| Sunday, 23rd February 2025, 10:25 pm

ആ മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രത്തെ പോലെത്തന്നെയായിരുന്നു ഞാന്‍: പ്രിയ രാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയ രാമന്‍. 1993ല്‍ രജിനികാന്ത് നിര്‍മിക്കുകയും അദ്ദേഹം തന്നെ നായകനാകുകയും ചെയ്ത വള്ളി എന്ന ചിത്രത്തിലൂടെയാണ് പ്രിയ രാമന്‍ സിനിമ ലോകത്തേക്ക് എത്തുന്നത്. ഐ. വി. ശശി സംവിധാനം അര്‍ത്ഥന എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും പ്രിയ രാമന്‍ എത്തി. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടയുള്ള നടന്മാരുടെ കൂടെ ഹിറ്റ് ചിത്രങ്ങളില്‍ പ്രിയ രാമന്‍ അഭിനയിച്ചു.

തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ രാമന്‍. ‘കാശ്മീരം, സൈന്യം, മാന്ത്രികം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് ഇതൊക്കെ ഒരു കൗമാരക്കാരിക്ക് സ്വപ്നം കാണുന്നതിനും അപ്പുറമായിരുന്നുവെന്നും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എല്ലാം ഒരു ഫെയറി ടെയ്ല്‍ പോലെ തോന്നുണ്ടെന്നും പ്രിയ രാമന്‍ പറയുന്നു.

സൈന്യം എന്ന ചിത്രത്തിലെ ശ്രദ്ധാ കൗള്‍ എന്ന കഥാപാത്രത്തെ പോലെ തന്നെയായിരുന്നു തന്റെ സ്വഭാവമെന്നും ഒരിടത്തും അടങ്ങിയിരിക്കാത്ത എനര്‍ജറ്റിക് ആയ ക്യാരക്ടര്‍ ആയിരുന്നു തന്റേതെന്നും പ്രിയ രാമന്‍ പറഞ്ഞു.

‘കാശ്മീരം, സൈന്യം, മാന്ത്രികം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് ഇതൊക്കെ ഒരു കൗമാരക്കാരിക്ക് സ്വപ്നം കാണുന്നതിനും അപ്പുറമായിരുന്നു. സിനിമയില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ഇതൊക്കെ വേണോ എന്ന് പലരും അച്ഛനോട് ചോദിച്ചു. ഈ പ്രായത്തില്‍ കിട്ടുന്ന അവസരങ്ങള്‍ ഞാനായിട്ട് തടസപ്പെടുത്തില്ലെന്ന് അച്ഛന്‍ ഉറപ്പിച്ചു.

ആലോചിക്കുമ്പോള്‍ എല്ലാം ‘ഫെയറി ടെയ്ല്‍’ പോലെയാണ് തോന്നുന്നത്. രജിനി സാറിന് ആ ഫോട്ടോ കാണാന്‍ പറ്റിയില്ലായിരുന്നെങ്കില്‍, വള്ളിയിലേക്ക് ഭാരതിരാജ സാര്‍ എന്നെ വിട്ടുകൊടുത്തില്ലായിരുന്നെങ്കില്‍, പഠിച്ചാല്‍ മതി സിനിമ വേണ്ടെന്ന് അച്ഛന്‍ വാശിപിടിച്ചിരുന്നെങ്കില്‍, പ്രിയ രാമന്‍ എന്ന നടി ഉണ്ടാകുമായിരുന്നോ?

സൈന്യത്തിലെ ശ്രദ്ധാ കൗള്‍ എന്ന കഥാപാത്രത്തെ പോലെ തന്നെയായിരുന്നു ഞാന്‍.

തുള്ളിച്ചാടി നടക്കുന്ന കുട്ടി. ഒരിടത്തും അടങ്ങിയിരിക്കാത്ത എനര്‍ജറ്റിക് ആയ ഒരാള്‍. ആ കഥാപാത്രം കണ്ട് ജീവിതത്തിലും നീ ഇതുപോലൊക്കെയാണെന്ന് കൂട്ടുകാര്‍ പറയുമായിരുന്നു.

അച്ഛനും അമ്മയുമൊക്കെ എന്റെ കരിയറിന് വേണ്ടി ഒരുപാട് സഹിച്ചിട്ടുണ്ട്. അനുജത്തി പ്രഭ കൊച്ചുകുട്ടിയായിരുന്നു അന്ന്. ഷൂട്ടിന് അമ്മ എനിക്കൊപ്പം വരും പ്രഭയുടെ എല്ലാ കാര്യവും അച്ഛന്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ഇപ്പോഴും മക്കളെ അവരെ ഏല്‍പ്പിച്ച് എനിക്ക് യാത്രകള്‍ ചെയ്യേണ്ടി വരുന്നു. അവരാണ് എന്റെ കരുത്ത്,’ പ്രിയ രാമന്‍ പറയുന്നു.

Content highlight: Priya Raman talks about her film career

Latest Stories

We use cookies to give you the best possible experience. Learn more