| Saturday, 9th May 2026, 4:01 pm

മുസ്‌ലിങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നിഷേധിക്കുന്നു; ദല്‍ഹിയില്‍ ഏജന്‍സിക്ക് മുന്നില്‍ പ്രതിഷേധം

നിഷാന. വി.വി

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ ബ്രഹ്‌മപുരിയില്‍ മുസ്‌ലിം താമസക്കാര്‍ക്ക് പാചകവാതക സിലിണ്ടറുകള്‍ നിഷേധിക്കുന്നതായി പരാതി. ഗ്യാസ് ബുക്ക് ചെയ്ത് പണമടച്ച രസീതുണ്ടായിരിന്നിട്ടും ഏജന്‍സി സിലിണ്ടറുകള്‍ നിഷേധിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

പാചകവാതക സിലിണ്ടര്‍ ക്ഷാമം ആരംഭിച്ചതിന് പിന്നാലെയാണ് മതം നോക്കിയുള്ള വേര്‍തിരിവെന്നും പരാതിക്കാര്‍ പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് സിലിണ്ടറുകള്‍ കൊണ്ടുപോവാന്‍ വിതരണക്കാര്‍ വിമുഖത കാണിക്കുകയാണെന്നും മനപൂര്‍വം തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് സിലിണ്ടര്‍ ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചിരിക്കുകയാണ്. സിലിണ്ടറുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനക്കൂട്ടം ഏജന്‍സിക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പല കുടുംബങ്ങളിലും ദിവസങ്ങളായി അടുപ്പ് പുകയുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

’15 ദിവസത്തോളമായി ഞങ്ങള്‍ക്ക് സിലിണ്ടര്‍ ലഭിച്ചിട്ടില്ല. പണമടക്കം വാങ്ങിയിട്ടും ഓര്‍ഡര്‍ അസാധുവാണെന്നാണ് ഏജന്‍സി പറയുന്നത്. ജോലി കഴിഞ്ഞ് ഞങ്ങളിവിടെ വരിയില്‍ കാത്ത് നില്‍ക്കുകയാണ്,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

എന്നാല്‍ ഗ്യാസ് ഏജന്‍സി ഉടമ ആരോപണങ്ങള്‍ നിഷേധിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഏജന്‍സി ഉടമ ഹാജരാവാന്‍ തയ്യാറായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ദല്‍ഹിയില്‍ നിലവില്‍ പാചകവാതക വിതരണത്തില്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഇതിനിടയിലാണ് ഒരു പ്രത്യേക വിഭാഗത്തിന് നേരെ വിവേചനം നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നത്.

Content Highlight:Protest in front of agency in Delhi over denial of gas cylinders to Muslims

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more