അയാള്‍ പുഞ്ചിരിച്ചാല്‍ ടീമിലെ എല്ലാവരും പുഞ്ചിരിക്കും; മെസിയെ പുകഴ്ത്തി പി.എസ്.ജി കോച്ച്
Football
അയാള്‍ പുഞ്ചിരിച്ചാല്‍ ടീമിലെ എല്ലാവരും പുഞ്ചിരിക്കും; മെസിയെ പുകഴ്ത്തി പി.എസ്.ജി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th August 2022, 4:03 pm

 

ലീഗ് വണ്ണിലെ ആദ്യ മത്സരത്തില്‍ പി.എസ്.ജി മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ക്ലര്‍മോണ്ട് ഫൂട്ടിനെതിരെയായിരുന്നു പി.എസ്.ജിയുടെ വിജയം. അഞ്ച് ഗോളിനായിരുന്നു ഫ്രഞ്ച് പട വിജയിച്ചത്. രണ്ട് ഗോളും ഒരു അസിസ്റ്റും നല്‍കിയ ലയണല്‍ മെസിയായിരുന്നു പി.എസ്.ജിയിലെ താരം. ഇതില്‍ ഒരു ബൈസൈക്കിള്‍ കിക്ക് ഗോളുമായി മെസി കളം നിറഞ്ഞു.

പി.എസ്.ജിക്കായി മെസി രണ്ടും നെയ്മര്‍, ഹക്കീമി, മാര്‍കിന്‍ഹോസ് എന്നിവര്‍ ഓരോ ഗോളും നേടി. ഒമ്പതാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ നെയ്മറായിരുന്നു ആദ്യം വല കിലുക്കിയത്. മെസി ഇരട്ട ഗോള്‍ നേടിയും ഒരു അസിസ്റ്റും നേടിയും കളം നിറഞ്ഞപ്പോള്‍, നെയ്മര്‍ ഒരു ഗോള്‍ സ്വന്തമാക്കുകയും മൂന്ന് അസിസ്റ്റും നല്‍കിയിരുന്നു.

മത്സരത്തിന് ശേഷം ടീമിന്റെ പുതിയ കോച്ചായ ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയര്‍ മെസിയെ പുകഴ്ത്തി പറഞ്ഞിരുന്നു. മെസി അത്ഭുതകരമായ കളിക്കാരനാണെന്നും അദ്ദേഹം ചിരിക്കുമ്പോള്‍ ടീം മുഴുവന്‍ ചിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

‘അവന്‍ ഒരു അത്ഭുതകരമായ കളിക്കാരനാണ്, എനിക്ക് മറ്റൊന്നും പറയാന്‍ കഴിയില്ല, ലിയോയുടെ കഴിവുകള്‍ നമുക്കെല്ലാം അറിയാം. മെസി പുഞ്ചിരിക്കുമ്പോള്‍ ടീം മുഴുവന്‍ പുഞ്ചിരിക്കും,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

ലീഗില്‍ ആധിപത്യം പുലര്‍ത്തുകയും കഴിഞ്ഞ പത്ത് സീസണുകളില്‍ എട്ട് തവണ കിരീടം നേടുകയും ചെയ്ത ടീം ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സീസണിലേക്ക് പ്രവേശിക്കുന്നത്.

അര്‍ജന്റീനിയന്‍ താരം മൗറീഷ്യോ പൊച്ചെറ്റിനോയെ പുറത്താക്കിയതിന് പിന്നാലെ പാരീസിലെത്തിയ പുതിയ പരിശീലകന്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയര്‍ അവരെ അതിലേക്ക് നയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഒരുപാട് പഴികേട്ട താരങ്ങളായിരുന്നു മെസി. വെറും ആറ് ഗോളാണ് താരത്തിന് ടീമിനായി നേടാന്‍ സാധിച്ചത്. എന്നാല്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള പുറപ്പാടിലാണ് അദ്ദേഹം.

ആദ്യ മത്സരത്തിലും, ലീഗ് വണ്‍ ജേതാക്കളായ പി.എസ്.ജിയും കോപ്പ ഡി ഫ്രാന്‍സ് കിരീടം നേടിയ നാന്റസും ഏറ്റുമുട്ടിയ ട്രോഫി ഡെസ് ചാമ്പ്യന്‍സ് ഫൈനല്‍ മത്സരത്തിലു മികച്ച പ്രകടനമായിരുന്നു മെസി കാഴ്ചവെച്ചത്.

നാന്റസിനെതിരയുള്ള മത്സരത്തില്‍ ഒരു ഗോളും, ക്ലര്‍മോണ്ട് ഫൂട്ടിനെതിരെയുള്ള ലീഗിലെ ആദ്യ മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റും മെസി സ്വന്തം പേരില്‍ കുറിച്ചിരുന്നു.

Content Highlights: Psg Coach praises Lionel Messi