| Wednesday, 9th April 2025, 10:19 pm

മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും കൂടെ ആ രണ്ട് നടന്മാരെയും വെച്ച് സച്ചി പ്ലാന്‍ ചെയ്ത സിനിമയായിരുന്നു, ചെയ്യാന്‍ സാധിച്ചില്ല: നിര്‍മാതാവ് ബാദുഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ബാദുഷ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്യാന്‍ ബാദുഷക്ക് സാധിച്ചിട്ടുണ്ട്. 170ലധികം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള ബാദുഷ സിനിമാനിര്‍മാണ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ സച്ചിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാദുഷ.

സച്ചി തിരക്കഥാകൃത്തായ കാലം മുതല്‍ക്കേ അറിയാമായിരുന്നെന്ന് ബാദുഷ പറഞ്ഞു. സച്ചിയുടെ കൂടെ പല സിനിമകളിലും വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ രണ്ടും ഒരുമിച്ച് ഒരു പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചിരുന്നെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു. ഒരുപാട് കഥകള്‍ ആ സമയത്ത് പ്ലാന്‍ ചെയ്തിരുന്നെന്നും അതില്‍ ഒരെണ്ണം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നെന്നും ബാദുഷ പറഞ്ഞു.

മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം ബിജു മേനോന്‍, ആസിഫ് അലി എന്നിവരും ഉള്ള കഥയായിരുന്നു അതെന്നും എങ്ങനെയായാലും ചെയ്ത് തീര്‍ക്കണമെന്ന് തീരുമാനമെടുത്തെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ കഴിഞ്ഞ് വന്നതിന് ശേഷം ആ പ്രൊജക്ട് ഓണ്‍ ചെയ്യാമെന്ന് തീരുമാനിച്ചെന്നും തങ്ങള്‍ തമ്മില്‍ അവസാനമായി സംസാരിച്ചത് അന്നായിരുന്നെന്നും ബാദുഷ പറഞ്ഞു.

പിന്നീട് താന്‍ കേട്ടത് സച്ചിയുടെ മരണവാര്‍ത്തയായിരുന്നെന്നും ആ സമയത്ത് താന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നെന്നും ബാദുഷ പറയുന്നു. സച്ചിയുടെ പങ്കാളി സിജിയാണ് തന്നെ വിളിച്ച് മരണവാര്‍ത്ത അറിയിച്ചതെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു. സച്ചി ചെയ്യാനാഗ്രഹിച്ച ആ പ്രൊജക്ട് ഇനി ആരെങ്കിലും ചെയ്യുമോ എന്നറിയില്ലെന്നും ബാദുഷ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സച്ചി- സേതു ടീം സ്‌ക്രിപ്റ്റ് എഴുതിത്തുടങ്ങിയ കാലം തൊട്ടേ അവരുമായി നല്ല സൗഹൃദമാണ്. സച്ചിയുമായി വളരെ നല്ല ബന്ധമായിരുന്നു. അയാള്‍ പിന്നീട് സംവിധായകനായപ്പോഴും ആ പരിചയം കൂടുതല്‍ ശക്തമായി മുന്നോട്ടുപോയി. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരുന്ന് കഥകള്‍ ഡിസ്‌കസ് ചെയ്യുമായിരുന്നു. അങ്ങനെ ഒരുദിവസം ഞങ്ങള്‍ ഒരു കഥ ഏറെക്കുറെ ഫൈനലൈസ് ചെയ്തു. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോന്‍, ആസിഫ് അലി എന്നിവരെ വെച്ച് ചെയ്യാനായിരുന്നു പ്ലാന്‍.

ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് തുടങ്ങിയ പ്രൊഡക്ഷന്‍ ഹൗസ് അത് നിര്‍മിക്കുമെന്നും ഏതാണ്ട് തീരുമാനമായി. ഓപ്പറേഷനൊക്കെ കഴിഞ്ഞ് വന്നിട്ട് അത് തുടങ്ങാം എന്നായിരുന്നു സച്ചി പറഞ്ഞത്. പിന്നീട് ഞാന്‍ കേട്ടത് സച്ചിയുടെ മരണവാര്‍ത്തയായിരുന്നു. സച്ചിയുടെ വൈഫ് സിജിയാണ് എന്നെ വിളിച്ച് പറഞ്ഞത്. ആ സമയത്ത് ഞാന്‍ ഹോസ്പിറ്റലൈസ്ഡായിരുന്നു. സച്ചിയുടെ ആ ഡ്രീം പ്രൊജക്ട് വേറെ ആരെങ്കിലും ചെയ്യുമോ എന്ന് സംശയമാണ്,’ ബാദുഷ പറഞ്ഞു.

Content Highlight: Producer Badusha about the dream project of Director Sachy

We use cookies to give you the best possible experience. Learn more