തിരുവനന്തപുരം: എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (എല്‍.പി.എസ്.ടി) പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമൊന്നും നടക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികളുടെ രാപ്പകല്‍ റിലേ സത്യാഗ്രഹ സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടര്‍ന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് തിന്ന് പ്രതിഷേധിച്ചത്.
സമരക്കാര്‍ മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും ഉന്നതോദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനത്തിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ല.
നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ സ്റ്റാഫ് ഫിക്‌സേഷന്‍. അതിന് മുമ്പ് നിയമന ഉത്തരവ് വന്നില്ലെങ്കില്‍ സംസ്ഥാനത്ത് ഡിവിഷന്‍ ഫോള്‍ വന്‍ തോതില്‍ സംഭവിക്കുമെന്ന് സമരക്കാര്‍ പറയുന്നു.
നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരാള്‍ക്ക് പോലും നിയമനം ലഭിച്ചില്ല. ഒന്നാം റാങ്ക് കാരന് പോലും പ്രവേശനം ലഭിച്ചില്ലെങ്കില്‍ പിന്നെന്തിനാണ് പരിക്ഷയെന്നും സമരക്കാര്‍ ചോദിക്കുന്നു. 2025 മാര്‍ച്ചിലാണ് റാങ്ക്‌ലിസ്റ്റ് പുറത്തിറങ്ങിയത്. 15 മാസമായിട്ടും ഇതുവരെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനമൊന്നും നടന്നിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ വന്ന ശേഷവും നിയമനങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ സമരം പുനരാരംഭിക്കുകയായിരുന്നു.
ഈ മാസം ഏഴിന് സമരക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സമരക്കാര്‍ മുഖത്ത് കരിതേച്ചും പ്രതിഷേധിച്ചിരുന്നു.
Content Highlight: PSC LPST Rank Holders Protest at Secretariat
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.