നടനും തിരക്കഥാകൃത്തും തന്റെ സുഹൃത്തുമായ ശ്രീനിവാസന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
തന്റെ സിനിമാസങ്കല്പങ്ങളെ അടിമുടി മാറ്റിപ്പണിതത് ശ്രീനിവാസനാണെന്നും സിനിമ എന്ന മാധ്യമത്തോട് താന്‍ സത്യസന്ധത പുലര്‍ത്തുന്നില്ല എന്ന് എപ്പോഴും ശ്രീനിവാസന്‍ പറയുമായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായയിരുന്നു അദ്ദേഹം.
‘വെള്ളാനകളുടെ നാട്’ എന്ന സിനിമ ശ്രീനി എഴുതിയതാണ്. അതില്‍ റോഡ് റോളര്‍ പുറകോട്ട് പോവുന്ന ഒരു രംഗമുണ്ട്. ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യാതെ റോഡ് റോളര്‍ പിറകോട്ട് പോവില്ല. ശാസ്ത്രീയമായി അത് തെറ്റാണ്. ഞാനത് ചിത്രീകരിച്ചു. സിനിമ കണ്ടതിന് ശേഷം ശ്രീനി പറഞ്ഞു’റോഡ് റോളര്‍ ഒരിക്കലും ഇങ്ങനെ പുറകിലേക്ക് പോവില്ല’ എന്ന്. ‘എന്നാര് പറഞ്ഞുവെന്ന് ഞാന്‍ ചോദിച്ചു.
‘ഞാന്‍ കൃത്യമായി പഠിച്ചിട്ടാണ് വരുന്നത്’ എന്ന് പറഞ്ഞു. ‘പഠിച്ചപ്പോഴല്ലേ ശ്രീനിക്കത് മനസിലായുള്ളൂ. അതിന് മുമ്പേ അറിയില്ലല്ലോ, അതാണ് കളി’ എന്ന് ഞാന്‍. ‘കള്ളത്തരം കാണിച്ച് ആളെ വിശ്വസിപ്പിക്കാന്‍ നിന്നെക്കാള്‍ കഴിവുള്ള ഒരാളില്ല’എന്ന് പറഞ്ഞ് ശ്രീനി മിണ്ടാതിരുന്നു,’ പ്രിയദര്‍ശന്‍ പറഞ്ഞു.
സിനിമയിലെ തന്റെ കള്ളത്തരങ്ങള്‍ ശ്രീനിവാസന്‍ പിന്നെയും പിന്നെയും പിടികൂടിയിരുന്നുവെന്നും സിനിമകള്‍ ഹിറ്റാവുന്നതുകൊണ്ട് ഒന്നും മിണ്ടാനും പറ്റിയില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഒടുവില്‍ ‘താളവട്ടം’ എന്ന സിനിമ എഴുതാമെന്നേറ്റ ശ്രീനിവാസന്‍ പൊട്ടിത്തെറിച്ച് എഴുന്നേറ്റുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്ന് താന്‍ സിനിമയെ ഗൗരവത്തിലെടുക്കുന്നുവോ അന്നുമാത്രമേ ഇനി നമ്മള്‍ തമ്മില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കൂ’ എന്ന് പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിന്റെ ലൊക്കേഷന്‍ തീരുമാനിച്ചിരുന്നു. പിന്നെ തിരക്കഥ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു. അങ്ങനെ പത്തുദിവസം കൊണ്ട് ഞാന്‍ ‘താളവട്ടം’ എഴുതി.
പടം സൂപ്പര്‍ ഹിറ്റായപ്പോള്‍ ശ്രീനി എന്റെ മുന്നില്‍ വന്ന് ഒരു ചിരിചിരിച്ചു. കണ്ണടച്ചാല്‍ നിങ്ങള്‍ക്ക് ആ ചിരി കാണാം. ടിപ്പിക്കല്‍ ശ്രീനിവാസന്‍ ചിരി അങ്ങനെ നോക്കുമ്പോള്‍ എനിക്ക് തിരക്കഥയെഴുതാന്‍ ഊര്‍ജം പകര്‍ന്നത് ശ്രീനിയാണ്. എഴുതാന്‍ ശ്രീനി വന്നില്ലെങ്കില്‍ എനിക്ക് എഴുതിയല്ലേ പറ്റൂ,’ പ്രിയദര്‍ശന്‍ പറഞ്ഞു.
Content Highlight: Priyadarshan talks about Sreenivasan and the films they did together