| Saturday, 1st March 2025, 9:15 am

ആ സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ ഒപ്പമുള്ള കുട്ടിയോട് പറയുന്ന വാക്കുകള്‍ എന്റെ അനുഭവമാണ്, ജീവിതമാണ്: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍. പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സിനിമയായിരുന്നു ഒപ്പം. തിയേറ്ററില്‍ വലിയ വിജയമായി മാറിയ സിനിമയില്‍ മോഹന്‍ലാല്‍, സമുദ്രക്കനി, അനുശ്രീ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ഒപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദര്‍ശന്‍.

‘വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്ന ഘട്ടത്തില്‍ ഒന്നും ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. ആ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തത്. പുതിയ തലമുറയിലെ സംവിധായകരുടെയും നടന്‍മാരുടെയും സിനിമകള്‍ കാണുകയും വിലയിരുത്തുകയുമായിരുന്നു. പുതിയ സിനിമകളുടെ പോക്ക് എങ്ങോട്ടാണ്, എന്താണ് ട്രെന്‍ഡ് എന്നെല്ലാം മനസിലാക്കി.

രണ്ടാമത്തെ കാര്യം എവിടെയൊക്കെയാണ് എനിക്ക് തെറ്റുപറ്റിയത്, വൈകാരികമായും സര്‍ഗാത്മകമായും പറ്റിയ പിഴവുകള്‍ ഏതൊക്കെയാണ്, അത് പരിഹരിക്കുക എങ്ങനെയാണ് എന്നെല്ലാം ആലോചിച്ചു. ഈ രണ്ട് കാര്യങ്ങളാണ് ഒപ്പത്തിന്റെ തിരക്കഥ എഴുതുന്ന കാര്യത്തില്‍ എന്നെ സഹായിച്ചത്.

പിന്നെ എല്ലാം മായ്ക്കുന്ന കാലം എന്നെല്ലാം പറയുമല്ലോ? അത് എന്റെ ജീവിതത്തിലും സംഭവിച്ചു. പ്രശ്നങ്ങളില്‍ നിന്ന് ഞാന്‍ മുക്തനായി, ശാന്തമായ മനസില്‍ നിന്നാണ് ഒപ്പം പിറന്നത്. ഈ സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ ഒപ്പമുള്ള പെണ്‍കുട്ടിയോട് പറയുന്ന വാക്കുകള്‍ (ഒപ്പമുള്ളവര്‍ ഓരോരുത്തരായി ഉപേക്ഷിച്ചു പോയേക്കാം. അപ്പോഴും പിടിച്ചുനില്‍ക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാവണം. അതാണ് ജീവിതം) അത് എന്റെ അനുഭവമാണ്, എന്റെ ജീവിതമാണ്.

പലരും പറഞ്ഞു അത് മനസില്‍ തട്ടി എന്ന്. അത് സത്യമായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

ഒരു സസ്‌പെന്‍സ് ത്രില്ലറാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലെ ഒന്നുരണ്ട് സന്ദര്‍ഭങ്ങള്‍ അതില്‍ കൊണ്ടുവന്നതുകൊണ്ടാണ് ഒപ്പം ഒരു മാസ് മൂവി എന്നതിനും അപ്പുറത്തേക്ക് പോവുന്നത്.

വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ ചില തിരിച്ചടികള്‍ നേരിട്ട സമയത്താണ് ഞാന്‍ ഒപ്പം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ വിജയം എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. പ്രതിസന്ധിഘട്ടത്തില്‍ എനിക്ക് ഒപ്പം നിന്ന മോഹന്‍ലാല്‍ എന്ന പ്രിയസുഹൃത്തിന് ആ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ നല്‍കുന്നു,’ പ്രിയദര്‍ശന്‍ പറയുന്നു.

Content highlight: Priyadarshan talks about Oppam movie

We use cookies to give you the best possible experience. Learn more