| Friday, 7th March 2025, 12:07 pm

തിയേറ്ററില്‍ പരാജയപ്പെട്ടിട്ടും ആ സിനിമയ്ക്ക് ഒ.ടി.ടിയില്‍ നിന്ന് നല്ല തുക കിട്ടി : വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ വിജയിക്കാതിരുന്നിട്ടും ഒ.ടി.ടിയില്‍ നിന്ന് നല്ല തുക കിട്ടിയ തന്റെ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി.

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ചാവേറിനെ കുറിച്ചാണ് വേണു കുന്നപ്പിള്ളി സംസാരിച്ചത്.

കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ ഒന്നിച്ചെത്തിയ സിനിമ തിയേറ്റില്‍ പരാജയപ്പെടുകയായിരുന്നു.

പക്ഷേ ചിത്രം തിയേറ്ററില്‍ വര്‍ക്കായില്ലെങ്കിലും അന്ന് ഒ.ടി.ടി വഴി നല്ല ബിസിനസ് നടന്നിരുന്നെന്നും തിയേറ്റര്‍ റിലീസിന് മുന്‍പേ ഒ.ടി.ടിയില്‍ കരാര്‍ ആയിരുന്നെന്നും വേണു കുന്നപ്പിള്ളി പറയുന്നു.

‘ചാവേര്‍ തിയേറ്ററില്‍ ഭയങ്കരമായി വര്‍ക്കാകാതിരുന്ന സിനിമയാണ്. പക്ഷേ നമുക്ക് അങ്ങനെ നഷ്ടമൊന്നും വന്നില്ല. അത്യാവശ്യം ലാഭം കിട്ടിയ സിനിമയാണ്.

അന്ന് ഒ.ടി.ടിയില്‍ നല്ല ബിസിനസ് ഉണ്ടായിരുന്നു. 2018 ഉം മാളികപ്പുറവും ഹിറ്റായതുകൊണ്ട് അതേ ടീം തന്നെ ചാവേര്‍ നേരത്തെ വാങ്ങിയിട്ടുണ്ടായിരുന്നു.

സിനിമയിലെ ചില ആര്‍ടിസ്റ്റുകളുടെ രാഷ്ട്രീയം, പിന്നെ സിനിമയുടെ മൊത്തം രാഷ്ട്രീയം ഇതൊക്കെ സിനിമയെ ബാധിച്ചിട്ടുണ്ട്. ആദ്യ ഷോ മുതല്‍ തന്നെ മോശം സിനിമയാണെന്നൊരു അഭിപ്രായം വന്നു.

ഒരു കഥയുമില്ലെന്നൊക്കെ പറഞ്ഞ് ഭയങ്കരമായി ആളുകള്‍ നെഗറ്റീവ് പറഞ്ഞിരുന്നു. ഇവിടെ ആദ്യത്തെ രണ്ട് ഷോയില്‍ ആള്‍ക്കാര്‍ കൈവിട്ടു കഴിഞ്ഞാല്‍ സിനിമയുടെ കഥ കഴിഞ്ഞു. പിന്നെ അതിനെ എത്ര പൊക്കിക്കൊണ്ടുവരാന്‍ നോക്കിയാലും നടക്കില്ല.

അതാണ് മലയാള സിനിമയുടെ സ്വഭാവം. ഡീഗ്രേഡിങ് എന്ന് പറയാന്‍ പറ്റില്ല. ആളുകള്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ വന്നില്ല. എന്നെ സംബന്ധിച്ച് അത് നല്ല സിനിമയാണ്.

നിങ്ങള്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയാണ് എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. നല്ല ബഡ്ജറ്റില്‍ ചെയ്ത സിനിമയായിരുന്നു. പക്ഷേ ആള്‍ക്കാരുടെ പ്രതീക്ഷയ്‌ക്കൊത്ത് സിനിമ വന്നില്ല. ആളുകള്‍ കയറാന്‍ ഒരു ചാന്‍സ് കൊടുത്തില്ല. അതിന് മുന്‍പ് തന്നെ അതിനെ വലിച്ച് താഴേക്കിട്ടു.

എനിക്ക് തോന്നുന്നത് ഇതില്‍ രാഷ്ട്രീയത്തിന്റെ കുറച്ച് സംഗതിയുണ്ടെന്നാണ്. ചിലരുടെ രാഷ്ട്രീയത്തിന് എതിരാണ്. അവരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത് എന്നതൊക്കെ വന്നതുകൊണ്ടായിരിക്കാം.

പിന്നെ ഓരോ സിനിമകള്‍ക്കും ഓരോ വിധിയുണ്ട്. ആഴ്ചയില്‍ പത്ത് സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിനൊക്കെ ഓരോ വിധിയുണ്ട്. അതുകൊണ്ടാണല്ലോ വരുന്ന പോലെ തന്നെ പോകുന്നത്.

വിജയിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ വരുന്നവരുണ്ട്. പക്ഷേ ചാവേര്‍ അങ്ങനെ ഒരു സിനിമ ആയിരുന്നില്ല,’ വേണു കുന്നപ്പിള്ളി പറയുന്നു.

Content Highlight: Producer Venu Kunnappilly about Chaver Movie

Latest Stories

We use cookies to give you the best possible experience. Learn more