ഇസ്താംബൂളിൽ നടന്ന ഫലസ്തീൻ അനുകൂല മാർച്ച്; അഞ്ച് ലക്ഷത്തിലധികം പേർ പങ്കെടുത്തു
Trending
ഇസ്താംബൂളിൽ നടന്ന ഫലസ്തീൻ അനുകൂല മാർച്ച്; അഞ്ച് ലക്ഷത്തിലധികം പേർ പങ്കെടുത്തു
ശ്രീലക്ഷ്മി എ.വി.
Thursday, 1st January 2026, 8:55 pm

ഇസ്താംബൂൾ: പുതുവത്സര ദിനത്തിൽ ഇസ്താംബൂളിൽ നടന്ന ഫലസ്തീൻ അനുകൂല മാർച്ചിൽ അഞ്ച് ലക്ഷത്തിലധികം പേർ പങ്കെടുത്തു.

ഇന്ന് (വ്യാഴം) രാവിലെ നടന്ന റാലി മാനവികത സഖ്യത്തിന്റെയും നാഷണൽ വിൽ പ്ലാറ്റ്ഫോമിന്റെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഇസ്തംബൂളിലെ ഗലാറ്റ പാലത്തിലാണ് ഫലസ്തീൻ അനുകൂലർ ഒത്തുകൂടിയത്.

റാലിയിൽ തുർക്കിഷ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 400ലധികം സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.

‘ഞങ്ങൾ നിശബ്ദരല്ല, ഞങ്ങൾ ഭയപ്പെടില്ല, ഞങ്ങൾ ഫലസ്തീനെ മറക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രകടനം.

തുർക്കിയുടെയും ഫലസ്തീന്റെയും പതാകകൾ ഉയർത്തികൊണ്ട് ഗസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നും റാലിയിൽ പങ്കെടുത്തവർ പറഞ്ഞു.

ഫലസ്തീനുമായുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അയസോഫ്യ ഗ്രാൻഡ് മോസ്‌ക്, സുൽത്താനഹ്മെത്, ഫാത്തിഹ്, സുലൈമാനിയെ, എമിനോനു ന്യൂ മോസ്‌ക് എന്നിവയുൾപ്പെടെ ഇസ്താംബൂളിലുടനീളമുള്ള പ്രധാന പള്ളിമുറ്റങ്ങളിൽ ഒത്തുകൂടി.

ഫലസ്തീനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് തങ്ങൾ പുതുവർഷം ആരംഭിച്ചതെന്ന് തുർക്കിയിലെ യുവ വിദ്യാർത്ഥി സംഘടനയായ TUGVA -യുടെ ഉപദേശക സമിതി അംഗമായ ബിലാൽ എർദോഗൻ പറഞ്ഞു.

‘ഒരു വശത്ത് ഫലസ്തീനിലെ അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. മറുവശത്ത് ഞങ്ങളുടെ രക്തസാക്ഷികളെ അനുസ്മരിക്കുന്നു. 2026 വർഷം നമ്മുടെ മുഴുവൻ രാജ്യത്തിനും അടിച്ചമർത്തപ്പെട്ട ഫലസ്തീനികൾക്കുമെല്ലാം നന്മ കൊണ്ടുവരട്ടെ എന്ന് ഞങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Content Highlight: Pro-Palestinian march held in Istanbul; Over half a million people participated

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.