| Wednesday, 7th May 2025, 6:58 pm

ഈ സിനിമ ലാലേട്ടനല്ലാതെ വേറാര് ചെയ്താലും ശരിയാകില്ലെന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്: നിര്‍മാതാവ് എം. രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ആദ്യ ദിനം തൊട്ട് ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്ന ചിത്രം 150 കോടിക്കുമുകളില്‍ കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. തുടര്‍ച്ചയായി 10 ദിവസം കേരളത്തില്‍ നിന്ന് ആറ് കോടിക്ക് മുകളില്‍ സ്വന്തമാക്കിയ ചിത്രം ഇനിയും പല റെക്കോഡുകളും തകര്‍ക്കുമെന്ന് ഉറപ്പാണ്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ആരംഭത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് എം. രഞ്ജിത്. മോഹന്‍ലാല്ലാതെ മറ്റൊരു നടനെ ഈ സിനിമയില്‍ തനിക്ക് ആലോചിക്കാന്‍ സാധിക്കില്ലെന്ന് രഞ്ജിത് പറഞ്ഞു. ചിത്രത്തിന്റെ കഥ തന്നോട് ആദ്യം പറഞ്ഞത് തിരക്കഥാകൃത്ത് കെ.ആര്‍. സുനിലായിരുന്നെന്നും വളരെ ചെറിയ ശബ്ദത്തിലാണ് അയാള്‍ കഥ പറഞ്ഞതെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

കഥപറച്ചിലിന്റെ ഒരു ഘട്ടത്തില്‍ താന്‍ അതിലേക്ക് വല്ലാതെ ഇന്‍ ആയെന്നും മറ്റൊന്നും തനിക്ക് ആ സമയത്ത് ആലോചിക്കാന്‍ സാധിച്ചില്ലായിരുന്നെന്നും രഞ്ജിത് പറയുന്നു. കഥ മുഴുവന്‍ കേട്ട ശേഷം ഇത് മോഹന്‍ലാല്ലാതെ മറ്റൊരു നടന്‍ ചെയ്താലും ശരിയാകില്ലെന്ന് താന്‍ പറഞ്ഞെന്നും അങ്ങനെയാണ് ഈ സിനിമയിലേക്ക് മോഹന്‍ലാല്‍ എത്തിയതെന്നും രഞ്ജിത് പറഞ്ഞു.

ഈ കഥ കേട്ടപ്പോള്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും ഇഷ്ടമായെന്നും പിന്നീട് തന്നെ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും രഞ്ജിത് പറഞ്ഞു. ഇത്രയും നല്ലൊരു കഥ താന്‍ ചെയ്യാന്‍ കാരണം മോഹന്‍ലാലാണെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞത് ഇതിന്റെ റൈറ്റര്‍ കെ.ആര്‍. സുനിലാണ്. അദ്ദേഹം വളരെ പതുക്കെയാണ് സംസാരിക്കാറ്. അങ്ങനെ അയാള്‍ കഥ പറഞ്ഞു തുടങ്ങി. ഒരു സ്റ്റേജ് എത്തിയപ്പോള്‍ ഞാന്‍ ഇതിലേക്ക് വല്ലാതെ ഇന്‍ ആയി. അതിലേക്ക് തന്നെ അങ്ങ് ലയിച്ച് ഇരുന്നു. കഥ മുഴുവന്‍ കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത് ‘ഈ കഥ ഞാന്‍ ചെയ്യാം, പക്ഷേ മോഹന്‍ലാല്ലാതെ മറ്റൊരു നടനും ചെയ്താല്‍ ശരിയാകില്ല’ എന്നായിരുന്നു.

കാരണം, ലാലേട്ടന് വേണ്ടി മാത്രമുള്ള കഥയാണെന്ന് എനിക്ക് തോന്നി. ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഇഷ്ടമായെന്ന് ഞാന്‍ അറിഞ്ഞു. ലാലേട്ടനും ആന്റണിക്കും പടം വലിയ ഇഷ്ടമായെന്ന് അറിഞ്ഞു. ലാലേട്ടനില്ലായിരുന്നെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. തുടരും എന്ന സിനിമ ലാലേട്ടന് വേണ്ടി മാത്രമുള്ളതാണ്,’ എം. രഞ്ജിത് പറഞ്ഞു.

Content Highlight: Producer M Ranjith about Thudarum movie and Mohanlal

We use cookies to give you the best possible experience. Learn more