് 2-0എന്ന അഗ്രഗേറ്റ് സ്‌കോറിനും ടീം പരാജയപ്പെട്ടു.

 

ഇതിഹാസ താരങ്ങളുടെ വമ്പന്‍ നിരയുണ്ടായിട്ടും ലയണല്‍ മെസി, നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഒന്നിച്ച് ഒരേസമയം ടീമിലുണ്ടായിരുന്നിട്ടും ചാമ്പ്യന്‍സ് ട്രോഫി എന്നത് പി.എസ്.ജിക്ക് മുമ്പില്‍ കേവലം സ്വപ്‌നമായി അവശേഷിച്ചു.

ഇപ്പോള്‍ മെസിയും നെയ്മറും എംബാപ്പെയും അടക്കമുള്ളവര്‍ ടീമിലില്ലാതിരുന്നിട്ട് കൂടിയും അവര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തിയിരിക്കുകയാണ്.

റൗണ്ട് ഓഫ് സിക്‌സറ്റീനില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇരു പാദങ്ങളിലുമായി 1-1 എന്ന നിലയില്‍ സമനില പാലിച്ചപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്റ്റണ്‍ വില്ലയായിരുന്നു എതിരാളികള്‍. രണ്ട് പാദങ്ങളിലുമായി 4-5 എന്ന സ്‌കോറിന് വില്ലന്‍സിനെ പരാജയപ്പെടുത്തി പാര്‍ക് ഡെസ് പ്രിന്‍സസിന്റെ രാജകുമാരന്‍മാര്‍ സെമിയിലേക്ക് പ്രവേശിച്ചു.

ശക്തരായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചെത്തിയ ആഴ്‌സണലായിരുന്നു സെമി ഫൈനലില്‍ പി.എസ്.ജിയുടെ എതിരാളികള്‍. എമിറേറ്റ്‌സില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച ഫ്രഞ്ച് പട, സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ 2-1ന് വിജയിക്കുകയും 3-1ന്റെ അഗ്രഗേറ്റ് സ്‌കോറുമായി കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുക്കുകയും ചെയ്തു.

ഫ്രഞ്ച് ലീഗിനെ ‘ഫാര്‍മേഴ്‌സ് ലീഗ്’ അഥവാ കണ്ടം ലീഗ് എന്നാണ് ലോകമെമ്പാടമുള്ള ആരാധകര്‍ പരിഹാസപൂര്‍വം വിളിച്ചിരുന്നത്. എന്നാല്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ലീഗ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരെയാണ് നോക്ക്ഔട്ട് ഘട്ടത്തിലെ ഓരോ മത്സരത്തിലും കണ്ടം കളിക്കാര്‍ പരാജയപ്പെടുത്തിയത്. ഒരര്‍ത്ഥത്തില്‍ ഫ്രഞ്ച് ലീഗ് കൂടിയാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നിനാണ് കിരീടപ്പോരാട്ടം. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമായ ഹാന്‍സി ഫ്‌ളിക്കിന്റെ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയെത്തിയ ഇന്റര്‍ മിലാനാണ് എതിരാളികള്‍.

ടുറാമും മാര്‍ട്ടീനസും ഡംഫ്രിസും അടുങ്ങുന്ന ഇറ്റാലിയന്‍ വമ്പന്‍മാരെ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ തളച്ചിടാന്‍ സാധിച്ചാല്‍ യൂറോപ്പിന്റെ രാജാക്കന്‍മാരാകാനും എന്‌റിക്വിന്റെ കുട്ടികള്‍ക്കാകും. 1992-93ന് ശേഷം മാഴ്‌സെലെയിലൂടെ ഫ്രാന്‍സിന്റെ മണ്ണിലെത്തിയ കിരീടം ഒരിക്കല്‍ക്കൂടി ഈഫല്‍ ടവറിന് മുമ്പിലെത്തിക്കുക എന്നത് തന്നെയാകും പി.എസ്.ജിയുടെ ലക്ഷ്യം

 

 

 

Content Highlight: PSG enters UCL final for the first time