നിവിന്‍ അത്ര സേഫല്ല, പ്രൊജക്ട് ചെയ്യണോ എന്ന് ഒരുപാട് പേര്‍ ചോദിച്ചു; സര്‍വ്വം മായ നിര്‍മാതാവ് രാജീവ് മേനോന്‍
Malayalam Cinema
നിവിന്‍ അത്ര സേഫല്ല, പ്രൊജക്ട് ചെയ്യണോ എന്ന് ഒരുപാട് പേര്‍ ചോദിച്ചു; സര്‍വ്വം മായ നിര്‍മാതാവ് രാജീവ് മേനോന്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 3rd January 2026, 10:16 am

ലോ ഹൈപ്പില്‍ എത്തി വമ്പന്‍ ഹൈപ്പിലെത്തിയ പടങ്ങളെയെല്ലാം സൈഡാക്കി കൊണ്ട് മികച്ച മുന്നേറ്റം തുടരുകയാണ് നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ. ഫയര്‍ ഫ്‌ളൈസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച ചിത്രം ഇതിനോടകം 75 കോടിയും കഴിഞ്ഞ് ജൈത്രയാത്ര തുടരുകയാണ്.

ചിത്രത്തിലെ ഒരു ടീസര്‍ പുറത്തുവിട്ടതൊഴിച്ചാല്‍ മറ്റു കാര്യമായ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ഒരിടവേളക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചു വരവിനും സര്‍വ്വം മായയിലൂടെ മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നു.

രാജീവ് മേനോന്‍. Photo: screen grab/ Empire talks/ Youtube.com

2019 ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം കേരള ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ നിവിന്‍ പോളിക്ക് ആയിരുന്നില്ല. പിന്നീട് ഇറങ്ങിയ സിനിമകളെല്ലാം തുടരെ പരാജയപ്പെട്ട സാഹചര്യത്തിലും താരത്തെ വിശ്വസിച്ച് സര്‍വ്വം മായ ചെയ്തതിനെക്കുറിച്ച് പറയുകയാണ് നിര്‍മാതാവായ രാജീവ് മേനോന്‍.

‘സിനിമയെ പറ്റി ചര്‍ച്ച ചെയ്ത് തുടങ്ങിയ സമയം മുതല്‍ക്ക് തന്നെ നമ്മുടെ പല സുഹൃത്തുക്കളും വിളിച്ച് ചോദിച്ചത് നിവിന്‍ പോളിയെക്കുറിച്ചാണ്. ഇന്‍ഡസ്ട്രിയുടെ പുറത്തു നിന്നും വിളിച്ചവര്‍ പോലും പറഞ്ഞത് നിവിന്‍ പോളി ഇപ്പോള്‍ അത്ര സക്‌സസ്ഫുള്‍ ആയിട്ടല്ല പോകുന്നത് ഒന്നു കൂടെ ആലോചിക്കണം എന്നായിരുന്നു.

പക്ഷേ നിവിന്‍ എന്നയാള്‍ മോശം നടനല്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എന്തോ ചില കാരണങ്ങള്‍ കൊണ്ടോ ദൗര്‍ഭാഗ്യം കൊണ്ടോ ചില സിനിമകള്‍ നന്നായില്ല, അത്രയേ ഉള്ളൂ. സര്‍വ്വം മായയിലേതു പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിവിന്‍ മാത്രമേ ഇവിടെയുള്ളൂ അദ്ദേഹത്തിലെ നടന്‍ ഒരിക്കലും മോശമായിട്ടില്ല,’ രാജീവ് പറയുന്നു.

അന്നത്തെ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോയിട്ടില്ലെന്നും സിനിമയുടെ വിജയം എല്ലാവര്‍ക്കുമുള്ള മറുപടിയാണെന്നും നിര്‍മാതാവ് പറഞ്ഞു. അഖില്‍ സത്യന്‍ എന്ന സംവിധായകനെ വിശ്വസിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും റിയ ഷിബുവിന്റെതടക്കം ഓരോ കാസ്റ്റിങ്ങും അത്ര ശ്രദ്ധിച്ചാണ് അഖില്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പേരു കേട്ട റൊമാന്‍സ് കോമഡി ഴോണറിലേക്കുള്ള തിരിച്ചുവരവാണ് ചിത്രം. താരത്തിനൊപ്പമുള്ള അജു വര്‍ഗീസിന്റെ കോമ്പിനേഷന്‍ സീനുകള്‍ കൂടിയായപ്പോള്‍ ചിത്രം അടുത്ത ലെവലിലേക്ക് മാറുകയായിരുന്നു. ഇത്തവണത്തെ ദൈര്‍ഘ്യമേറിയ ക്രിസ്മസ് അവധി ചിത്രത്തിന് ഗുണകരമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.

പാച്ചുവും അത്ഭുത വിളക്കിനും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മധു വാര്യര്‍, അരുണ്‍ അജികുമാര്‍, ജനാര്‍ദ്ദനന്‍, അല്‍ത്താഫ് സലീം, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: Producer of Sarvam Maya about casting Nivin

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.