| Tuesday, 11th March 2025, 8:34 am

ആല്‍മരത്തിന്റെ കൊമ്പിലിരുന്നുകൊണ്ടാണ് ശശി സാര്‍ ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്: നിര്‍മാതാവ് വി.ബി.കെ. മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് ഐ.വി. ശശി. ഉത്സവം എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശി തന്റെ സംവിധാനജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 110ഓളം സിനിമകള്‍ അണിയിച്ചൊരുക്കാന്‍ ഐ.വി. ശശിക്ക് സാധിച്ചു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ഡം നേടിയ ആദ്യ സംവിധായകനെന്ന് ഐ.വി. ശശിയെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത് 1993ല്‍ റിലീസായ ചിത്രമായിരുന്നു ദേവാസുരം. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഐക്കോണിക് കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം ആരാധകരുടെ ഫേവറെറ്റാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവ് വി.ബി.കെ മേനോന്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ആദ്യം ഷൂട്ട് ചെയ്തതെന്ന് മേനോന്‍ പറഞ്ഞു. മോഹന്‍ലാലും നെപ്പോളിയനും ഉത്സവപ്പറമ്പില്‍ ആളുകളുടെ മുന്നില്‍ വെച്ച് നടത്തുന്ന ഫൈറ്റ് രണ്ട് ദിവസം കൊണ്ടാണ് ചിത്രീകരിച്ചതെന്നും മേനോന്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കിട്ടുമോ എന്ന് അന്വേഷിച്ചെന്നും ഒടുവില്‍ ഷൂട്ട് തുടങ്ങുന്ന സമയത്ത് അവിടെ ജനസാഗരം രൂപപ്പെട്ടെന്നും വി.ബി.കെ. മേനോന്‍ പറഞ്ഞു.

അത്രയും വലിയ ക്രൗഡിനെ കണ്‍ട്രോള്‍ ചെയ്യാന്‍ വെറും രണ്ട് പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് കണ്ട് തനിക്ക് ടെന്‍ഷനായെന്നും മേനോന്‍ പറഞ്ഞു. എന്നാല്‍ ആ ജനക്കൂട്ടത്തിനിടയില്‍ നിന്ന് മോഹന്‍ലാലും നെപ്പോളിയനും ഫൈറ്റ് ചെയ്‌തെന്നും ഐ.വി. ശശിയെ ആ പരിസരത്ത് കണ്ടില്ലായിരുന്നെന്നും മേനോന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നോക്കിയപ്പോള്‍ ആല്‍മരത്തിന്റെ കൊമ്പിലിരുന്നുകൊണ്ടാണ് അദ്ദേഹം ഷൂട്ട് ചെയ്തതെന്നും വി.ബി.കെ മേനോന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു വി.ബി.കെ. മേനോന്‍.

‘ദേവാസുരത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റാണ് ശശിയേട്ടന്‍ ആദ്യം ഷൂട്ട് ചെയ്തത്. അത് തീര്‍ത്താല്‍ പിന്നെ വലിയ സീനുകള്‍ ഒന്നും ഇല്ല. അങ്ങനെ അവിടെയുള്ള ഒരു അമ്പലത്തില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഉത്സവത്തിന്റെ സീനായതിനാല്‍ കുറച്ച് നാട്ടുകാരെ കിട്ടുമോ എന്ന് അന്വേഷിച്ചു. വൈകിട്ടാണ് ഷൂട്ട് തുടങ്ങുന്നത്. ആ സമയമായപ്പോഴേക്ക് അമ്പലത്തിന്റെ ചുറ്റും ഒരു ജനസാഗരം ഉണ്ടായി.

അതിന്റെ ഇടയില്‍ വെച്ച് ഷൂട്ട് ചെയ്യുക എന്നത് നടക്കില്ലെന്ന് തോന്നി. ആ ക്രൗഡിനെ കണ്‍ട്രോള്‍ ചെയ്യാന്‍ ആകെ രണ്ട് പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ട് ചിലപ്പോള്‍ മാത്രമേ നടക്കൂ എന്ന് ആലോചിച്ച് എനിക്ക് ടെന്‍ഷനായി. ഞാന്‍ ആ അമ്പലത്തിന്റെ ഊട്ടുപുരയിലിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഷൂട്ടിന്റെ ശബ്ദം കേട്ടു.

നോക്കുമ്പോള്‍ ആ ആള്‍ക്കൂട്ടത്തിന്റെ നടുക്ക് നിന്ന് മോഹന്‍ലാലും നെപ്പോളിയനും കൂടി ഫൈറ്റ് ചെയ്യുന്നു. ആളുകള്‍ അത് കണ്ടുകൊണ്ടിരിക്കുകയാണ്. ശശിയേട്ടനെ അവിടെയൊന്നും കണ്ടില്ല. ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ ഒരു ആല്‍മരത്തിന്റ കൊമ്പിലിരുന്ന് ശശിയേട്ടന്‍ ആ ഫൈറ്റ് ഷൂട്ട് ചെയ്യുകയാണ്. അത്രമാത്രം ലെജന്‍ഡാണ് അദ്ദേഹം,’ വി.ബി.കെ മേനോന്‍.

Content Highlight: Producer VBK Menon shares the shooting experience of Devasuram movie

Latest Stories

We use cookies to give you the best possible experience. Learn more