| Wednesday, 7th May 2025, 11:02 am

ശോഭനയെ ആലോചിക്കുന്നതിന് മുമ്പ് തരുണ്‍ ഒറ്റ കാര്യമാണ് പറഞ്ഞത്, ഉടനെ ഞാന്‍ വിളിച്ചു: നിര്‍മാതാവ് രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

കെ.ആര്‍. സുനിലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ഷാജി കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഇപ്പോള്‍ തുടരും സിനിമയിലേക്ക് ശോഭനയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്. താന്‍ ശോഭനയെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് ജ്യോതിക ഉള്‍പ്പെടെ പലരെയും ആലോചിച്ചിരുന്നെന്നും അപ്പോഴൊന്നും ശോഭനയിലേക്ക് തങ്ങള്‍ എത്തിയിരുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു.

പിന്നീട് എപ്പോഴൊക്കെയോ ആയിട്ട് തരുണും ശോഭനയുടെ പേര് പറയാറുണ്ടായിരുന്നുവെന്നും അങ്ങനെയാണ് താന്‍ അവരെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശോഭന വളരെ തിരക്കുള്ള ആളാണെന്നും ഇത്രയും വലിയ സിനിമയ്ക്കായി അവര്‍ വരുമോ എന്നുള്ളതില്‍ സംശയമായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശോഭനക്ക് മുമ്പ് നമ്മള്‍ പലരെയും ആലോചിച്ചു. ഒരു സ്ഥിരം കോമ്പിനേഷന്‍ വേണ്ട പിന്നെ ഇത്രയും കുട്ടികളുടെ അമ്മയാകണം. അത് ഒട്ടുമുക്കാല്‍ പേരും ആകില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ പലതും വെച്ചിട്ടാണ് നമ്മള്‍ കാസ്റ്റിങ് വിളിക്കുന്നത്. ജ്യോതിക പോലുള്ള ഒരുപാട് ആളുകളെ നോക്കിയതാണ്. ആ സമയത്തൊന്നും ശോഭനയിലേക്ക് നമ്മള്‍ എത്തിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ തിരക്കുമ്പോള്‍ പോലും ശോഭന ശോഭന എന്ന് തരുണ്‍ പറയുന്നുണ്ടായിരുന്നു. സുനിലും പറയുന്നുണ്ടായിരുന്നു.

ശോഭനയെ കുറിച്ച് എല്ലാവര്‍ക്കും അറിയില്ല, ഒരുപാട് പ്രോഗ്രാംസും മറ്റ് ഡാന്‍സ് ക്ലാസുമൊക്കെയായി കലക്ക് വേണ്ടി ജീവിതം അര്‍പ്പിച്ചിട്ടുള്ള ഒരാളാണ് ശോഭന. അപ്പോള്‍ അവര്‍ വെറുതെ ഇരിക്കുകയല്ല. ഭയങ്കര ബിസിയാണ്. അത്തരമൊരാള്‍ ഇത്രയും വലിയൊരു സിനിമയിലേക്ക് വരുമോ എന്നുളളതില്‍ സംശയമുണ്ടായിരുന്നു. പിന്നെ ഒരു കാര്യം രണ്ട് തരത്തില്‍ ഷൂട്ട് ചെയ്യണം. മഴ ഉള്ള കാലവും ഷൂട്ട് ചെയ്യണം, മഴയില്ലാത്ത കാലം ഷൂട്ട് ചെയ്യണം. അതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട്. ചേട്ടനൊന്ന് ചോദിച്ച് നോക്കൂ, നിങ്ങള്‍ തമ്മില്‍ അടുപ്പമുള്ളതല്ലേ എന്ന് തരുണ്‍ ചോദിച്ചു അപ്പോള്‍ തന്നെ ഞാന്‍ ശോഭനയെ വിളിച്ചു,’ രഞ്ജിത്ത് പറയുന്നു.

Content Highlight: Producer Ranjith talks about casting Shobhana in the film.

We use cookies to give you the best possible experience. Learn more