| Thursday, 20th February 2025, 4:27 pm

ഫിനോമിനല്‍ ആക്ടര്‍; ആ നടനൊപ്പം ഞാന്‍ ഇതുവരെ അഭിനയിച്ചിരുന്നില്ല: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് നടി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ ചെയ്യാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ നടിക്ക് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ പ്രിയാമണി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബനാണ് ഈ സിനിമയില്‍ നായകനായി എത്തിയത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ കുറിച്ചും കുഞ്ചാക്കോ ബോബനെ കുറിച്ചും പറയുകയാണ് പ്രിയാമണി.

‘സിനിമ ചെയ്യുന്നത് ഈസിയാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഒരിക്കലും അത് ഈസിയല്ല. വരുന്ന സിനിമകളൊക്കെ നല്ലതാണെങ്കില്‍ മാത്രമാണ് ചെയ്യുന്നത്. ഇഷ്ടമായാല്‍ മാത്രമാണ് ചെയ്യുക. എണ്ണത്തിന് വേണ്ടി ചെയ്യണമെന്ന് പറഞ്ഞാല്‍ കാര്യമില്ല. അങ്ങനെയെങ്കില്‍ ഞാന്‍ ഇപ്പോഴേക്കും ഒരുപാട് സിനിമകള്‍ ചെയ്‌തേ.

പക്ഷെ എനിക്ക് ക്വാളിറ്റിയാണ് ഏറ്റവും പ്രാധാന്യം. അതിന്റെ ഭാഗമായിട്ട് ഞാന്‍ ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച ഒരു സിനിമയാണ്. വളരെ നല്ല സ്‌ക്രിപ്റ്റുമാണ്. ഈ പടത്തിന് നാല് ഡയറക്ടമാരുണ്ട്. ഷാഹി കബീറുണ്ട്. റോബിയുണ്ട്, നമ്മുടെ ഡി.ഒ.പിയാണ് അദ്ദേഹം. പിന്നെ മാര്‍ട്ടിന്‍ പ്രക്കാട്ട് സാറുണ്ട്. ഒപ്പം ജിത്തു അഷറഫും. നാല് സംവിധായകരുള്ളത് ചെറിയ കാര്യമല്ല. അപ്പോള്‍ ആ സിനിമ തെറ്റാനുള്ള സാധ്യതയില്ല.

ഒരു അയണ്‍ക്ലാഡ് പ്രൊജക്റ്റാണ് ഇത്. പിന്നെ ഫിനോമിനല്‍ ആക്ടറായ ചാക്കോച്ചനാണ് കൂടെയുള്ളത്. ഈ സിനിമ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് ‘ഇതുവരെ ഞാന്‍ ചാക്കോച്ചന്റെ കൂടെ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് ഇത് നന്നാകും. നല്ല പ്രൊജക്റ്റാകും’ എന്നായിരുന്നു. അങ്ങനെയാണ് ഞാന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ഓക്കെ പറയുന്നത്,’ പ്രിയാമണി പറഞ്ഞു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി:

പ്രിയാമണിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സംവിധാനം ചെയ്തത് ജിത്തു അഷ്റഫാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിക്കുന്ന ചിത്രത്തിന് നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷാഹി കബീര്‍ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

Content Highlight: Priyamani Talks About Officer On Duty And Kunchacko Boban

We use cookies to give you the best possible experience. Learn more