ലീഗ് വണ്ണിൽ ഫ്രഞ്ച് അതികായരായ പി.എസ്.ജി ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എഫ്.സി നാൻ്റസിനെ പരാജയപ്പെടുത്തിയായിരുന്നു ലൂയിസ് എൻറിക്വ് സംഘം സീസണിലെ ആദ്യ പോയിന്റ് നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ വിജയം.
സൂപ്പർ കപ്പ് നേടിയ ആവേശവുമായി എത്തിയാണ് പി.എസ്.ജി പുതിയ സീസണിൽ ഇറങ്ങിയത്. ടീമിൽ ഏഴ് മാറ്റവുമായി ഇറങ്ങിയ ടീം രണ്ടാം പകുതിയിലാണ് ഗോൾ നേടിയത്. വിറ്റിൻഹ അടിച്ച ആ ഒറ്റ ഗോളിൽ തന്നെ ദി പാരീസിയൻസ് വിജയം നേടുകയും ചെയ്തു. ഇതോടെ ഒരു സൂപ്പർ നേട്ടമാണ് ഫ്രഞ്ച് വമ്പൻമാർ സ്വന്തമാക്കിയത്.
ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീം എന്ന നേട്ടമാണ് പി.എസ്.ജി സ്വന്തമാക്കിയത്. 2015 – 16 ശേഷം കളിച്ച 11 സീസണുകളിൽ ഒമ്പത് തവണയും ജയത്തോടെയാണ് പി.എസ്.ജി തങ്ങളുടെ സീസണിന് തുടക്കമിട്ടത്.
ടൂർണമെന്റിൽ ഇത് മറ്റേതൊരു ടീമിനെക്കാളും കൂടുതലാണ്. മാഴ്സെ, മൊണോക്കോ, ലിയോൺ എന്നീ ടീമുകളാണ് ഈ നേട്ടത്തിൽ പി.എസ്.ജിക്ക് പിന്നിലുള്ളത്. ഈ കാലയളവിൽ മൂന്ന് ടീമുകൾക്കും ആദ്യ മത്സരങ്ങളിൽ ഏഴ് തവണയാണ് വിജയിച്ചത്.
അതേസമയം, മത്സരത്തിൽ പി.എസ്.ജിക്കായിരുന്നു സമ്പൂർണ ആധിപത്യം. 77 ശതമാനം പന്തടക്കവും എൻറിക്വിന്റെ സംഘത്തിനായിരുന്നു. 18 ഷോട്ടുകളായിരുന്നു ഡിഫൻഡിങ് ചാമ്പ്യന്മാർ നാൻ്റസിന്റെ വലയെ ലക്ഷ്യമാക്കി തൊടുത്തത്. അതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർജറ്റായിരുന്നു. ഒപ്പം ഏഴ് കോർണറുകളും പി.എസ്.ജി നേടിയെടുത്തിരുന്നു.