| Wednesday, 14th May 2025, 2:31 pm

എന്നെ കാണണമെന്നും ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്നും ആ നടി പറഞ്ഞു; കേട്ടപ്പോള്‍ സന്തോഷം തോന്നി: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു.

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയാണ് പ്രിയ അഭിനയിച്ച് എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ക്ലൈമാക്‌സിന് മുമ്പ് വില്ലനായി വേഷമിട്ട അര്‍ജുന്‍ ദാസിനൊപ്പം ഒരു റെട്രോ സോങ്ങില്‍ പ്രിയ ചുവടുവെച്ചിരുന്നു.

സിമ്രാന്‍ അഭിനയിച്ച ‘തൊട്ട് തൊട്ട് പേസും സുല്‍ത്താന’ എന്ന പാട്ടിനാണ് പ്രിയ ഈ സിനിമയില്‍ ഡാന്‍സ് കളിച്ചത്. ഗുഡ് ബാഡ് അഗ്ലിയില്‍ സിമ്രാനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ സിമ്രാനെ കുറിച്ച് പറയുകയാണ് പ്രിയ വാര്യര്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ഷൂട്ടിങ് കഴിയാന്‍ പോകുന്ന സമയത്താണ് ഞാന്‍ സംവിധായകന്‍ ആദിക് രവിചന്ദ്രനോട് സിമ്രാന്‍ മാമിനെ കുറിച്ച് ചോദിക്കുന്നത്. ‘നാളെ സിമ്രാന്‍ മാമിന് ആ പാട്ട് സീന്‍ കാണിച്ചു കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്’ എന്ന് എന്നോട് ഇങ്ങോട്ട് ആദിക് പറയുകയായിരുന്നു.

അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. സിമ്രാന്‍ മാം ആ പാട്ട് സീന്‍ കണ്ട ശേഷം എന്താണ് പറഞ്ഞതെന്ന് എന്നോട് കൂടി പറയണേയെന്ന് ഞാന്‍ ആദിക്കിനോട് പറഞ്ഞു. ഞാന്‍ ആ സമയത്ത് മാം അത് കാണാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു.

പിന്നീട് ചോദിച്ചപ്പോള്‍ ആദിക് പറഞ്ഞത്, സിമ്രാന്‍ മാമിന് അത് കാണിച്ചു കൊടുത്തില്ല എന്നായിരുന്നു. അത് മാമിന് ഒരു സര്‍പ്രൈസായി വെക്കാമെന്ന് പറഞ്ഞു. പടം വരുമ്പോള്‍ കണ്ടാല്‍ മതിയെന്ന് തീരുമാനിച്ചുവെന്നായിരുന്നു പറഞ്ഞത്.

മാമിന് ആ പാട്ട് സീന്‍ നല്ല സര്‍പ്രൈസായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതിനെ കുറിച്ച് എനിക്ക് അറിയില്ല. പടം റിലീസായതിന് ശേഷമാണ് ഞാന്‍ സിമ്രാന്‍ മാമിനെ കാണുന്നത്. അല്ലാതെ സെറ്റില്‍ വെച്ചൊന്നും കണ്ടിരുന്നില്ല.

സിനിമയുടെ റിലീസിന് ശേഷം സിമ്രാന്‍ മാമിന്റെ ഇന്റര്‍വ്യൂകളിലൂടെയാണ് ഞാന്‍ ആ പാട്ട് സീനിലെ മാമിന്റെ ഫീഡ്ബാക്കുകള്‍ കേള്‍ക്കുന്നത്. മാമിന് ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ചില ഇന്റര്‍വ്യൂകളുടെ ബൈറ്റുകള്‍ എനിക്ക് അമ്മ അയച്ചു തന്നിരുന്നു.

മാം ആ സിനിനെ കുറിച്ച് പറയുന്നതും എന്നെ കുറിച്ച് പറയുന്നതുമായിരുന്നു അതൊക്കെ. എന്നെ കാണണമെന്നും ഞങ്ങള്‍ക്ക് ഒരുമിച്ച് വര്‍ക്ക് ചെയ്യാനുള്ള അവസരം ഉണ്ടാകട്ടേയെന്നുമുള്ള രീതിയിലായിരുന്നു സിമ്രാന്‍ മാം സംസാരിച്ചത്. അത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി,’ പ്രിയ പ്രകാശ് വാര്യര്‍ പറയുന്നു.


Content Highlight: Priya Prakash Varrier Talks About Simran

We use cookies to give you the best possible experience. Learn more