| Wednesday, 19th March 2025, 5:19 pm

100 കോടി ക്ലബ്ബിൽ കയറി എന്ന് പറയുന്നതിൽ നേട്ടം അവർക്ക് മാത്രമാണ്: സന്തോഷ് ദാമോദരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള ചലച്ചിത്ര നിർമാതാവാണ് സന്തോഷ് ദാമോദരൻ. പകൽപൂരം, കുരുക്ഷേത്ര, ചന്ദ്രോത്സവം എന്നീ ചിത്രങ്ങൾ നിർമിച്ചത് സന്തോഷാണ്. ഇപ്പോൾ സിനിമയുടെ സാമ്പത്തിക നഷ്ടത്തിനെക്കുറിച്ചുള്ള കണക്കുകൾ പബ്ലിക്കിനെ അറിയിക്കേണ്ടതില്ലെന്നും വിറ്റുവരവ് നമ്മുടെ മാത്രം കാര്യമാണെന്നും പറയുകയാണ് സന്തോഷ് ദാമോദരൻ.

100 കോടി കിട്ടി എന്ന് പരസ്യം ചെയ്യുന്നത് കൊണ്ടുള്ള നേട്ടം കിട്ടുന്നത് നടൻമാർക്കും ടെക്നീഷ്യൻമാർക്കുമാണെന്നും സന്തോഷ് പറയുന്നു. 100 കോടിയിൽ പ്രൊഡ്യൂസർക്ക് എത്ര കിട്ടി എന്ന് പ്രൊഡ്യൂസർക്ക് മാത്രമാണ് അറിയുന്നതെന്നും, 100 കോടിയിൽ എല്ലാം കഴിഞ്ഞ് പ്രൊഡ്യൂസർക്ക് കിട്ടുന്നത് കൂടിപ്പോയാൽ 40 കോടി മാത്രമാണെന്നും സന്തോഷ് പറയുന്നു.

പോപെഡോം ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്.

‘സിനിമയുടെ വിറ്റുവരവിനെപ്പറ്റി പബ്ലിക്കിനെ അറിയിക്കേണ്ട കാര്യമില്ല. വിറ്റുവരവ് നമ്മുടെ മാത്രം കാര്യമാണ്. ഇത് ശരിക്കും ജനങ്ങളെ അറിയിക്കാൻ പാടില്ല. 100 കോടി ലഭിച്ചു എന്ന് പറയുന്നതിൻ്റെ നേട്ടം അതിൻ്റെ നടൻമാ‍ർക്കോ അല്ലെങ്കിൽ ടെക്നീഷ്യൻമാ‍‍ർക്കോ മാത്രമാണ്. അവരുടെ സിനിമ 100 കോടി ക്ലബിൽ കയറി അടുത്ത സിനിമയ്ക്ക് അവർക്ക് ശമ്പളം കൂട്ടാം. നടൻമാ‍ർക്കോ അല്ലെങ്കിൽ ടെക്നീഷ്യൻമാ‍‍ർക്കോ മാത്രമാണ് ഇതുകൊണ്ട് ​ഗുണമുള്ളു.

ഈ 100 കോടിയിൽ എത്ര പ്രൊഡ്യൂസ‍ർക്ക് കിട്ടി എന്നുള്ളത് പ്രൊഡ്യൂസർക്ക് മാത്രമേ അ‌റിയൂ. 100 കോടി വന്നാൽ തന്നെയും ഒരു പ്രൊഡ്യൂസറുടെ കയ്യിൽ വരുന്നത് ഏറിയാൽ ഒരു 40 കോടി രൂപയുടെ വരുമാനം മാത്രമാണ് ലഭിക്കുകയുള്ളു. അതുകൊണ്ട് വരവ് ചെലവ് കണക്കുകൾ നോക്കി ‌പബ്ലിഷ് ചെയ്യണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് ശുദ്ധ അബന്ധമാണ് കാണിക്കുന്നത്.

വിറ്റുവരവ് ജനങ്ങളെ അറിയിച്ചിട്ടെന്താണ് കാര്യം. അതൊരു അസോസിയേഷന്റെ മീറ്റിങ് വിളിച്ചുകൂട്ടി, ജനറൽ ബോഡി വിളിച്ചുകൂട്ടി പറയേണ്ട കാര്യമാണ്,’ സന്തോഷ് ദാമോദരൻ പറയുന്നു.

Content Highlight: Producer Santhosh damodharan says about Movie Collections

We use cookies to give you the best possible experience. Learn more