| Tuesday, 8th July 2025, 9:25 am

ആ സിനിമക്ക് ശേഷം 11 മാസത്തോളം വീട്ടില്‍ സിനിമയൊന്നുമില്ലാതെ ഇരിക്കേണ്ടി വന്നു, പരസ്യവും മോഡലിങ്ങുമായിരുന്നു വരുമാനമാര്‍ഗം: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തന്റെ ആദ്യ തമിഴ് ചിത്രമായ കണ്‍കളാല്‍ കയ്തു സെയ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. ആ സിനിമക്ക് ശേഷം 11 മാസത്തോളം ഒരു സിനിമയുമില്ലാതെ താന്‍ വെറുതേയിരിക്കേണ്ടി വന്നെന്ന് പ്രിയാമണി പറഞ്ഞു. ആ സിനിമയുടെ ഷൂട്ടിന് ശേഷം സംവിധായകന്‍ ഭാരതിരാജക്ക് ആക്‌സിഡന്റായെന്നും അദ്ദേഹം തിരിച്ചുവരുന്നതുവരെ കാത്തിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

മറ്റ് പ്രൊജക്ടുകളൊന്നും തന്നെ തേടി വന്നില്ലായിരുന്നെന്നും പരസ്യങ്ങള്‍ മാത്രമായിരുന്നു ആ സമയത്തെ വരുമാനമാര്‍ഗമെന്നും നടി പറയുന്നു. തന്റെയടുത്തേക്ക് വന്നിരുന്ന ചെറിയ പരസ്യങ്ങള്‍ പോലും ആ സമയത്ത് ചെയ്‌തെന്നും മോഡലിങ്ങിലും ആ സമയത്ത് സജീവമായെന്നും പ്രിയാമണി പറഞ്ഞു. ജെ.എഫ്.ഡബ്ല്യൂ ബിഞ്ചിനോട് സംസാരിക്കുകയായിരുന്നു താരം.

കണ്‍കളാല്‍ കയ്തു സെയ് എന്ന സിനിമക്ക് ശേഷം 11 മാസത്തോളം ഞാന്‍ വീട്ടില്‍ വെറുതേയിരിക്കുകയായിരുന്നു. ഒരൊറ്റ സിനിമയും എനിക്കുണ്ടായിരുന്നില്ല. കാരണം, ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് റിലീസിന് മുമ്പ് ഭാരതിരാജ സാറിന് ആക്‌സിഡന്റായി. ഈ സിനിമ റിലീസായാലേ എനിക്ക് അടുത്ത സിനിമ ചെയ്യാനാകുള്ളൂ.

ഷൂട്ടിന് മുമ്പ് അങ്ങനെയൊരു കോണ്‍ട്രാക്ടില്‍ ഞാന്‍ ഒപ്പിട്ടിരുന്നു. ‘ഈ സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രമേ അടുത്ത സിനിമ സൈന്‍ ചെയ്യുള്ളൂ’ എന്ന് അതില്‍ ഉണ്ടായിരുന്നു. അത് കാരണം പുതിയ പ്രൊജക്ട് സൈന്‍ ചെയ്യാന്‍ സാധിച്ചില്ല. തമിഴില്‍ എന്നെത്തേടി വരുന്ന പ്രൊജക്ടുകളോടെല്ലാം ഞാന്‍ നോ പറയുകയായിരുന്നു.

തമിഴിലെ എന്റെ ആദ്യത്തെ സിനിമയായിരുന്നു അത്. എന്നെപ്പോലെ ഒരു പുതുമുഖത്തിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. എന്റെയടുത്തേക്ക് വന്നിരുന്ന ചെറിയ വര്‍ക്കുകള്‍ പോലും ആ സമയത്ത് ചെയ്യാന്‍ തുടങ്ങി. അതിപ്പോള്‍ പരസ്യമായാലും മോഡലിങ്ങായാലും ഞാന്‍ ചെയ്തുതുടങ്ങി. ജ്വലറിയുടെയും സാരിയുടെയും പരസ്യങ്ങള്‍ ചെയ്തു. സിനിമ സൈന്‍ ചെയ്യില്ലെന്നായിരുന്നു എഗ്രിമെന്റ്. പരസ്യങ്ങള്‍ അതില്‍ പെടില്ലായിരുന്നു,’ പ്രിയാമണി പറഞ്ഞു.

Content Highlight: Priyamani shares the experience after her first Tamil Movie

We use cookies to give you the best possible experience. Learn more