| Saturday, 5th July 2025, 4:27 pm

പത്ത് വര്‍ഷത്തിന് ശേഷം ഒപ്പത്തിനെ ഹിന്ദിയിലൊരുക്കാന്‍ പ്രിയദര്‍ശന്‍, റീമേക്കുകള്‍ കൊണ്ട് പേരുകേട്ട ബോളിവുഡ് താരം നായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് ഒപ്പം. മോഹന്‍ലാല്‍ ആദ്യമായി അന്ധനായി വേഷമിട്ട ചിത്രം വന്‍ വിജയം സ്വന്തമാക്കി. 2016ലെ ഓണം റിലീസായെത്തിയ ചിത്രം അപ്രതീക്ഷിത വിജയമാണ് സ്വന്തമാക്കിയത്. 70 കോടിക്ക് മുകളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ചിത്രം ഹിന്ദിയിലും ഒരുങ്ങുമെന്ന് 2016ല്‍ തന്നെ പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ഹിന്ദി റീമേക്കിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. 2026ല്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീമേക്ക് സിനിമകള്‍ ചെയ്യുന്നതിലൂടെ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകുന്ന ബോളിവുഡ് താരം അക്ഷയ് കുമാറാണ് ശിവരാമനെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

ഹയ്‌വാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ സെയ്ഫ് അലി ഖാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ വേഷമാണ് സെയ്ഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്ന മറ്റൊരു ചിത്രമായ ഭൂത് ബംഗ്ലാ അനൗണ്‍സ് ചെയ്‌തെങ്കിലും തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഹൊറര്‍ കോമഡി ഴോണറിലുള്ള ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാത്തതിനാലാണ് ഇരുവരും ഒപ്പം റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ അതിഗംഭീര പ്രകടനം കാഴ്ചവെച്ച ശിവരാമനെ അക്ഷയ് കുമാര്‍ എങ്ങനെ അവതരിപ്പിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

മോഹന്‍ലാലിന്റെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നായ മണിച്ചിത്രത്താഴ് ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോള്‍ അക്ഷയ് കുമാറായിരുന്നു നായകന്‍. ഭൂല്‍ ഭുലയ്യ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. ബോളിവുഡിലെ ഹിറ്റ് കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

ഈ വര്‍ഷം അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സ്‌കൈ ഫോഴ്‌സ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനായിരുന്നു സി. ശങ്കരന്‍ നായരുടെ കഥ പറഞ്ഞ കേസരി ചാപ്റ്റര്‍ 2 എന്നിവ വന്‍ വിജയമായപ്പോള്‍ ഹൗസ്ഫുള്‍ 5 ശരാശരി വിജയം സ്വന്തമാക്കി.

Content Highlight: Priyadarshan and Akshay Kumar reunites for Oppam movie Hindi remake

We use cookies to give you the best possible experience. Learn more