ലീഗ് വണ്ണില്‍ ഒമ്പത് ഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ ജയിച്ച് കയറി ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി. ഇന്ന് പുലര്‍ച്ചെ ടുലൗസ് എഫ്.സിക്കെതിരായ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ വിജയം. ജാവോ നവേസിന്റെ ഹാട്രിക്കിന്റെയും ഉസ്മാന്‍ ഡെംബലെയുടെയും ഇരട്ട ഗോള്‍ കരുത്തിലുമാണ് ലെസ് പാരീസിയന്‍സ് ടുലൗസിനെ മലര്‍ത്തിയടിച്ചത്.
മത്സരത്തില്‍ ആദ്യം ഗോളടിച്ച് തുടങ്ങിയത് പി.എസ്.ജിയായിരുന്നു. ആദ്യ വിസില്‍ മുഴങ്ങി 7ാം മിനിട്ടില്‍ ജാവോ നവേസായിരുന്നു പന്ത് വലയെത്തിച്ചത്. ഉസ്മാന്‍ ഡെംബലെ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ഏറെ വൈകാതെ തന്നെ ഫ്രഞ്ച് വമ്പന്മാര്‍ രണ്ടാം ഗോളും നേടി. ബ്രാഡ്‌ലി ബാര്‍കോളയായിരുന്നു ഇത്തവണത്തെ ഗോളടിക്കാരന്‍. അതിനാകട്ടെ അസിസ്റ്റ് നല്‍കിയത് ഫാബിയന്‍ റൂയിസാണ്. പിന്നാലെ വലിയ ഇടവേളകളില്ലാതെ ടീമിന്റെ മൂന്നാം ഗോളുമെത്തി. 14ാം മിനിട്ടില്‍ നവേസ് തന്നെയായിരുന്നു പന്ത് പോസ്റ്റിലെത്തിച്ചത്.
കളിയില്‍ പി.എസ്.ജി ആധിപത്യം സ്ഥാപിക്കുന്നതിനിടെ ഫ്രഞ്ച് ക്ലബിന് ഒരു പെനാല്‍റ്റി കൂടി ലഭിച്ചു. യുവതാരം ഡിസൈര്‍ ഡുവോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഡെംബലെ ഒരു പിഴവും വരുത്താതെ വലയിലെത്തിച്ചു. അതോടെ ലെസ് പാരീസിയന്‍സിന്റെ ലീഡ് നാലായി ഉയര്‍ന്നു.
മൈതാനത്ത് മത്സരത്തിന്റെ എല്ലാ നിയന്ത്രണവും ഏറ്റെടുത്ത് നിന്നിരുന്ന പി.എസ്.ജിയെ ഞെട്ടിച്ച് ടുലൗസ് പന്ത് വലയിലെത്തിച്ചു. 37ാം മിനിട്ടില്‍ ചാര്‍ളി ക്രെസ്വെലിന്റെ വകയായിരുന്നു ആതിഥേയരുടെ ആദ്യ ഗോള്‍. അതോടെ ഒന്നാം പകുതിയ്ക്ക് അവസാനമായി.
രണ്ടാം പകുതിയും ഒട്ടും മോശമായിരുന്നില്ല. മത്സരം പുനരാംഭിച്ച് അഞ്ച് മിനിട്ടിനകം ലീഡ് ഉയര്‍ത്താന്‍ പി.എസ്.ജിക്ക് ഒരു സുവര്‍ണാവസരം ലഭിച്ചു. 50ാം മിനിട്ടില്‍ പെനാല്‍റ്റി കൂടി ലഭിച്ചതോടെ ദി റെഡ് ആന്‍ഡ് ബ്ലൂസിന്റെ അഞ്ചാം ഗോളും പിറന്നു. ഷോട്ടെടുത്ത ഡെംബലെ പന്ത് അനായാസം വലയിലേക്ക് അടിച്ച് കയറ്റി.
കളി ആവേശകരമായി മുന്നോട്ട് പോകുന്നതിനിടെ 78ാം മിനിട്ടില്‍ മറ്റൊരു പന്തും വലയിലെത്തി. നവേസ് പന്തുമായി കുതിച്ച് എതിരാളികളുടെ പോസ്റ്റിലേക്ക് തൊടുത്ത് തന്റെ ഹാട്രിക്കും ടീമിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി.
പക്ഷേ, മത്സരത്തിന്റെ ആവേശം അവിടം കൊണ്ട് അവസാനിച്ചില്ല. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ടുലൗസിനായി യാന്‍ ഗ്‌ബോഹോ രണ്ടാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ അവരുടെ മൂന്നാം ഗോളും കണ്ടെത്തി. അലക്സിസ് വോസായാണ് ഇത്തവണ വല കുലുക്കിയത്. ഏറെ വൈകാതെ ഫൈനല്‍ വിസില്‍ എത്തിയതോടെ പി.എസ്.ജി ജേതാക്കളായി.
Content Highlight: PSG defeated Toulouse FC in Ligue one