| Sunday, 2nd February 2025, 8:08 am

വിവിധ ഭാഷകളിൽ ഒരുപാട് നായകന്മാർ, ഏറ്റവും പ്രിയപ്പെട്ടത് അദ്ദേഹം മാത്രം: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് പ്രിയാമണി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി മലയാളമടക്കമുള്ള വിവിധ ഭാഷകളിൽ പ്രിയാമണി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിൽ ഗ്രാൻഡ്മാസ്റ്റർ, തിരക്കഥ, പ്രാജിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ ചെയ്ത പ്രിയാമണിയുടെ ഏറ്റവും പുതിയ മലയാള ചിത്രം ഓഫീസർ ആണ്.

വിവിധ ഭാഷകളിൽ ഒരുപാട് നടന്മാരോടൊപ്പം അഭിനയിച്ച പ്രിയാമണി തന്റെ ഏറ്റവും പ്രിയപ്പെട്ട നടനെ കുറിച്ച് സംസാരിക്കുകയാണ്. ആ ചോദ്യത്തിന് തനിക്ക് ഒറ്റ ഉത്തരമേയുള്ളൂവെന്നും അത് ഷാരൂഖ് ഖാൻ ആണെന്നും പ്രിയാമണി പറയുന്നു.

ജവാൻ എന്ന ചിത്രത്തിലേക്ക് അവസരം കിട്ടിയപ്പോൾ വലിയ സന്തോഷം തോന്നിയെന്നും ഷാരൂഖ് ഖാൻ എല്ലാവരെയും ചേർത്ത് നിർത്തുന്ന ആളാണെന്നും പ്രിയാമണി പറയുന്നു. അദ്ദേഹം ഒരു നന്മയുള്ള മനുഷ്യനാണെന്നും പിന്നീട് നേര് എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ മോഹൻലാൽ ജവാനിലെ തന്റെ അഭിനയത്തെ പ്രശംസിച്ചിരുന്നുവെന്നും പ്രിയാമണി.

‘ഒറ്റ മറുപടിയേയുള്ളൂ. ഷാരുഖ് ഖാൻ. നടൻ മാത്രമല്ല നന്മയുള്ള വ്യക്തിയുമാണ് അദ്ദേഹം. ജവാൻ എന്ന സിനിമയിൽ ഷാരൂഖിനൊപ്പം അഭിനയിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ പറയുന്നത്. സംവിധായകൻ ആറ്റ്ലിയാണ് എന്നെ വിളിച്ചത്. അതിനു മുമ്പ് ഷാറുഖിൻ്റെ ‘ചെന്നൈ എക്സ്പ്രസ്’ എന്ന സിനിമയ്ക്കു വേണ്ടി ഒരു ഗാനരംഗത്തിൽ ഡാൻസ് ചെയ്‌തിരുന്നു. ഷാറുഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോഴുണ്ടായ സന്തോഷം പറയാനുണ്ടോ, അത്രമാത്രം എക്സൈറ്റഡ് ആയിരുന്നു.

ഷാറുഖ് ഖാൻ ലൊക്കേഷനിൽ എത്തിയെന്നറിഞ്ഞയുടനെ ഞങ്ങൾ കാണാൻ ചെന്നു. അദ്ദേഹം എന്നെ പേരു വിളിച്ച് ഹഗ് ചെയ്‌തു. നെറ്റിയിൽ ചുംബിച്ചു സ്നേഹത്തോടെ പറഞ്ഞു. ‘താങ്ക് യു ഫോർ ഡൂയിങ് ദിസ് ഫിലിം’

നയൻതാര, ദീപിക പദുകോൺ, സന്യ മൽഹോത്ര എന്നിവരൊക്കെ ജവാനിലുണ്ട്. ഓരോരുത്തരേയും ചേർത്തു നിർത്തി നിങ്ങളെല്ലാം ആസാദിൻ്റെ ഗേൾസാണെന്ന് അദ്ദേഹം ഓർമിപ്പിക്കുമായിരുന്നു. ജവാനിൽ ഷാറുഖ് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേരാണ് ആസാദ്. ലൊക്കേഷനിലുള്ള എല്ലാ ദിവസവും അദ്ദേഹത്തിനൊപ്പമായിരുന്നു ഞങ്ങളുടെ ഡിന്നർ. ഒരു ദിവസം ഗിറ്റാറുമായിട്ടാണ് കിങ്‌ഖാൻ ലൊക്കേഷനിലെത്തിയത്.

ഷൂട്ടിങ്ങിൻ്റെ ഇടവേളയിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പാട്ടുപാടി. അദ്ദേഹം കൂടെ ചേർന്നു ഗിറ്റാർ വായിച്ചു. ഷാറുഖ് ഖാൻ എന്ന വ്യക്തി ക്യാമറയ്ക്കു മുന്നിൽ മാത്രമാണു നായകൻ. അല്ലാത്ത സമയങ്ങളിൽ നന്മയുള്ള മനുഷ്യനാണ്. ‘നേര്’ സിനിമയുടെ ലൊക്കേഷനിൽ കണ്ടപ്പോൾ മോഹൻലാൽ സർ ആദ്യം പറഞ്ഞതും ജവാനെക്കുറിച്ചാണ്. ‘സിനിമ കണ്ടു. അഭിനയം ഗംഭീരമായി’ എന്നു പറഞ്ഞു,’പ്രിയാമണി പറയുന്നു.

Content Highlight: Priyamani About Sharukh Ghan

We use cookies to give you the best possible experience. Learn more