PRIYANKA CHOPRA | പ്രിയങ്കയുടെ വാടക ഗര്‍ഭത്തില്‍ കമന്റ് ചെയ്യുന്നവരോട്‌ | WomanXplaining
അനുപമ മോഹന്‍

പ്രിയങ്ക ചോപ്ര തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തനിക്കും പാര്‍ട്നറായ നിക്ക് ജോനാസിനും സറഗസി വഴി കുഞ്ഞുണ്ടായ സന്തോഷം പങ്കുവെച്ചു. ഉടനെ, ‘എന്താ ഇവള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ പറ്റില്ലേ?’, ‘ ഇവള്‍ അപ്പോള്‍ മച്ചി ആയിരുന്നോ?’ തുടങ്ങിയ ചീഞ്ഞുനാറിയ കമന്റുകളാണ് മലയാളികളില്‍ കുറേപേര്‍ വാരിവിതറുന്നത്.

Priyanka Chopra’s instagram post on her baby

പ്രിയങ്കക്ക് പ്രസവിക്കാനറിയുമോ ഇല്ലയോ എന്ന കാര്യം മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യം അവര്‍ക്കില്ല. പ്രസവം പോലെ പ്രസവിക്കാതിരിക്കലും ഒരോരുത്തരുടെയും ചോയ്സ് ആണ്. അതവരുടെ സ്വകാര്യമായ കാര്യം മാത്രമാണ്. അതിനിടയില്‍ പോയി പ്രസവിക്കാനറിയുമോ, കുഞ്ഞിന് പാട്ടു പാടി കൊടുക്കാനറിയുമോ, ബേബി പൗഡര്‍ ഇട്ടു കൊടുക്കാനറിയുമോ എന്നൊന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശം ഇല്ല.

സറഗസി അഥവാ വാടക ഗര്‍ഭപാത്രം എന്ന രീതി ഈ രാജ്യത്ത് കുറേ കാലമായി ആളുകള്‍ തുടര്‍ന്നുവരുന്ന ഒരു സമ്പ്രദായമാണ്. ബയോളജിക്കല്‍ ആയ കാരണം മാത്രമല്ല, ഓരോ ദമ്പതികളുടെയും ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങള്‍ മൂലം സറഗസി എന്ന ഓപ്ഷനിലേക്ക് പോകാറുണ്ട്. അത് ആ ദമ്പതികളുടെയും അവര്‍ ആരുമായാണോ ധാരണയിലേര്‍പ്പെടുന്നത് അവരുടെയും മാത്രം കാര്യമാണ്.

ഒരു സ്ത്രീ തന്റെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനും പ്രസവത്തിനുമായി നല്‍കുന്നത് വഴി, കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കോ വ്യക്തികള്‍ക്കോ കുട്ടികളെ ജനിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന രീതി മാത്രമാണ് ഈ പ്രോസസ്.

കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരില്‍ രണ്ടാള്‍ക്കാരുടെയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരാളിന്റെയോ ബീജം മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്, വളര്‍ത്തി പ്രസവ ശേഷം കൈമാറുന്ന രീതിയാണിത്.

എന്നാല്‍ നമ്മുടെ നാട്ടുകാരുടെ പലരുടെയും ചിന്ത പത്തു മാസം ചുമന്ന കണക്കും, പൊക്കിള്‍ക്കൊടി ബന്ധവും പറഞ്ഞാല്‍ മാത്രമെ ഒരു സ്ത്രീക്ക് അമ്മയാവാന്‍ പറ്റൂ എന്നതാണ്. ഒരു വ്യക്തി അയാളുടെ സ്വകാര്യ ജീവിതത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് മാത്രമാണ് കല്യാണവും ഗര്‍ഭധാരണവുമൊക്കെ.

‘ഒരു കുട്ടിയെ പ്രസവിച്ചു തരാന്‍ പോലും കഴിവില്ലാത്ത ഒരുത്തിയെ എന്തിനാ നിക്കി മോനെ നീ കെട്ടിയത്’ എന്ന ചോദിക്കുന്നവരോട് പറയാനുള്ളത്,. പ്രസവിക്കാന്‍ മാത്രമല്ല ആളുകള്‍ വിവാഹം കഴിക്കുന്നത്. ഓരോരുത്തര്‍ക്കും അവനവന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദാമ്പത്യ ജീവിതം കൊണ്ടു പോവാനുള്ള സ്വാതന്ത്ര്യമുണ്ട്.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


content highlights: Priyanka Chopra & Nick Jonas Opting For Surrogacy Receives Hate