| Wednesday, 5th February 2025, 9:29 am

മമ്മൂക്കയുടെയും മണിരത്‌നം സാറിന്റെയും ആ സിനിമകളാണ് എന്റെ കരിയര്‍ ബലപ്പെടുത്തിയത്: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയാമണി. എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. അതിന് മുമ്പ് ഭാരതിരാജയുടെ തമിഴ് ചിത്രമായ കങ്കാലാല്‍ കൈദു സെയ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യം റിലീസ് ചെയ്തത് എവരെ അടഗാഡുവായിരുന്നു.

2004ല്‍ സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും പ്രിയാമണി എത്തി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ നടി അഭിനയിക്കുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തു.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയര്‍ ബലപ്പെടുത്തിയ സിനിമയെ കുറിച്ച് പറയുകയാണ് പ്രിയാമണി. സംവിധായകന്‍ മണിരത്‌നത്തിന്റെ രാവണ്‍, രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ് എന്നീ സിനിമകളാണ് തന്റെ കരിയര്‍ ബലപ്പെടുത്തിയത് എന്നാണ് നടി പറയുന്നത്.

‘മണിരത്‌നം സാറിന്റെ രാവണ്‍, രഞ്ജിത്ത് സാറിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ് ഇവയൊക്കെ എന്റെ കരിയര്‍ ബലപ്പെടുത്തിയ അധ്യായങ്ങളാണ്. സംവിധായകന്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് അല്‍പം പോലും മാറാതെ നില്‍ക്കുമ്പോള്‍ കഥാപാത്രങ്ങള്‍ പൂര്‍ണതയിലെത്തുമെന്നാണ് എന്റെ തിരിച്ചറിവ്. ഡബ്ബിങ്ങിലും വോയിസ് മോഡുലേഷനിലും വരെ ഇക്കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്,’ പ്രിയാമണി പറഞ്ഞു.

ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പരുത്തിവീരന്‍ സിനിമയെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. മുത്തഴക് എന്ന തന്റെ കഥാപാത്രത്തിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനും നിര്‍മാതാവുമായ അമീറിനാണ് എന്നാണ് പ്രിയാമണി പറയുന്നത്.

‘തെലുങ്കിലും കന്നഡയിലും റിലീസായ പത്തിലേറെ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളായ സമയത്താണ് എനിക്ക് പരുത്തിവീരന്‍ എന്ന സിനിമയിലേക്ക് ക്ഷണം കിട്ടിയത്. മുത്തഴക് എന്ന എന്റെ കഥാപാത്രത്തിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനും നിര്‍മാതാവുമായ അമീര്‍ സാറിനാണ്.

അതില്‍ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായിരുന്നു. പ്രിയാമണി എന്നൊരു നടി ദക്ഷിണേന്ത്യയില്‍ ഉണ്ടെന്ന് ബോളിവുഡ് അറിയാന്‍ ആ സിനിമ കാരണമായി. പരുത്തിവീരന് ശേഷം ഞാന്‍ കുറച്ച് കൂടി സെലക്ടീവായി,’ പ്രിയാമണി പറഞ്ഞു.

Content Highlight: Priyamani Talks About Raavan And Pranchiyettan And The Saint

We use cookies to give you the best possible experience. Learn more