| Saturday, 1st February 2025, 4:24 pm

കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റിന് ഹെലികോപ്റ്ററെടുക്കാമെന്ന് ആദ്യം പറഞ്ഞത് അദ്ദേഹമായിരുന്നു: നിര്‍മാതാവ് കല്ലിയൂര്‍ ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ അനശ്വരനടന്‍ ജയന്‍ അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു കോളിളക്കം. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ജയന് അപകടം സംഭവിച്ചത്. ആക്ഷന്‍ ഹീറോ എന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് അപകടം നേരിട്ടത്. ജയന്‍ മലയാളസിനിമയില്‍ ഉണ്ടാക്കിയ വിടവ് ഇന്നും ഒരു നടനും നികത്താന്‍ സാധിച്ചിട്ടില്ല.

അന്നത്തെ കാലത്ത് ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കോളിളക്കം. ജയന് പുറമെ മധു, സുകുമാരന്‍, കെ.പി. ഉമ്മര്‍, എം.ജി. സോമന്‍, എം.എന്‍. നമ്പ്യാര്‍, ബാലന്‍ കെ. നായര്‍, കെ.ആര്‍. വിജയ, സുമലത തുടങ്ങി വന്‍ താരനിര കോളിളക്കത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കോളിളക്കത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കല്ലിയൂര്‍ ശശി.

ചിത്രത്തിന്റെ കഥയും മറ്റ് കാര്യങ്ങളും ഡിസ്‌കസ് ചെയ്യുമ്പോള്‍ താനും കൂടെ ഉണ്ടായിരുന്നെന്ന് ശശി പറഞ്ഞു. ആ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍ വിജയന്‍ എന്നയാളായിരുന്നെന്നും പില്‍ക്കാലത്ത് അദ്ദേഹം അസോസിയേഷന്റെ പ്രസിഡന്റ് ആയെന്നും ശശി കൂട്ടിച്ചേര്‍ത്തു. ക്ലൈമാക്‌സ് ഫൈറ്റ് എല്ലാം ഷോട്ട് ഡിവിഷന്‍ ചെയ്തത് അദ്ദേഹമായിരുന്നെന്നും ശശി പറഞ്ഞു. ഹെലികോപ്റ്റര്‍ കൊണ്ടുവരാമെന്നുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് വിജയനായിരുന്നെന്നും മലയാളത്തില്‍ അതിന് മുമ്പ് അങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകര്‍ക്ക് അത് പുതിയൊരു അനുഭവമായിരിക്കുമെന്നും താനും മറ്റുള്ളവരും അത് അംഗീകരിച്ചെന്നും ശശി പറഞ്ഞു. മണിക്കൂറിന് വാടക നല്‍കിയാണ് ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയതെന്നും മൂന്ന് ദിവസത്തേക്കാണ് ഹെലികോപ്റ്റര്‍ സീന്‍ പ്ലാന്‍ ചെയ്തതെന്നും ശശി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യദിവസമാണ് അപകടം ഉണ്ടായതെന്നും ശശി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു കല്ലിയൂര്‍ ശശി.

‘കോളിളക്കത്തിന്റെ എല്ലാ ഡിസ്‌കഷനിലും ഞാനും ഉണ്ടായിരുന്നു. അതിന്റെ ഫൈറ്റ്മാസ്റ്ററായിരുന്നത് വിജയനായിരുന്നു. പുള്ളി പിന്നീട് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ അസോസിയേഷന്റെ പ്രസിഡന്റൊക്കെ ആയതാണ്. കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് എല്ലാം കറക്ടായി ഷോട്ട് ഡിവിഷന്‍ ചെയ്ത് വെച്ചത് വിജയനായിരുന്നു. ക്ലൈമാക്‌സിന് വേണ്ടി ഹെലികോപ്റ്റര്‍ കൊണ്ടുവന്നാലോ എന്ന് ചോദിച്ചത് വിജയനായിരുന്നു.

അന്നുവരെ മലയാളത്തില്‍ ഒരൊറ്റ പടത്തിലും ഇങ്ങനെ ഹെലികോപ്റ്റര്‍ കൊണ്ടുവന്നിട്ടില്ലായിരുന്നു. പ്രേക്ഷകര്‍ക്കും അത് പുതിയൊരു അനുഭവമായിരിക്കുമെന്ന് ഞങ്ങള്‍ക്കും തോന്നി. അങ്ങനെയാണ് കോളിളക്കത്തിന് വേണ്ടി ഹെലികോപ്റ്റര്‍ എത്തിച്ചത്. മൂന്ന് ദിവസത്തേക്ക് വേണ്ടിയായിരുന്നു ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത്. മണിക്കൂറിനായിരുന്നു അതിന്റെ വാടക. ജയന് ആക്‌സിഡന്റ് ആയത് ആദ്യത്തെ ദിവസത്തെ ഷൂട്ടിലായിരുന്നു,’ കല്ലിയൂര്‍ ശശി പറഞ്ഞു.

Content Highlight: Producer Kalliyoor Sasi about the climax of Kolilakkam movie

We use cookies to give you the best possible experience. Learn more