| Friday, 4th July 2025, 12:17 pm

ആ നടനോടൊപ്പം ഒരൊറ്റ സിനിമയില്‍ മാത്രമേ അഭിനയിച്ചുള്ളൂ, 916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് അദ്ദേഹം: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തമിഴ് താരം സൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. ഒരൊറ്റ സിനിമയില്‍ മാത്രമേ താന്‍ സൂര്യയോടൊപ്പം അഭിനയിച്ചിട്ടുള്ളൂവെന്ന് പ്രിയാമണി പറഞ്ഞു. എന്നാല്‍ ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ അദ്ദേഹം എത്ര നല്ല വ്യക്തിയാണെന്ന് മനസിലായെന്നും താരം കൂട്ടിച്ചേര്‍ത്തു. സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയുമായി തനിക്ക് നല്ല സൗഹൃദമാണെന്നും ആ കുടുംബത്തിലെ എല്ലാവരെയും തനിക്ക് ഇഷ്ടമാണെന്നും നടി പറയുന്നു.

ഇപ്പോഴും ഇടക്കെല്ലാം താന്‍ കാര്‍ത്തിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ആ സൗഹൃദം നല്ല രീതിയില്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും പ്രിയാമണി പറഞ്ഞു. എന്നാല്‍ സൂര്യയുമായി പിന്നീട് കോണ്‍ടാക്ടൊന്നുമില്ലെന്നും ജ്യോതികയുമായി ഇടക്ക് മെസ്സേജിങ് ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ലിറ്റില്‍ ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്.

‘സൂര്യ, നിര്‍ഭാഗ്യവശാല്‍ ആകെ ഒരൊറ്റ സിനിമയില്‍ മാത്രമേ എനിക്ക് അയാളോടൊപ്പം അഭിനയിക്കാന്‍ സാധിച്ചുള്ളൂ. പിന്നീട് സൂര്യയോടൊപ്പം എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂര്യ. അദ്ദേഹത്തിന്റെ സഹോദരന്‍ കാര്‍ത്തിയുമായി നല്ല സൗഹൃദത്തിലാണ് ഞാന്‍. 916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് രണ്ടുപേരും. ആ കുടുംബത്തിലെ എല്ലാവരും നല്ല ആളുകളാണ്.

കാര്‍ത്തിയുമായി ഇപ്പോഴും ഇടക്ക് മെസ്സേജൊക്കെയുണ്ട്. എന്റെ എല്ലാ ബര്‍ത്ത്‌ഡേയ്ക്കും മുടങ്ങാതെ ആശംസകള്‍ അറിയിക്കുന്നയാളാണ് കാര്‍ത്തി. സൂര്യയുമായി രക്ത ചരിത്രയുടെ സമയത്ത് നല്ല കമ്പനിയായിരുന്നു. എന്നാല്‍ ആ സിനിമക്ക് ശേഷം ഒരു കോണ്‍ടാക്ടുമില്ല. ജ്യോതികയുമായി അത്യാവശ്യം നല്ല കമ്പനിയാണ്. അവരുമായി ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്.

സൂര്യയുടെ കൂടെ വര്‍ക്ക് ചെയ്ത രക്ത ചരിത്ര എനിക്ക് മറക്കാനാകാത്ത എക്‌സ്പീരിയന്‍സാണ് നല്ലൊരു ക്യാരക്ടറായിരുന്നു ആ പടത്തില്‍ എനിക്ക്. ആ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു എന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചത്. കേക്കൊക്കെ കട്ട് ചെയ്ത ശേഷം രാം ഗോപാല്‍ വര്‍മ സാര്‍ ‘അടുത്തത് ബ്ലാസ്റ്റ് സീനാണ്, വേഗം മേക്കപ്പ് ചെയ്യ്’ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ അത് കേട്ട് വല്ലാതായി,’ പ്രിയാമണി പറയുന്നു.

Content Highlight: Priyamani shares the shooting experience with Suriya and Karthi

We use cookies to give you the best possible experience. Learn more