തുടരും എന്ന ചിത്രത്തില്‍ എസ്.ഐ ജോര്‍ജ് എന്ന കഥാപാത്രത്തെ മറ്റൊരാളെ വെച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അവിസ്മരണീയമാക്കിയ വ്യക്തിയാണ് പരസ്യസംവിധായകനായ പ്രകാശ് വര്‍മ.
മോഹന്‍ലാല്‍ എന്ന നടന് ഒത്ത ഒരു വില്ലന്‍ തന്നെയായിരുന്നു ചിത്രത്തില്‍ എസ്.ഐ ജോര്‍ജ്. ആദ്യ സിനിമയാണെന്ന് ഒരാള്‍ക്കും തോന്നാത്ത വിധത്തില്‍ അത്രയേറെ ആ കഥാപാത്രത്തെ ഗംഭീരമാക്കാന്‍ പ്രകാശ് വര്‍മക്കായി.
പ്രകാശ് വര്‍മയുടെ ഓഫീസില്‍ ചെന്ന് അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം ഒരു ഓഡിഷന്‍ വീഡിയോ എടുത്തതിനെ കുറിച്ചും അത് കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കമന്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് രഞ്ജിത്.
‘ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു കമ്പനി നടത്തുന്ന ആളാണ് ഇദ്ദേഹം. സുനിലാണ് പ്രകാശ് വര്‍മയെ ഇതിലേക്ക് കൊണ്ടുവരുന്നത്. പ്രകാശ് വര്‍മയുമായി എടുത്ത ചില ഫോട്ടോസ് സുനിലാണ് ഞങ്ങള്‍ക്ക് കാണിച്ചു തരുന്നത്.
ഇങ്ങനെ ഒരു മുഖമുണ്ട്. ഇയാള്‍ ജോര്‍ജാകാന്‍ പറ്റുമോ എന്ന് ചോദിച്ചു. താടിയൊക്കെ വെച്ച ഒരാളാണ്. പക്ഷേ ഫേസ് കാണുമ്പോള്‍ ഉഗ്രനാണ്. ഉടനെ തന്നെ തരുണ്‍ ചേട്ടാ ഇത് നല്ലൊരു പരീക്ഷണമാണ്. നമുക്ക് ഇദ്ദേഹത്തെ ഒന്ന് കിട്ടുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു.
സുനില്‍ പ്രകാശിനെ വിളിച്ചു. അങ്ങനെ തരുണുമായൊക്കെ സംസാരിച്ചു. പക്ഷേ അദ്ദേഹത്തിന് വേറേയും ഒരുപാട് കമ്മിറ്റ്‌മെന്റുകള്‍ ഉണ്ട്.
പിന്നെ വീണ്ടും ഇങ്ങനെ വിളിച്ചപ്പോള്‍ പുള്ളിപറഞ്ഞു, ഞാന്‍ ഇത് ഇങ്ങനെ പറയുന്നതിന്റെ കാര്യം ഇത് മോഹന്‍ലാല്‍ സിനിമയാണ്.
ഇത് രജപുത്ര പോലൊരു കമ്പനിയുടെ പടമാണ്. ശോഭന അഭിനയിക്കുന്നു. തരുണിനെ പോലെ വലിയ ഡയറക്ടറാണ്. ഞാന്‍ വന്നിട്ട് വില്ലന്‍ പതറിയാല്‍ പടം പൊളിഞ്ഞുപോകും.
ഞാന്‍ അഭിനയിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. അതുകൊണ്ട് നിങ്ങള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ബോംബേയിലേക്ക് വന്നിട്ട് എന്റെ ഓഫീസില്‍ തന്നെ ഒരു സീന്‍ ഫോണില്‍ ഷൂട്ട് ചെയ്യൂ എന്ന് പറഞ്ഞു.
അങ്ങനെ തരുണും സുനിലും അവിടെ ചെന്നു. അവിടെ ഷൂട്ട് ചെയ്ത് പത്ത് മിനുട്ടിനുള്ളില്‍ തരുണ്‍ എന്നെ വിളിച്ചു. ചേട്ടാ ഒന്നും നോക്കാനില്ല ജോര്‍ജിനെ കിട്ടി. ഗംഭീരപെര്‍ഫോമന്‍സാണ് എന്ന് പറഞ്ഞു.
ഒന്ന് എഡിറ്റ് ചെയ്തിട്ട് ചേട്ടന് അയച്ചുതരാമെന്നും പറഞ്ഞു. അങ്ങനെ വാട്‌സ് ആപ്പില്‍ വീഡിയോ അയച്ചുതന്നു. ഇത് കണ്ട് തരുണിനോട് മറുപടി പറയുന്നതിന് മുന്‍പ് ഞാന്‍ ലാലേട്ടന് അയച്ചു.
ചേട്ടന്‍ ഉടനെ എന്നെ വിളിച്ചു. ഇത് നമ്മുടെ പ്രകാശ് വര്‍മയല്ലേ. എന്തോന്നിയാള്‍ പെര്‍ഫോം ചെയ്യുന്നത്. ഗംഭീരമായിരിക്കുന്നല്ലോ എന്ന് പറഞ്ഞു.
ഞാന്‍ ഉടനെ തരുണിനെ വിളിച്ചു. ഞാനും കണ്ടും ലാലേട്ടനും അയച്ചു. ഇനി ഒന്നും ആലോചിക്കണ്ട എന്ന് പറഞ്ഞു. ഇദ്ദേഹത്തെ കണ്ടുപിടിച്ചതില്‍ എല്ലാ ക്രഡിറ്റും സുനിലിനാണ്.
അദ്ദേഹം ഇത് പറഞ്ഞില്ലെങ്കില്‍ നമ്മള്‍ ഇതിലേക്ക് എത്തുമോ. മലയാള സിനിമയ്ക്ക് എത്ര വലിയ ആളെയാണ് കിട്ടിയത്,’ രഞ്ജിത് പറയുന്നു.
C0ntent Highlight: Producer Ranjith about Mohanlal comment after watching Prakash Varmas Performance