| Saturday, 3rd May 2025, 9:34 am

ആ ഭാഗം പാളിയാല്‍ ആളുകള്‍ കൂവുമെന്ന് ഉറപ്പായിരുന്നു; അതൊരു പരീക്ഷണമായിരുന്നു: രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ രജപുത്ര രഞ്ജിത്.

കെ.ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നെഴുതിയ തിരക്കഥയെ കുറിച്ചും അതിലെ ചില പരീക്ഷണങ്ങളെ കുറിച്ചുമൊക്കെയാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമഖത്തില്‍ രഞ്ജിത് സംസാരിക്കുന്നത്.

തുടരും എന്ന സിനിമയുടെ ആദ്യഭാഗവും ഇന്റര്‍വെല്ലിന് ശേഷമുള്ള കുറച്ച് പോര്‍ഷനും സുനിലിന്റെ കഥയില്‍ മനോഹരമായി തന്നെയുണ്ടായിരുന്നെന്നും അതിന് ശേഷമുള്ള ഭാഗങ്ങളെല്ലാം തരുണിന്റെ കോണ്‍ട്രിബ്യൂഷനാണെന്നും രഞ്ജിത് പറയുന്നു.

‘കഥാഗതിയില്‍, ഇതിന്റെ ഇന്റര്‍വെല്ലിന് ശേഷവും അതിന് ശേഷമുള്ള കുറച്ച് പോര്‍ഷനും വരെയുള്ളത് വളരെ പെര്‍ഫെക്ട് ആയിട്ട് സുനിലിന്റെ കഥയിലുണ്ട്. പക്ഷേ അതിന് ശേഷമുള്ള ട്രീറ്റ്‌മെന്റ് തരുണിന്റെ കോണ്‍ട്രിബ്യൂഷനാണ്. അത് സിനിമയുടെ സസ്‌പെന്‍സ് ആയതുകൊണ്ടാണ് ഞാന്‍ പറയാത്തത്.

ആ കോണ്‍ട്രിബ്യൂഷന്‍കൂടി വന്നപ്പോള്‍ നമുക്ക് ഭയങ്കര ഇഷ്ടമായി. അതില്‍ പക്ഷേ ഭയങ്കരമൊരു പരീക്ഷണമുണ്ട്. അത് പാളിയാല്‍ ആളുകള്‍ കൂവും. പക്ഷേ പാളുമെന്ന് വിശ്വസിക്കാതെ ഇത് ശരിയാകുമെന്ന വിശ്വാസത്തോടെ ഒന്നിച്ചുനിന്നവരാണ് നമ്മള്‍ എല്ലാവരും.

അത് ആ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ആരൊക്കെ മാറിയാലും ആന്റണിയും ലാലേട്ടനും ഒരുമിച്ച് നിന്നു. അതിലുപരി സുനില്‍. എത്ര പേര്‍ ഇത് നടക്കാതെ പോകുമ്പോള്‍ സുനിലിനെ വിളിച്ചുവെന്ന് അറിയുമോ. പലര്‍ക്കും ഇതിന്റെ കഥയറിയാം. പക്ഷേ അവിടെയൊക്കെ ഈ മൂന്ന് പേര്‍  നിന്ന നില്‍പ്പുണ്ട്. ഇത് സിനിമയാക്കിയിട്ടേ പോകൂ എന്ന രീതിയില്‍.

12 വര്‍ഷമായിട്ടും ഇത് നടക്കാതെ വന്നപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. എന്തുകൊണ്ട് ഇത്രയും നല്ല കഥ കയ്യിലുണ്ടായിട്ടും നടക്കുന്നില്ലെന്ന തോന്നല്‍.

പലപ്പോഴും പല സംവിധായകരും വന്നിട്ട് തടസമുണ്ടാകുക. അപ്പോഴൊക്കെ സുനില്‍ എന്നെ ഫോണ്‍ ചെയ്യും. രഞ്ജിത്തേട്ടാ എന്തായി എന്ന് ചോദിക്കും. ആ ഫോണ്‍ കോളിലാണ് എനിക്ക് സങ്കടം വരുന്നത്.

അയാളൊരു നല്ല കഥ കൊണ്ടു തന്നിട്ട് ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടം. ചില കല്യാണങ്ങള്‍ക്കൊക്കെ കാണുമ്പോള്‍ ചേട്ടന്‍(മോഹന്‍ലാല്‍) പറഞ്ഞിട്ടുണ്ട് ദേ ഈ രഞ്ജിത് ഒരു നല്ല കഥ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ അത് നടന്നിട്ടില്ല എന്ന്.

എല്ലാവര്‍ക്കും അറിയാം ഇത് നല്ലതാണെന്ന് പക്ഷേ ശരിയാകുന്നില്ല. അവിടേക്കാണ് തരുണ്‍ മൂര്‍ത്തി വന്നത്. പിന്നെ കാര്യങ്ങള്‍ ഭയങ്കര സ്പീഡായി. അത് തരുണ്‍ മൂര്‍ത്തിയുടെ യോഗം ആണ്.

ചേട്ടന്‍ അങ്ങനെ ഫുള്‍ സ്‌ക്രിപ്റ്റ് വായിക്കുന്ന ആളല്ല. വായിച്ചു കേട്ടാലും പിന്നീട് അഭിനയിക്കുന്ന സമയത്ത് അത് വാങ്ങി വായിക്കുന്ന ആളാണ്. എന്തുകൊണ്ടോ എനിക്കും തരുണിനും ഇതിന്റെ ഒരു കോപ്പി ചേട്ടന് കൊടുക്കണമെന്ന് തോന്നി.

തരുണാണ് എന്നോട് പറഞ്ഞത്. രണ്ട് കോപ്പി എടുത്തിട്ട് ഇതില്‍ ഒന്ന് ലാല്‍ സാറിന് കൊടുക്കണേ എന്ന് പറഞ്ഞു. ഞാന്‍ കൊടുത്തപ്പോള്‍ നമ്മള്‍ കേട്ടതല്ലേ എന്ന് ചോദിച്ചു.

ചേട്ടന്‍ ചുമ്മാ വായിക്കൂ എന്ന് പറഞ്ഞു. ചേട്ടന്‍ അത് വായിച്ചിട്ട് എന്നെ വിളിച്ചു. ഞാന്‍ കേട്ടതിനേക്കാള്‍ കൂടുതല്‍ എനിക്ക് വിഷ്വലൈസ് ചെയ്യാന്‍ പറ്റിയെന്നും ക്യാരക്ടര്‍ മനസില്‍ കയറിക്കിടക്കുകയാണെന്നും പറഞ്ഞു. നമ്മള്‍ എന്ത് ഷൂട്ട് ചെയ്യാന്‍ പോകുമ്പോഴും ഒന്നും പറയണ്ട. ആ കഥാപാത്രത്തിന്റെ ഓരോ ചെറിയ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം,’ രഞ്ജിത് പറയുന്നു.

Content Highlight: Producer Renjith Rajaputhra about an Experiment scene on Thudarum Movie

We use cookies to give you the best possible experience. Learn more