| Wednesday, 26th February 2025, 8:51 am

ജയിലറിനൊപ്പം റിലീസ് ചെയ്താലും ആ കൊച്ചു തമിഴ് ചിത്രം വലിയ വിജയം നേടുമെന്ന് ഉറപ്പാണ്: അര്‍ച്ചന കല്പാത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നാണ് എ.ജി.എസ് എന്റര്‍ടൈന്മെന്റ്‌സ്. സന്തോഷ് സുബ്രമണ്യം, തനി ഒരുവന്‍, ബിഗില്‍, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ലവ് ടുഡേ തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് എ.ജി.എസ് ആണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും എ.ജി.എസ് ആണ്.

കഴിഞ്ഞവര്‍ഷം തമിഴില്‍ ഒരുപാട് പ്രശംസ ലഭിച്ച ചിത്രങ്ങളിലൊന്നായ ലബ്ബര്‍ പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് എ.ജി.എസിന്റെ സി.ഇ.ഓ അര്‍ച്ചന കല്പാത്തി. വളരെ മികച്ച സിനിമയാണ് ലബ്ബര്‍ പന്തെന്നും ചെറിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലുമെത്തിയ ചിത്രം വലിയ വിജയമാണ് നേടിയതെന്നും അര്‍ച്ചന കല്പാത്തി പറഞ്ഞു. ആ സിനിമ റിലീസ് ചെയ്ത സമയവും മികച്ചതായിരുന്നെന്നും ആ സമയം സിനിമക്ക് വലിയ ഗുണം ചെയ്‌തെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

ലബ്ബര്‍ പന്ത് എന്ന ചിത്രം ജയിലറിനൊപ്പം റിലീസ് ചെയ്താല്‍ പോലും വലിയ വിജയം സ്വന്തമാക്കുമെന്ന് ഉറപ്പാണെന്നും അര്‍ച്ചന കല്പാത്തി പറയുന്നു. എത്ര നല്ല സിനിമയായാലും പലപ്പോഴും കൊമേഴ്‌സ്യല്‍ വിജയം നേടാന്‍ സാധിക്കില്ലെന്നും എന്നാല്‍ ലബ്ബര്‍ പന്തിന്റെ കാര്യത്തില്‍ അങ്ങനെയാകില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

ലബ്ബര്‍ പന്ത് ഒരു കൊമേഴ്‌സ്യല്‍ സിനിമ തന്നെയാണെന്നും ബജറ്റ് വെച്ച് നോക്കിയാല്‍ അത് ചെറിയ സിനിമയായി തോന്നുമെന്നും അര്‍ച്ചന പറഞ്ഞു. എല്ലാവര്‍ഷവും ലബ്ബര്‍ പന്ത് പോലുള്ള സിനിമകള്‍ തമിഴില്‍ റിലീസാവുകയും വലിയ വിജയം നേടുകയും ചെയ്യാറുണ്ടെന്നും അര്‍ച്ചന കല്പാത്തി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അര്‍ച്ചന കല്പാത്തി.

‘കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകള്‍ ഏതെന്ന് ചോദിച്ചാല്‍ അതിലൊന്ന് ലബ്ബര്‍ പന്തായിരിക്കും. ചെറിയ ബജറ്റും സ്റ്റാര്‍ കാസ്റ്റും കൊണ്ട് ആ സിനിമ നേടിയ റീച്ച് ചെറുതല്ല. 10 കോടിക്കടുത്ത് മാത്രമേ ആ സിനിമക്ക് ചെലവായുള്ളൂ. ആ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണത്തിലൊന്ന് അത് റിലീസ് ചെയ്ത സമയമാണ്. സിനിമയുടെ വിജയത്തെ നല്ല രീതിയല്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ ആ സമയത്തിന് സാധിച്ചിട്ടുണ്ട്.

പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ജയിലറിന്റെ കൂടെ റിലീസ് ചെയ്താല്‍ പോലും ലബ്ബര്‍ പന്തിന് ഇപ്പോള്‍ ഉള്ള അതേ വിജയം തന്നെ കിട്ടുമെന്നുറപ്പാണ്. കാരണം, ആ സിനിമ പറയുന്ന കഥ അത്രമാത്രം മനോഹരമാണ്. ലബ്ബര്‍ പന്ത് ഒരു കൊമേഴ്‌സ്യല്‍ സിനിമ തന്നെയാണ്. പക്ഷേ, ബജറ്റ് വെച്ച് നോക്കിയാല്‍ അതൊരു ചെറിയ പടമായി തോന്നും. എല്ലാവര്‍ഷവും ലബ്ബര്‍ പന്ത് പോലുള്ള കൊച്ച് സിനിമകള്‍ വരാറുള്ളതാണ്. അതെല്ലാം വിജയമാവുകയും ചെയ്യും,’ അര്‍ച്ചന കല്പാത്തി പറഞ്ഞു.

Content Highlight: Producer Archana Kalptahi about the success of Lubber Pandhu movie

Latest Stories

We use cookies to give you the best possible experience. Learn more