| Monday, 19th May 2025, 12:35 pm

ദൃശ്യം സിനിമയുമായി തുടരുമിനുള്ള സാമ്യം; ജീത്തു ജോസഫ് എന്നെ വിളിച്ചിട്ടില്ല: രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ഗംഭീര വിജയം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

റിലീസിന് പിന്നാലെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുമായി തുടരുമിനുള്ള സാദൃശ്യം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കുടുംബത്തെ പൊലീസ് വേട്ടയാടുന്നതും കുടുംബത്തിന് വേണ്ടിയുള്ള ഒരച്ഛന്റെ സഹനവുമൊക്കെയായിരുന്നു ഇത്തരമൊരു സാമ്യത പലര്‍ക്കും തോന്നാനുള്ള കാരണം.

അത്തരത്തില്‍ ദൃശ്യം സിനിമയുമായി തുടരുമിനുള്ള സാമ്യതയെ കുറിച്ച് മറുപടി പറയുകയാണ് നിര്‍മാതാവ് രഞ്ജിത്.

അത്തരമൊരു സാമ്യത ചിലര്‍ പറയുന്നത് കേട്ടെന്നും അതിനൊരു കാരണമുണ്ടെന്നും രഞ്ജിത് പറയുന്നു. ഒപ്പം ജീത്തുജോസഫ് വിളിച്ചിരുന്നോ എന്ന ചോദ്യത്തിനും രഞ്ജിത് മറുപടി പറയുന്നുണ്ട്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്.

‘ ജീത്തു ജോസഫ് തുടരും കണ്ടിട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. കാരണം കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും എന്നെ വിളിച്ചേനെ. ഇതുവരെ എന്നെ വിളിച്ചിട്ടില്ല. അതുകൊണ്ട് സിനിമ കണ്ടിരിക്കാന്‍ സാധ്യതയില്ല. കണ്ടിട്ടില്ലെന്ന് തന്നെയാണ് തോന്നുന്നത്.

പിന്നെ ഫാമിലി എന്ന് പറയുന്ന ഒരു എലമെന്റ് മാത്രമേ രണ്ട് സിനിമയിലും ഒരേ പോലെ ഉള്ളൂ. അത്തരം കഥകള്‍ പണ്ടു തൊട്ടേ ഒരുപാട് വന്നിട്ടുള്ളതാണ്. പിന്നെ ഇതിനെയാക്കെ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നതിലാണല്ലോ കാര്യം,’ രഞ്ജിത് പറയുന്നു.

സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ കുറിച്ചും രഞ്ജിത് അഭിമുഖത്തില്‍ സംസാരിച്ചു.

ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയതിനേക്കാള്‍ വലിയ സന്തോഷത്തിലാണ് ഇപ്പോള്‍ തരുണ്‍. കാരണം ഒരു നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ മൂന്നോ നാലോ ദിവസം അഭിനന്ദന കോളുകള്‍ വരും. അത് നില്‍ക്കും.

ഇത് എനിക്ക് ഫോണ്‍ എടുക്കാനേ പറ്റുന്നില്ല എന്നാണ് തരുണ്‍ പറയുന്നത്. അത്രയേറെ കോളുകളാണ്. ഒരുപാട് സന്തോഷത്തിലാണ് അദ്ദേഹം.

ചെറിയ പ്രായത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ ഉണ്ടാക്കുക. അത് ഇത്രമാത്രം പ്രകീര്‍ത്തിക്കപ്പെടുക. അതൊക്കെ ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്,’ രഞ്ജിത് പറഞ്ഞു.

Content Highlight: Producer Renjith about Thudarum Movie Similarities with Drishyam

We use cookies to give you the best possible experience. Learn more