പുഷ്പയും, കാന്താരയുമെല്ലാം വിശ്വസിനീയമായ രീതിയിലാണ് എടുത്തിരിക്കുന്നത്, എന്നാല്‍ ബോളിവുഡിലെ സ്ഥിതി അതല്ല: പ്രിയദര്‍ശന്‍
Malayalam Cinema
പുഷ്പയും, കാന്താരയുമെല്ലാം വിശ്വസിനീയമായ രീതിയിലാണ് എടുത്തിരിക്കുന്നത്, എന്നാല്‍ ബോളിവുഡിലെ സ്ഥിതി അതല്ല: പ്രിയദര്‍ശന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 12th May 2026, 11:15 pm

ഇന്ത്യന്‍ സിനിമയില്‍ ഭാഷാവ്യത്യാസമില്ലാതെ മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഹിന്ദിയടക്കമുള്ള അന്യഭാഷ സിനിമാ മേഖലകളില്‍ തന്റെതായ സ്ഥാനം കണ്ടെത്താന്‍ പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. ഹെരാ ഫേരി, ഭൂല്‍ ഭുലയ്യ, ഭാഗം ഭാഗ്, ധോല്‍, ഖരം മസാല തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് ഹിന്ദിയില്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

ഒരിടവേളക്ക് ശേഷം പ്രിയദര്‍ശന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അക്ഷയ് കുമാറും വാമിക ഗബ്ബിയും പ്രധാനവേഷത്തിലെത്തിയ ഭൂത് ബംഗ്ലാ. ഏപ്രില്‍ 17 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 240 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധായകനെന്ന നിലയില്‍ പ്രിയദര്‍ശന്റെയും അഭിനേതാവെന്ന നിലയില്‍ അക്ഷയ് കുമാറിന്റെയും സമീപകാലത്തെ മികച്ച വിജയമായി ചിത്രം മാറിയിരുന്നു.

ഭൂത് ബംഗ്ലാ. Photo: District

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളെക്കുറിച്ചും ബോളിവുഡിലെ ചിത്രങ്ങളെക്കുറിച്ചും പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വെറൈറ്റി ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കളക്ഷന്‍ കാണുമ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാറുണ്ട്. കാരണം ചില സമയങ്ങളില്‍ കളക്ഷന്‍ രാജ്യത്തിന്റെ ജനസംഖ്യയെക്കാളും കൂടുതലായിരിക്കും. അതൊന്നും പലപ്പോഴും എനിക്ക് വിശ്വസിക്കാന്‍ സാധിക്കാറില്ല. പല നിര്‍മാതാക്കളെയും വിളിച്ച് ഞാന്‍ കാര്യങ്ങള്‍ അന്വേഷിക്കാറുമുണ്ട്. അവര്‍ക്ക് അങ്ങനെ ചെയ്യേണ്ടി വരുന്നതാണെന്നാണ് എന്നോട് പറയാറുള്ളത്. ഇന്ന് എല്ലാ ചിത്രങ്ങളും നൂറ് കോടി ചിത്രമാണ്. ഇപ്പോള്‍ എല്ലാവരും അഞ്ഞൂറ് കോടി ക്ലബിന്റെയും ആയിരം കോടി ക്ലബിന്റെയും പിന്നാലെയാണ്.

പുഷ്പ. Photo: Scroll.in

ധുരന്ധറിന് മുമ്പ് ബോളിവുഡ് ചിത്രങ്ങളൊന്നും തന്നെ വിശ്വസിനീയമല്ലെന്ന വിമര്‍ശനമുണ്ടായിരുന്നു. ഉദാഹരണത്തിന് സൗത്ത് ഇന്ത്യന്‍ സിനിമകളായ പുഷ്പയും, കാന്താരയുമെല്ലാം കൂടുതല്‍ റിയലിസ്റ്റിക്കായിട്ടാണ് എടുത്തിരിക്കുന്നത്. അത് സംഭവിച്ചേക്കാവുന്ന കഥയാണെന്ന തോന്നല്‍ നിങ്ങളില്‍ അത് ഉണ്ടാക്കിയിട്ടുണ്ട്. മിഷന്‍ ഇംപോസിബള്‍ കാണുന്ന പോലെയാണത്. അവര്‍ ചിത്രീകരിച്ചിരിക്കുന്ന രീതി നിങ്ങള്‍ക്ക് സംശയം തോന്നാത്ത വിധത്താലാണ്. പക്ഷേ ബോളിവുഡിലെ ചിത്രങ്ങള്‍ വളരെയധികം ഫേക്ക് ആണെന്ന് നമുക്ക് തോന്നും,’ പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Priyadarshan talks about difference between South Indian films and bollywood films

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.