പോര്‍ച്ചുഗല്‍ സര്‍ക്കാരിന്റെ തൊഴില്‍ പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധം; ലിസ്ബണില്‍ തെരുവിലിറങ്ങി പതിനായിരങ്ങള്‍
Trending
പോര്‍ച്ചുഗല്‍ സര്‍ക്കാരിന്റെ തൊഴില്‍ പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധം; ലിസ്ബണില്‍ തെരുവിലിറങ്ങി പതിനായിരങ്ങള്‍
നിഷാന. വി.വി
Sunday, 19th April 2026, 11:05 am

ലിസ്ബണ്‍: പോര്‍ച്ചുഗീസ് സര്‍ക്കാരിന്റെ പുതിയ തൊഴില്‍നിയമ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ലിസ്ബണില്‍ പ്രതിഷേധ പ്രകടനം നടത്തി പതിനായിരങ്ങള്‍.

ദിവസവും രണ്ട് മണിക്കൂര്‍ വരെ ഓവര്‍ടൈം ചെയ്യാന്‍ അനുവദിക്കുന്ന പരിഷ്‌ക്കരണത്തെയും അതിന് പണം നല്‍കുന്നതിന് പകരം അവധി നല്‍കാനുമുളള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

പോര്‍ച്ചുഗലിലെ പണപ്പെരുപ്പം കണക്കിലെടുത്ത് നിലവിലെ വേതനം വര്‍ധിപ്പിക്കണമെന്നും പ്രതിമാസം കുറഞ്ഞ ശമ്പളം 1,050 യൂറോ ആക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി ഗ്രൂപ്പായ സി.ജി.ടി.പിയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. തൊഴിലാളികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കുക, മാന്യമായ വേതനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതോടെ തൊഴിലാളികളെ പിരിച്ചുവിടുന്നത് എളുപ്പമാവുമെന്നും ഓവര്‍ടൈം ആനുകൂല്യങ്ങള്‍ കുറയുമെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നു.

കഴിഞ്ഞ മാസങ്ങളില്‍ പോര്‍ച്ചുഗലില്‍ നടന്ന വലിയ പണിമുടക്കുകള്‍ക്ക് ശേഷമാണ് പുതിയ പ്രതിഷേധം നടക്കുന്നത്. ഗതാഗതം, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ മേഖലകളെ ഇത് ബാധിച്ചിട്ടുണ്ട്.

എന്നാല്‍ രാജ്യത്തെ ഉത്പാദന ക്ഷമത കൂട്ടാന്‍ ഈ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുടെ വാദം.

നിയമനിര്‍മാണ സഭയില്‍ പരിഷ്‌ക്കരണങ്ങള്‍ വോട്ടിനിടുന്നതിന് മുന്നോടിയായി കൂടുതല്‍ കടുത്ത സമര മുറകളിലേക്ക് നീങ്ങാനാണ് യൂണിയനുകളുടെ തീരുമാനം.

Content Highlight: Protest against the Portuguese government’s labor reform; Tens of thousands take to the streets in Lisbon

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.