റോം: ഉയര്‍ന്ന ജീവിതച്ചെലവ് അടക്കമുള്ള പ്രശ്നങ്ങള്‍ക്കെതിരായ പ്രതിഷേധം ഇറ്റലിയില്‍ ശക്തമാകുന്നു. രാജ്യത്തെ റോം, ടൂറിന്, ബൊലോന്യ അടക്കമുള്ള നഗരങ്ങളില്‍ ഇന്നലെ (ഒക്ടോബര്‍ 24, ശനി) വാരാന്ത്യ പ്രതിഷേധങ്ങള്‍ നടന്നു. പ്രതിഷേധങ്ങള്‍ സംഘര്‍ഷഭരിതമായതോടെ പൊലീസ് കണ്ണീര് വാതകവും ജലപീരങ്കികളും പ്രയോഗിച്ചതായി എ.എന്‍.എസ്.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റോം, ടൂറിന്, ബൊലോന്യ എന്നിവിടങ്ങളില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര് വാതകവും ജലപീരങ്കികളും ഉപയോഗിച്ചു.
പ്രതിഷേധങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ ഇറ്റലിയില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഈ ആഴ്ച കര്‍ശനമായ സുരക്ഷാ നടപടികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. മിലാനില്‍ അര്‍ധസൈനിക വിഭാഗത്തെ അടക്കം വിന്യസിച്ചിരുന്നു.
പ്രതിഷേധങ്ങള്‍ നടക്കുന്നതിന് മുന്നോടിയായി പൊലീസ് വ്യാപകമായ പരിശോധനകളും അറസ്റ്റുകളും നടത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും റോമിലും മിലാനിലും ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുകയും സര്‍ക്കാരിനും പൊലീസിനും എതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടൂറിനില്‍ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കുപ്പികളും പടക്കങ്ങളും എറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. റോമില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ കുപ്പികള്‍ എറിഞ്ഞപ്പോള്‍, അവിടെയും പൊലീസ് ജലപീരങ്കികളും കണ്ണീര് വാതകവും ഉപയോഗിച്ചു.
ബൊലോഗ്നയില്, പ്രതിഷേധക്കാര്‍ കുപ്പികളും പടക്കങ്ങളും എറിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മിലാന്, ഫ്ളോറന്‍സ് എന്നിവിടങ്ങളിലും സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നഗരമധ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, മിലാന്, മോന്‍സ അടക്കം 22 നഗരങ്ങളിലായി 150-ലധികം സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയതായും എ.എന്‍.എസ്.എ റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്റോസി അറിയിച്ചു. ക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മിലാനിലെ പ്രധാന കേന്ദ്രമായ ‘പിയാസ ഡെല്‍ ഡുവോമോ’യ്ക്ക് മുകളിലൂടെ നിരീക്ഷണ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറന്നു. സൈനിക വേഷധാരികളായ സൈനികര്‍ സംഘങ്ങളായി പട്രോളിങ് നടത്തി. മിലാനില്‍ ഏകദേശം 3,000-ത്തോളം ആളുകള്‍ മാര്‍ച്ച് നടത്തി; ഇതേത്തുടര്‍ന്ന് നഗരമധ്യത്തിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. റോമിലും സമാനമായ എണ്ണം ആളുകള്‍ ഒത്തുകൂടി. കൊളോസിയത്തിന് സമീപവും പ്രധാന റെയില്‍വേ സ്റ്റേഷന് മുന്നിലും പൊലീസുകാര്‍ക്ക് അഭിമുഖമായാണ് ഇവര്‍ പ്രതിഷേധിച്ചത്.
കഴിഞ്ഞ വാരാന്ത്യത്തില്‍ മിലാനിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ, സര്‍ക്കാര്‍ 500 സൈനികരെ നഗരത്തില്‍ വിന്യസിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതിഷേധത്തിനിടെ വരുത്തുന്ന നാശനഷ്ടങ്ങള്‍ക്ക് അവരുടെ മാതാപിതാക്കള്‍ പിഴ നല്‍കാനും, പ്രായപൂര്‍ത്തിയാകാത്തവരെ തടങ്കലില്‍ വെക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ പ്രയോഗിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ ക്രമസമാധാന നടപടികളെ വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായി വിമര്‍ശിച്ചു. സൈനിക ചെലവുകള്‍ വെട്ടിക്കുറച്ച് ആ തുക വിദ്യാഭ്യാസ മേഖലയ്ക്കായി വിനിയോഗിക്കണമെന്നതുള്പ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും, അപകടകാരികളാണെന്ന് സംശയിക്കുന്ന 18 വയസില്‍ താഴെയുള്ളവരെ 12 മണിക്കൂര്‍ വരെ കസ്റ്റഡിയില്‍ വെക്കാന്‍ പൊലീസിന് അധികാരം നല്കുന്ന പുതിയ സുരക്ഷാ നടപടികള്‍ ഇറ്റാലിയന്‍ അധികൃതര്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും, അപകടകാരികളാണെന്ന് സംശയിക്കുന്ന 18 വയസില്‍ താഴെയുള്ളവരെ 12 മണിക്കൂര്‍ വരെ കസ്റ്റഡിയില്‍ വെക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് പുതിയ നടപടികളെന്ന് ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി അറിയിച്ചിരുന്നു.
ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ വടക്കന്‍ ഇറ്റലിയിലെ വിവിധ നഗരങ്ങളില്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. ചിലര്‍ കടകള്‍ കൊള്ളയടിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തെക്കന്‍ ഇറ്റലിയില്‍, ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകരും ട്രക്ക് ഡ്രൈവര്‍മാരും തുറമുഖങ്ങളും ഹൈവേകളും കഴിഞ്ഞ വാരാന്ത്യത്തില്‍ ഉപരോധിച്ചിരുന്നു. മിലാന് നഗരമധ്യത്തില്‍ വാരാന്ത്യത്തില്‍ 5,000-ത്തിലധികം ആളുകള്‍ ഒത്തുകൂടിയിരുന്നു. ഇവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം.
Content Highlight: Protests at Milan and Rome, Meloni Militarizes Milan in Anticipation of Protests
