| Saturday, 3rd May 2025, 11:09 am

'പ്രൊഡ്യൂസര്‍ക്ക് നല്ല നഷ്ടം വരും', അംബാനിയുടെ പ്രോഗ്രാം വരെ ബുക്കിങ് ആണ്; ആലോചിച്ചിട്ട് മതിയെന്ന് ശോഭന: രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയിലേക്ക് നടി ശോഭന എത്തിയതിനെ കുറിച്ചും ജോലിയോടുള്ള അവരുടെ ഡെഡിക്കേഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ രജപുത്ര രഞ്ജിത്.

തുടക്കം മുതലേ നായികയായി തരുണ്‍ മനസില്‍ കണ്ടിരുന്നത് ശോഭനയെ ആയിരുന്നെന്ന് രഞ്ജിത് പറയുന്നു. എങ്കിലും ശോഭനയെ കിട്ടുക അത്ര എളുപ്പമായിരുന്നില്ലെന്നും അവരുമായുള്ള ആദ്യ സംസാരത്തില്‍ തന്നെ തനിക്കത് മനസിലായിരുന്നെന്നും രഞ്ജിത് പറയുന്നു.

അംബാനിയുടേത് ഉള്‍പ്പെടെ നിരവധി പ്രോഗ്രാമുകള്‍ അവര്‍ കമ്മിറ്റ് ചെയ്തിരുന്നെന്നും രഞ്ജിത് പറയുന്നു.

‘ തുടക്കം മുതലേ നമുക്ക് ശോഭന ആയാലോ, ശോഭന ആയാലോ എന്ന് തരുണും സുനിലും ചോദിക്കാറുണ്ട്. ശോഭനയുടെ കാര്യം എനിക്കറിയാം. അവര്‍ക്ക് ഒരുപാട് പ്രോഗ്രാമും കാര്യങ്ങളും ഉണ്ട്.

മദ്രാസ് വിട്ട് വരാന്‍ പറ്റാത്ത അവസ്ഥയിലാണ് അവര്‍ വരനെ ആവശ്യമുണ്ട് കമ്മിറ്റ് ചെയ്യുന്നത്. ഇതൊക്കെ അറിയാവുന്നതുകൊണ്ടും ഈ ഡേറ്റ് മാനേജ് ചെയ്യാന്‍ പറ്റുമോ എന്ന് അറിയാത്തതുകൊണ്ടുമുള്ള ഒരു പ്രശ്‌നമുണ്ട്.

എനിക്കും ചിപ്പിക്കും വളരെ അടുപ്പവും പരിചയവും അവരുമായി ഉണ്ട്. അങ്ങനെ ഞാന്‍ അവരെ വിളിച്ചു. എന്നെ ജീ എന്നാ വിളിക്കുന്നത്. ജീ, പ്രശ്‌നമൊന്നും ഇല്ല. പക്ഷേ ഒരുപാട് പ്രോഗ്രാമുകള്‍ ഈ സമയത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു.

മോഹന്‍ലാലിനെ പോലുള്ള ഒരാളെ ഇങ്ങനെ ഇരുത്തിയിട്ട് ഞാന്‍ ഇങ്ങനെ പ്രോഗ്രാമിനായി പോകുന്നത് ശരിയാകുമോ, ആദ്യം നിര്‍മാതാവ് തീരുമാനിക്കണം നല്ല നഷ്ടം വരുമെന്ന് പറഞ്ഞു.

എല്ലാം തുറന്നു പറയുന്ന ഒരാളാണ്. നല്ല നഷ്ടം വരും. എനിക്ക് ഇടയില്‍ ഇടയില്‍ മദ്രാസില്‍ പോയി പ്രോഗ്രാം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അംബാനിയുടെ പ്രോഗ്രാം എല്ലാം ഉണ്ട്. ഇതെല്ലാം ഷൂട്ടിങ്ങിന്റെ ഇടയിലാണ്.

വളരെ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് നമുക്ക് ഒന്ന് ആലോചിച്ചിട്ട് തീരുമാനിച്ചാലോ എന്ന് ചോദിച്ചു. ആലോചിക്കുന്നതിന് മുന്‍പ് ഇതിന്റെ കഥയൊന്ന് കേള്‍ക്ക് എന്ന് പറഞ്ഞു.

അത് കേട്ടുകഴിയുമ്പോള്‍ ഇത് ആലോചിക്കാമെന്ന് തോന്നും എന്ന് പറഞ്ഞു. അത് ശരിയാണ്. എങ്കിലും എന്നെ മാനേജ് ചെയ്ത് തരണം. കംഫര്‍ട്ടബിളായി കൊണ്ടുപോയി തരണമെന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ തരുണിനോട് വിളിക്കാന്‍ പറയാമെന്ന് പറഞ്ഞു. അങ്ങനെ ഒരു രാവിലെ അവര്‍ തരുണിനെ വിളിച്ച് വീഡിയോകോളില്‍ കഥ കേട്ടു.

അങ്ങനെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു. കഥ കൊള്ളാം. നമ്മള്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചു. ഒരു കാര്യം ചെയ്യ് നിങ്ങള്‍ ആ ഡേറ്റുകള്‍ എനിക്ക് അയച്ചു താ. അതിന് അനുസരിച്ച് ഞാന്‍ തരുണിനോട് പറയാമെന്ന് പറഞ്ഞു.

ബിനു പപ്പു നല്ല ചാര്‍ട്ടിങ് ആണ്. അത് അനുസരിച്ച് ചാര്‍ട്ട് ചെയ്യാം. അതിന് അനുസരിച്ച് ഞാന്‍ ചേട്ടനോട് പറഞ്ഞോളാം എന്ന് പറഞ്ഞു. അങ്ങനെയാണ് അവര്‍ കമ്മിറ്റ് ചെയ്തതും വന്ന് അഭിനയിക്കുന്നതും. അത് ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യമായി മാറി.

ഇവിടെ പല ആളുകള്‍ക്കും ഇല്ലാത്ത പ്രത്യേകത ശോഭനയ്ക്കുണ്ട്. ഇപ്പോഴും 8 മണിക്ക് ഷൂട്ട് വെച്ചിരിക്കുകയാണെങ്കില്‍ 7 മണിക്ക് കൗണ്ടറില്‍ വന്ന് നില്‍ക്കും. ഞാന്‍ റെഡി എന്ന് പറഞ്ഞിട്ട്.

സിനിമയില്‍ കോസ്റ്റിയൂം മാറാനും മറ്റുമായി കാരവാനിലേക്ക് പോയി, അതൊന്നുമല്ല. ആ വീടാണെങ്കില്‍ ഞാന്‍ അവിടെ വരെ നടന്ന് എന്തിനാ പോകുന്നത് ഒരു സാരി ഇങ്ങ് കൊണ്ടുവാ എന്ന് പറയും. എല്ലാം തുറന്നുപറയുന്ന വളരെ നല്ലൊരു വ്യക്തി, മലയാള സിനിമയ്ക്ക് ഒരു അസ്റ്റ് തന്നെയാണ് ശോഭന,’ രഞ്ജിത് പറയുന്നു.

Content Highlight: Producer Rajaputhra Renjith about Shobhana and her Dedication

We use cookies to give you the best possible experience. Learn more