| Friday, 2nd May 2025, 7:37 pm

ഇത് കുറച്ച് ഹെവിയാണ്, അദ്ദേഹത്തിന് പറ്റുമോ എന്ന് ലാലേട്ടന്‍ ചോദിച്ചു; ധൈര്യമില്ലെന്നായിരുന്നു മറുപടി: രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

12 വര്‍ഷം മുന്‍പാണ് തുടരും എന്ന സിനിമയുടെ കഥ താന്‍ ആദ്യമായി കേട്ടതെന്ന് നിര്‍മാതാവ് രഞ്ജിത്. കഥ കേട്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നും എന്തു സംഭവിച്ചാലും ഇത് സിനിമയാക്കണമെന്ന് ഉറപ്പിച്ചിരുന്നെന്നും രഞ്ജിത് പറയുന്നു.

സ്പിരിറ്റിന്റെ ലൊക്കേഷനിലാണ് തുടരുമിന്റ കഥ ലാലേട്ടന്‍ കേട്ടതെന്നും ആ സെക്കന്റില്‍ തന്നെ ഈ സിനിമ നമ്മള്‍ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞെന്നും രഞ്ജിത് പറയുന്നു. എങ്കിലും ഒരാശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും രഞ്ജിത് പറയുന്നു. കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.ആര്‍ സുനില്‍ വലിയൊരു ആളാണെന്ന് സുനിലിനും അറിയില്ല, ഇവിടെയുള്ള പലര്‍ക്കും അറിയില്ല. അദ്ദേഹം അത്രയും എളിമയുള്ള ആളാണ്. ഒരു ദിവസം സുനിലും ആര്‍ട് ഡയറക്ടര്‍ ഗോകുല്‍ദാസും ചേര്‍ന്നാണ് എന്നെ കാണാന്‍ വന്നത്.

ഗോകുല്‍ദാസ് സംവിധാനം ചെയ്യുക എന്ന നിലയിലാണ് അദ്ദേഹം സുനിലിനേയും വിളിച്ച് വന്നത്. വളരെ ചെറിയ സിനിമ, ചെറിയ ആരെയെങ്കിലും വെച്ച് ചെയ്യാവുന്ന സിനിമയായിട്ടാണ് കണ്ടത്.

സുനില്‍ ഈ കഥ പറയാന്‍ തുടങ്ങി. കഥ പറഞ്ഞ് പറഞ്ഞ് വന്ന് ഒരു പോയിന്റില്‍ എത്തിയപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത രീതിയില്‍ കഥ ട്വിസ്റ്റായി.

അവിടെ നിന്ന് ഇന്ററസ്റ്റിങ് ആയി പോകുകയാണ്. ഈ സിനിമ ഞാന്‍ എന്തായാലും ചെയ്യുമെന്ന്  പറഞ്ഞു.  ചെയ്യുകയാണെങ്കില്‍ എന്റെ മനസില്‍ ഒരാളേയുള്ളൂ. ലാലേട്ടന്‍. കാരണം ലാലേട്ടനല്ലാതെ വേറെ ഒരാളെ വെച്ച് ഈ സിനിമ ചെയ്യാന്‍ പറ്റില്ല.

അതിഭീകരമായി പെര്‍ഫോം ചെയ്യണം. എല്ലാമുണ്ട് അതില്‍. അപ്പോള്‍ തന്നെ സുനിലും ഗോകുലും അയ്യോ, ലാലേട്ടന്‍ നമ്മുടെ കഥ കേള്‍ക്കുമോ, അദ്ദേഹം ചെയ്യുമോ എന്ന് ചോദിച്ചു.

അങ്ങനെയാണ് ലാലേട്ടന്റെ അടുത്തേക്ക് ഈ കഥയുമായി പോകുന്നത്. സുനിലാണ് കഥ പറയുന്നത്. ആന്റണിയും ലാലേട്ടനും ഉണ്ട്. സ്പിരിറ്റിന്റെ ലൊക്കേഷനിലാണ്. അപ്പോള്‍ തന്നെ അദ്ദേഹം ഈ സിനിമ നമ്മള്‍ 100 ശതമാനം ചെയ്യുമെന്ന് പറഞ്ഞു.

ഗോകുലിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇത് കുറച്ച് ഹെവിയാണെന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്. അദ്ദേഹത്തിന് വേറെ സിനിമ നമ്മള്‍ ചെയ്തുകൊടുക്കണമെങ്കില്‍ രഞ്ജിത് പറഞ്ഞോളൂ. പക്ഷേ ഇതൊരു ഹെവി സിനിമയാണ്. എക്‌സ്പീരിയന്‍സ് കുറച്ചധികം വേണ്ട കാര്യമാണ്, അദ്ദേഹത്തോട് ഒന്ന് ചോദിച്ചു നോക്കൂ എന്ന് പറഞ്ഞു.

ഞാനിത് വെറുതെ ചോദിച്ചപ്പോള്‍ ഗോകുല്‍ പറഞ്ഞു, ചേട്ടാ ഞാനിത് അങ്ങോട്ട് പറയാന്‍ ഇരിക്കുകയായിരുന്നു, ലാല്‍ സാറിനെ വെച്ച് ചെയ്യാനുള്ള ധൈര്യം എനിക്കില്ല. എനിക്ക് ഈ സിനിമ സിനിമയായി കണ്ടാല്‍ മതി. എന്റെ സുഹൃത്ത് സുനിലിന്റെ ഈ കഥ മികച്ച ഒരു സിനിമയാകണം.

അതും ലാലേട്ടന്‍ ചെയ്യാമെന്ന് പറയുമ്പോള്‍ വേറെ ഒരു കാര്യവും ആലോചിക്കേണ്ട എന്ന് പറഞ്ഞ ഗംഭീര മനുഷ്യനാണ് ഈ ഗോകുല്‍ദാസ്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്,’ രഞ്ജിത് പറഞ്ഞു.

Content Highlight: Producer Renjith about Mohanlal and Thudarum Movie and Gokuldas

We use cookies to give you the best possible experience. Learn more