മലയാളത്തിലെ ആ സിനിമക്കായി 1984 ലെ ഒരു പാന്‍ ഇന്ത്യന്‍ പ്രൊമോഷന്‍; പ്രേം നസീറിനൊപ്പം അമിതാഭ് ബച്ചനും, ചിരഞ്ജീവിയും, രജിനികാന്തും
Malayalam Cinema
മലയാളത്തിലെ ആ സിനിമക്കായി 1984 ലെ ഒരു പാന്‍ ഇന്ത്യന്‍ പ്രൊമോഷന്‍; പ്രേം നസീറിനൊപ്പം അമിതാഭ് ബച്ചനും, ചിരഞ്ജീവിയും, രജിനികാന്തും
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 20th January 2026, 9:20 pm

ഭാഷാവ്യത്യാസമില്ലാതെ രാജ്യത്ത് ഇപ്പോള്‍ ബിഗ് ബഡ്ജറ്റിലെത്തുന്ന ചിത്രങ്ങളെല്ലാം പാന്‍ ഇന്ത്യന്‍ ടാഗ് ലൈനില്‍ പുറത്തിറക്കുന്ന സ്ഥിതിവിശേഷത്തിനാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാഹുബലിക്ക് ശേഷം ഇന്‍ഡസ്ട്രികളുടെ അതിര്‍വരമ്പുകളില്ലാതെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. Photo:

 

ഇതോടെ സ്വന്തം ഭാഷയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നായകനടന്മാരും നടിമാരും വലിയ തോതില്‍ അന്യഭാഷ ചിത്രങ്ങളുടെ ഭാഗമായിരുന്നു. ബോളിവുഡിലെ അതികായന്മാരായ പലരും തമിഴ് തെലുങ്ക് ചിത്രങ്ങളുടെ ഭാഗമാകുന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് മലയാള ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ പ്രൊമോഷനായി ഇന്ത്യന്‍ സിനിമയിലെ വമ്പന്മാര്‍ പലരും അണിനിരന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ സിനിമയിലെ ആദ്യ 3 ഡി ചിത്രമായ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മറ്റ് ഇന്‍ഡസ്ട്രികളിലും പരിചയപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സിനിമകളിലെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചന്‍, രജിനികാന്ത്, ചിരഞ്ജീവി, തുടങ്ങിയവര്‍ മലയാളത്തിലെ അതുല്ല്യ നടനായ പ്രേം നസീറിനൊപ്പമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

പ്രേക്ഷകര്‍ക്കായി ചിത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രേം നസീര്‍ സംസാരിച്ച് കൊണ്ട് ആരംഭിക്കുന്ന വീഡിയോയില്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ സംരംഭത്തിന് അഭിനന്ദനമറിയിച്ച് കൊണ്ടാണ് താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതത് ഭാഷയില്‍ സംസാരിക്കുന്ന ഇവര്‍ തൊട്ടടുത്തുള്ള തിയേറ്ററില്‍ ചെന്ന് ചിത്രം കാണണമെന്നും ത്രീ ഡി ചിത്രമായതിനാല്‍ പ്രത്യേക കണ്ണട ധരിച്ച് വേണം ചിത്രം കാണേണ്ടതെന്നും പറയുന്നത് കാണാം.

ചിരഞ്ജീവി. Photo: Video master/ youtube.com

സിനിമാ മേഖലക്ക് പുറത്ത് ചിത്രം കാണാനായി എത്തിയ അന്നത്തെ കേരള മുഖ്യമന്ത്രി കെ.കരുണാകരനെയും മറ്റ് രാഷ്ട്രീയക്കാരെയും വീഡിയോയില്‍ കാണാം. ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഏത് സിനിമക്കും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത പാന്‍ ഇന്ത്യന്‍ പ്രൊമോഷനാണ് 1984 ല്‍ പുറത്തിറങ്ങിയ മലയാള സിനിമ സ്വന്തമാക്കിയത്.

കാഴ്ച്ചക്കാര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ ചിത്രം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി വന്‍ വിജയം നേടിയിരുന്നു. തുടര്‍ന്ന് ചിത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് ഛോട്ടാ ചേതന്‍ എന്ന പേരില്‍ ഹിന്ദിയില്‍ റീ-റിലീസ് ചെയ്തിരുന്നു. മികച്ച ബാലചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം നിര്‍മിച്ചത് നവോദയ അപ്പച്ചനായിരുന്നു.

Content Highlight: Promotion Video of My dear kuttichathan released in 1984 featuring Amitabh bachan rajinikanth chiranjeevi and prem naseer going viral again

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.