ഹൈപ്പില്ലെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഗസ്റ്റ് റോളിലുണ്ടെന്ന് അടിച്ചിറക്കിയാല്‍ മതി, കാട്ടാളന്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിന് വിമര്‍ശനം
Malayalam Cinema
ഹൈപ്പില്ലെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഗസ്റ്റ് റോളിലുണ്ടെന്ന് അടിച്ചിറക്കിയാല്‍ മതി, കാട്ടാളന്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിന് വിമര്‍ശനം
അമര്‍നാഥ് എം.
Friday, 29th May 2026, 12:47 pm

നായകന്റെയും സംവിധായകന്റെയും പേരുകള്‍ നോക്കി ടിക്കറ്റെടുത്തിരുന്ന പ്രേക്ഷകരെക്കൊണ്ട് പ്രൊഡക്ഷന്‍ ഹൗസിന്റെയും പേര് നോക്കാന്‍ പ്രേരിപ്പിച്ച നിര്‍മാണക്കമ്പനിയാണ് ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സ്. മാര്‍ക്കോ എന്ന ഒരൊറ്റ ചിത്രം കൊണ്ടാണ് അവര്‍ ഈ നേട്ടത്തിലെത്തിയത്. എന്താണോ സിനിമയിലുള്ളത് അതിനെ കൃത്യമായി മാര്‍ക്കറ്റ് ചെയ്തുകൊണ്ടാണ് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പ്രൊമോഷന്‍ നടത്തുന്നത്.

എന്നാല്‍ രണ്ടാമത്തെ ചിത്രമായ കാട്ടാളന്‍ ഷെരീഫിന് വലിയ വിമര്‍ശനമാണ് നല്‍കുന്നത്. വന്‍ ബജറ്റിലും പ്രൊമോഷനിലും ഒരുങ്ങിയ ചിത്രം പ്രേക്ഷരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. യാതൊരു തരത്തിലും എന്‍ഗേജ് ചെയ്യിക്കാത്ത ചിത്രമെന്നാണ് പലരും കാട്ടാളനെ വിശേഷിപ്പിക്കുന്നത്. നിര്‍മാതാവ് വിമര്‍ശനം കേള്‍ക്കുന്നത് മറ്റൊരു കാര്യത്തിനും കൂടിയാണ്.

ഷെരീഫ് മുഹമ്മദ് Photo: Screen grab/ Silly Monks Mollywood

റിലീസിന് ഒരുദിവസം ബാക്കിയുള്ളപ്പോള്‍ പുറത്തുവിട്ട പോസ്റ്ററില്‍ വലിയൊരു സര്‍പ്രൈസ് കാട്ടാളനില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. പല വമ്പന്‍ താരങ്ങളുടെയും പേര് കാമിയോയായി ഉയര്‍ന്നുകേട്ടു. എന്നാല്‍ എല്ലാവരെയും നിരാശരാക്കിക്കൊണ്ട് ലോകേഷിനെയാണ് സംവിധായകന്‍ കൊണ്ടുവന്നത്. കാട്ടാളന്റെ എന്‍ഡ് ക്രെഡിറ്റിനും വിമര്‍ശനങ്ങളുണ്ട്.

മാര്‍ക്കോയുടെ തുടര്‍ച്ചയായ ലോര്‍ഡ് മാര്‍ക്കോയുടെ എ.ഐ ഗ്ലിംപ്‌സാണ് എന്‍ഡ് ക്രെഡിറ്റില്‍ നല്‍കിയിരിക്കുന്നത്. മാര്‍ക്കോയെക്കാള്‍ അപകടകാരിയാണ് ലോര്‍ഡ് മാര്‍ക്കോയെന്ന് ഈ ഗ്ലിംപ്‌സിലൂടെ പറയുന്നുണ്ട്. ലോര്‍ഡ് മാര്‍ക്കോ എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ L, M എന്നീ അക്ഷരങ്ങള്‍ക്ക് കുറച്ചധികം പ്രാധാന്യം നല്‍കിയിട്ടുമുണ്ട്.

മലയാളത്തിലെ ബിഗ് എംസായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു ടൈറ്റിലെന്ന് പലരും അഭിപ്രായപ്പെടുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെ കൂടെ നിര്‍ത്താനുള്ള പ്രൊമോഷന്‍ പരിപാടിയാണ് ഇതെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. സിനിമക്ക് റീച്ച് കിട്ടാന്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത് നിര്‍ത്തിക്കൂടെ എന്നാണ് പലരും ചോദിക്കുന്നത്.

പ്രൊമോഷന് വേണ്ടി ഇത്തരം ട്രിക്കുകള്‍ പ്രയോഗിക്കുന്നതിന് പകരം നല്ല സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുത്തുകൂടെയെന്നും ചോദ്യങ്ങളുണ്ട്. ഗംഭീരമായ ടെക്‌നിക്കല്‍ ക്രൂ ഉണ്ടായിരുന്നിട്ടും കാട്ടാളന്‍ അസഹനീയമായ സിനിമാനുഭവമായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു. മമ്മൂട്ടിയുമായി കൈകോര്‍ക്കുന്ന പ്രൊജക്ടില്‍ ഷെരീഫ് നിരാശപ്പെടുത്തില്ലെന്നാണ് സിനിമാപേജുകള്‍ കരുതുന്നത്.

Content Highlight: Producer Shareef Muhammed getting criticisms for his promotion tricks

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം