| Wednesday, 20th May 2026, 1:34 pm

'അച്ഛന്റെ പേര് പറയുന്നതില്‍ അഭിമാനം, അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടം': വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്റെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്തുവായിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍.

ഔദ്യോഗിക ചടങ്ങില്‍ അച്ഛന്റെ പേര് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച അദ്ദേഹം, മാതാപിതാക്കളുടെ പേര് പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്നും പറഞ്ഞു.

സത്യപ്രതിജ്ഞാ വേളയില്‍ വി.ഡി. സതീശന്‍ എന്ന പേരിനൊപ്പം ‘മേനോന്‍’ എന്ന് ചേര്‍ത്തുവായിച്ചത് വലിയ രീതിയിലുള്ള ആക്ഷേപങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്റെ അച്ഛന്റെ പേര് അതാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ എന്റെ ഫുള്‍ നെയിം ആണ് വായിച്ചത്. സാധാരണ അങ്ങനെയാണല്ലോ ചെയ്യാറുള്ളത്, നമ്മുടെ പാസ്‌പോര്‍ട്ടില്‍ എഴുതുന്നതും അങ്ങനെ തന്നെയല്ലേ? അച്ഛന്റെ പേര് കൂടി പരാമര്‍ശിക്കാന്‍ വേണ്ടിയിട്ടാണ് അങ്ങനെ വായിച്ചത്.

താന്‍ എം.എല്‍.എ ആകുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടുപോയവരാണ് തന്റെ മാതാപിതാക്കളെന്നും അച്ഛന്റെ പേര് വായിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളെ ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അച്ഛന്റെ പേര് പറഞ്ഞപ്പോള്‍ അമ്മയെ താന്‍ മനസ്സില്‍ വിചാരിച്ചിരുന്നു. അച്ഛന്റെ പേര് വന്നതില്‍ അഭിമാനിക്കുമ്പോഴും അമ്മയുടെ പേര് കൂടി ഔദ്യോഗികമായി പറയാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ അമ്മയുടെ പേര് പറയാന്‍ സാങ്കേതികമായി യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സാധ്യത ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അമ്മയുടെ പേര് കൂടി താന്‍ പറയുമായിരുന്നു. സ്വന്തം അച്ഛന്റെയും അമ്മയുടെയും പേര് ലോകത്തോട് പറയുന്നത് എപ്പോഴും അഭിമാനകരമായ കാര്യമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായി മാറുമായിരുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.

കെ റെയിലിനെ എതിര്‍ക്കാന്‍ കാരണം, കെ റെയിലിന് കൃത്യമായ ഒരു ഡി.പി.ആര്‍ പോലും ഉണ്ടായിരുന്നില്ല. കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ മണ്‍സൂണ്‍ തുടങ്ങിയാല്‍ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നുവെന്നും പരിഹാസരൂപേണ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായി മാറിയെനേ. 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്മെന്റ് വരുമായിരുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് എങ്ങനെയാണ്?

മുകളില്‍ നിന്ന് താഴേക്കാണ്. മുകളില്‍ നിന്ന് നദി താഴേക്ക് പതിക്കുന്നു. 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്മെന്റ് സുസ്ഥിരമല്ല. പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമായിരുന്നു. 200 കിലോമീറ്റര്‍ ദൂരം പത്തടി ഉയരത്തില്‍ മതില്‍ ആയിരുന്നു. മണ്‍സൂണ്‍ തുടങ്ങിയാല്‍ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു.’, അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫിന്റെ സബ് കമ്മിറ്റി പഠിച്ച് വിവിധ തലങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് നടപ്പാക്കരുത് എന്ന് പറയുന്നത്. മുന്‍ സര്‍ക്കാര്‍ പദ്ധതി വഴിയില്‍ ഉപേക്ഷിച്ചു. പക്ഷേ ആ വിജ്ഞാപനം ഇപ്പോഴും കിടക്കുകയാണ് ശിക്ഷ പോലെ.

സമരം ചെയ്ത പാവങ്ങള്‍ക്കുള്ള ശിക്ഷ പോലെ കിടക്കുന്നു. പദ്ധതി വേണ്ടെന്ന് വച്ചാല്‍ ഡീനോട്ടിഫൈ ചെയ്യാന്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ മതിയായിരുന്നു. മകളുടെ കല്യാണത്തിന് സ്ഥലം പണയം വെയ്ക്കാന്‍ പോലും കഴിയാത്ത പാവങ്ങള്‍ ഉണ്ടായിരുന്നു. പുതുയുഗ യാത്രയുമായി പോയപ്പോള്‍ നിരവധി പരാതികള്‍ ലഭിച്ചു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കെ റെയില്‍ പദ്ധതി റദാക്കിയത്’, വി ഡി സതീശന്‍ പറഞ്ഞു.

Content Highlight: Proud to mention my father’s name, sad that my mother’s name wasn’t included too V.D. Satheesan

We use cookies to give you the best possible experience. Learn more