ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ക്ലാസിക് സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. നാലര പതിറ്റാണ്ടിലധികമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന പ്രിയദര്‍ശന്‍ ഇതിനോടകം 99 സിനിമകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കരിയറിലെ 100ാമത് സിനിമ കഴിഞ്ഞദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യ ചിത്രത്തില്‍ നായകനായ മോഹന്‍ലാല്‍ തന്നെയാണ് നൂറാമത്തെ ചിത്രത്തിലെയും നായകന്‍.

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ പലതും ഒരുക്കിയത് പ്രിയദര്‍ശനായിരുന്നു. ചിത്രം, കിലുക്കം, താളവട്ടം, കാലാപാനി തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ബോളിവുഡിലും നിരവധി ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളാനകളുടെ നാട്.

ഇതേ ചിത്രം അക്ഷയ് കുമാറിനെ നായകനാക്കി ഖട്ടാ മീഠാ എന്ന പേരില്‍ ഹിന്ദിയിലും അദ്ദേഹം റീമേക്ക് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പല ഡയലോഗുകളും മലയാളികള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നവയാണ്. ചിത്രത്തിലെ റോഡ് റോളര്‍ കോമഡി കണ്ട് ചിരിക്കാത്തവര്‍ കുറവാണ്. ഇപ്പോഴിതാ ആ സീനിലെ ലോജിക്കില്ലായ്മയെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയദര്‍ശന്‍.

‘ഖട്ടാ മീഠായിലെ ആ റോഡ് റോളര്‍ സീന്‍ ഒറിജിനല്‍ വേര്‍ഷനിലും ഒരു മാറ്റവുമില്ലാതെ ഷൂട്ട് ചെയ്തിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ആ സീനിലെ ലോജിക്കില്ലായ്മയെക്കുറിച്ച് ആരും ചിന്തിക്കാറില്ല. എല്ലാവരും അത് കണ്ട് ചിരിക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ഒന്നും അവര്‍ ആലോചിക്കാറില്ല. ആ റോഡ് റോളര്‍ കണ്‍ട്രോളില്ലാതെ ഓടുന്നത് കണ്ട് എല്ലാവരും പേടിച്ച് ഓടുകയാണ്.

ശരിക്കും ഒരു റോഡ് റോളര്‍ അങ്ങനെ നീങ്ങില്ല. നമ്മള്‍ മുന്നോട്ട് പോകാനുള്ള രീതിക്ക് കണ്‍ട്രോള്‍ ചെയ്താല്‍ മുന്നോട്ട് പോകും. തിരിച്ച് ചെയ്താല്‍ പിന്നോട്ട് പോകും. അല്ലാത്ത സമയത്ത് അതിന്റെ സ്റ്റിയറിങ് ലോക്കായി തന്നെ കിടക്കും. അപ്പോള്‍ ഈ സീന്‍ എടുത്തപ്പോള്‍ ആളുകള്‍ ഇതിലെ ലോജിക്ക് തപ്പി നോക്കുമോ എന്നൊന്നും ചിന്തിക്കാന്‍ നിന്നില്ല. ഓഡിയന്‍സ് എന്‍ജോയ് ചെയ്യുന്നു. അതിനപ്പുറത്തേക്ക് വേറൊന്നും വേണ്ട,’ പ്രിയദര്‍ശന്‍ പറയുന്നു.

അതേസമയം തന്റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും ഒരേ നായകനെ കാസ്റ്റ് ചെയ്യുന്നു എന്ന അപൂര്‍വ റെക്കോഡാണ് പ്രിയദര്‍ശന്‍ സ്വന്തമാക്കിയത്. മരക്കാറിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഈ വര്‍ഷം അവാസനത്തോടെ ചിത്രം ഷൂട്ട് ആരംഭിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Priyadarshan about the iconic scene in Vellanakalude Naadu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ