| Friday, 11th April 2025, 10:51 pm

മലയാളികള്‍ക്ക് ഇപ്പോള്‍ വലിയ കാര്യമല്ലാതായിരിക്കും, പക്ഷേ തമിഴിലെ അടുത്ത സിമ്രാനായി പ്രിയ വാര്യറെ വാഴ്ത്തി സിനിമാപ്രേമികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ ഗാനരംഗത്തില്‍ വെറും കണ്ണിറുക്കല്‍ കൊണ്ടു മാത്രം വലിയ ആരാധക പിന്തുണ പ്രിയ സ്വന്തമാക്കി. എന്നാല്‍ തലയിലേറ്റിയ മലയാളികള്‍ തന്നെ പിന്നീട് പ്രിയയെ ട്രോളി രംഗത്തെത്തി. വലിയ സൈബര്‍ അറ്റാക്കിന് പ്രിയ ഇരയാക്കപ്പെട്ടു. അഡാര്‍ ലവിന് ശേഷം പ്രിയക്ക് അധികം അവസരങ്ങള്‍ മലയാളത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി തമിഴ് ലോകത്ത് പ്രിയ വാര്യറാണ് ചര്‍ച്ചാവിഷയം. അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയിലെ വെറുമൊരു പാട്ട് കൊണ്ടാണ് പ്രിയ വീണ്ടും സെന്‍സേഷനായത്. ചിത്രത്തിന്റെ ക്ലൈമാക്‌സിന് മുമ്പ് വില്ലനായി വേഷമിട്ട അര്‍ജുന്‍ ദാസിനൊപ്പം ഒരു റെട്രോ സോങ്ങില്‍ പ്രിയ ചുവടുവെച്ചിരുന്നു.

‘എതിരും പുതിരും’ എന്ന പഴയ സിനിമയില്‍ വിദ്യാസാഗര്‍ ഈണമിട്ട ‘തൊട്ട് തൊട്ട് പേസും സുല്‍ത്താനാ’ എന്ന പാട്ടാണ് ഗുഡ് ബാഡ് അഗ്ലിയില്‍ റീക്രിയേറ്റ് ചെയ്തത്. പഴയ പാട്ടില്‍ സിമ്രാനും രാജു സുന്ദരവും കളിച്ച സ്റ്റെപ്പുകളാണ് അതേ എനര്‍ജിയില്‍ പ്രിയ വാര്യറും അര്‍ജുന്‍ ദാസും പുനഃസൃഷ്ടിച്ചത്. അതിഗംഭീര റെസ്‌പോണ്‍സാണ് ഈ പാട്ടിന് തിയേറ്ററില്‍ ലഭിച്ചത്.

ഇതിന് പിന്നാലെ പ്രിയ വാര്യറെ സിമ്രാനുമായിട്ടാണ് പലരും താരതമ്യം ചെയ്യുന്നത്. അടുത്ത സിമ്രാന്‍ എന്നാണ് പലരും പ്രിയയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ സിമ്രാന്റെ അതിഥിവേഷവും ഇരട്ടി ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പേജുകളില്‍ ഇപ്പോള്‍ പ്രിയ വാര്യര്‍ നിറഞ്ഞുനില്‍ക്കുകയാണ്. ‘അടുത്ത ക്വീന്‍’ എന്ന ക്യാപ്ഷനോടെയാണ് പലരും പ്രിയ വാര്യറുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.

ഒരുകാലത്ത് മലയാളികളുടെ ട്രോളിന്റെ ഇരയായ പ്രിയ വാര്യര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത് കാലത്തിന്റെ കാവ്യനീതിയായാണ് പലരും കാണുന്നത്. ഒരു ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ അതില്‍ തളരാതെ മുന്നോട്ടുപോയ പ്രിയ വാര്യറെ അഭിനന്ദിക്കുന്നവരും കുറവല്ല. കഴിവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ എന്തും സാധിക്കുമെന്നതിന് ഉദാഹരണമാണ് പ്രിയയുടെ നേട്ടം.

അര്‍ജുന്‍ ദാസും പ്രിയ വാര്യറും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചും പലരും സംസാരിക്കുന്നുണ്ട്. നെഗറ്റീവ് റോളാണെങ്കില്‍ പോലും തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും അര്‍ജുന്‍ തന്റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. പ്രിയ വാര്യറുമായുള്ള സീനുകള്‍ക്ക് ലഭിച്ച കൈയടി താരത്തിന്റെ വരുംകാല പ്രൊജക്ടുകള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.

Content Highlight: Priya Varrier’s song in Good Bad Ugly movie viral in Social media

We use cookies to give you the best possible experience. Learn more