| Friday, 9th May 2025, 11:48 am

തുടരും ചെയ്യാനാകാതെ ഞാന്‍ മരിച്ചിരുന്നെങ്കില്‍ ഏറ്റവും ഭാഗ്യംകെട്ട പ്രൊഡ്യൂസറായി ഞാന്‍ മാറിയേനെ: രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തെ കുറിച്ചും വര്‍ഷങ്ങളായി താന്‍ മനസില്‍ ഇട്ട് കൊണ്ടുനടന്നിരുന്ന ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് രഞ്ജിത്.

തുടരും പോലൊരു സിനിമ നിര്‍മിക്കാന്‍ കഴിയാതെ താന്‍ മരിച്ചുപോയിരുന്നെങ്കില്‍ ഏറ്റവും ഭാഗ്യംകെട്ട പ്രൊഡ്യൂസറായി താന്‍ മാറിയേനെ എന്ന് രഞ്ജിത്ത് പറഞ്ഞു. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇന്നുവരെ നമ്മള്‍ ശ്രദ്ധിച്ചാല്‍ അറിയാം കിരിടം നമ്മുടെ മനസില്‍ നിന്ന് മായാതെ കിടക്കുന്ന സിനിമയാണ്. ദേവാസുരം മായാതെ കിടക്കുന്ന പടമാണ്. അതുപോലെ തന്നെ തന്മാത്ര നമ്മുടെ മനസില്‍ നിന്ന് മായില്ല.

ഇമോഷന്‍ ചെയ്തിട്ടുള്ള ചേട്ടന്റെ പടങ്ങളൊന്നും മനസില്‍ നിന്നും മായില്ല. അതുപോലെ ഇതും മറക്കാനാകാത്ത ഒരു കഥാപാത്രമായി മാറണമെന്ന് ആഗ്രഹിച്ചിരുന്നു.

ഞാന്‍ ഇതില്‍ എന്തുമാത്രം സ്വപ്‌നം കണ്ടിട്ടുണ്ടെന്ന് അറിയുമോ. ചേട്ടന്‍ ഇങ്ങനെ അഭിനയിക്കുന്നത്, ചേട്ടനെ ഇങ്ങനെ കാണുന്നത് എല്ലാം. ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ പറ്റാതെ മരിച്ചാല്‍ ഏറ്റവും ഭാഗ്യമില്ലാത്ത ഒരു പ്രൊഡ്യൂസറായി ഞാന്‍ മാറിയേനെ.

കാരണം എന്റെ മനസ് നിറയെ ഇതായിരുന്നു. എങ്ങനെയെങ്കിലും ഇതൊന്ന് സിനിമയായി കാണണമെന്ന് അത്രയും ആഗ്രഹിച്ചിരുന്നു. അത് കണ്ടപ്പോള്‍ നമ്മുടെ മനസ് നിറഞ്ഞു.

തീര്‍ച്ചയായും ഈ സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ ഭാഗ്യമില്ലാത്ത ആളായിപ്പോകുമായിരുന്ന. ഒരു നല്ല കഥ വന്നിട്ട് അതിന് വേണ്ടി എത്ര വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ആ പരിശ്രമം തന്നെയാണ് ആ സിനിമ.

മോഹന്‍ലാല്‍ എന്ന നടന്റെ ഇമോഷണല്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ നമ്മള്‍ കരഞ്ഞു പോകും. അതുവരെ അവിടെ പേപ്പറൊക്കെ വായിച്ച് തമാശയൊക്കെ പറഞ്ഞിരിക്കന്ന ആള് ഒറ്റയടിക്ക് കഥാപാത്രമായി മാറുകയല്ലേ.

എനിക്ക് അങ്ങനെയൊരു പെര്‍ഫോമന്‍സൊന്നും ഇനി ജീവിതത്തില്‍ കാണാന്‍ പറ്റില്ല. ചില ആക്ടേഴ്‌സ് ഗ്ലിസറിനൊക്കെ ചോദിക്കും. ഇത് അതൊന്നും അല്ല. ആ കഥാപാത്രമായി അങ്ങ് മാറുകയാണ്.

ഞാന്‍ പറയാതെ നിങ്ങള്‍ കട്ട് പറയരുതെന്ന് ചേട്ടന്‍ പലപ്പോഴും പറയാറുണ്ട്. നിങ്ങള്‍ക്ക് വേണ്ടത് എടുത്താല്‍ മതി. പക്ഷേ എന്നെ പെര്‍ഫോം ചെയ്യാന്‍ അനുവദിക്കണമെന്ന് പറയുമായിരുന്നു.

ബാത്ത് റൂം സിനിലൊക്കെ എന്താണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഞാന്‍ ഷൂട്ടിലും റെക്കോഡിങ്ങിലുമൊക്കെ ഇതെല്ലാം കണ്ടാല്‍ കരയും. ലാലേട്ടനയും മമ്മൂക്കയും കരയുമ്പോള്‍ മലയാളികള്‍ കരയും. നൂറ് ശതമാനം അങ്ങനെയാണ്. മലയാളികള്‍ അത്രമാത്രം ഇവരെ സ്‌നേഹിക്കുന്നുണ്ട്,’ രഞ്ജിത് പറഞ്ഞു.

Content Highlight: Producer Ranjith about Thudarum Movie and Mohanlal Perfomance

Latest Stories

We use cookies to give you the best possible experience. Learn more