നടന്‍ അജിത്തിനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യര്‍. ഇരുവരും ഒന്നിച്ച് ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ച പ്രധാന കാര്യം അജിത് കുമാര്‍ ആയിരുന്നുവെന്ന് പ്രിയ വാര്യര്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ അജിത്തിന്റെ സിനിമകള്‍ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ പരിചയപെട്ടപ്പോള്‍ ഇനി ലൈഫ് ലോങ് താന്‍ അജിത് കുമാര്‍ എന്ന വ്യക്തിയുടെ ഫാന്‍ ആയിരിക്കുമെന്ന് മനസിലായെന്നും പ്രിയ പറഞ്ഞു.
‘സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് എന്നെ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിലേക്ക് ക്ഷണിച്ചത്. വളരെ രസകരമായാണ് നിത്യയെക്കുറിച്ച് ആദിക്ക് സംസാരിച്ചത്. എന്തെങ്കിലും തയാറെടുപ്പുകള്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ ‘പ്രിയ സ്‌പെയിനിലേക്ക് വെക്കേഷന് പോകുന്ന മൂഡില്‍ വന്നാല്‍ മതി’ എന്നായിരുന്നു മറുപടി. ആ ഉത്തരത്തില്‍ പകുതി റിലാക്‌സ്ഡ് ആയി. ചിരിയോടെ മാത്രം ഓര്‍ത്തെടുക്കാനാകുന്ന അനുഭവങ്ങളാണ് ‘ഗുഡ് ബാഡ് അഗ്ലി’ സമ്മാനിച്ചത്.
ജി.ബി.യു (ഗുഡ് ബാഡ് അഗ്ലി)വിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം അജിത് കുമാര്‍ എന്ന പേരാണ്. കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടമായിരുന്നു. എന്നാല്‍ പരിചയപ്പെട്ടപ്പോള്‍ മനസിലായി ഇനി ലൈഫ് ലോങ് ഞാന്‍ അജിത് കുമാര്‍ എന്ന വ്യക്തിയുടെ ഫാന്‍ ആയിരിക്കുമെന്ന്. അത്രയ്ക്ക് ഡൗണ്‍ ടു എര്‍ത്ത് ആയ മനുഷ്യനാണ്. ഷൂട്ടിന്റെ ഇടവേളകളില്‍ ഒരുപാടു സംസാരിച്ചു. കേരളത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അദ്ദേഹം വാചാലനാകും.
സാറിനൊപ്പമുള്ള ആദ്യ ഷോട്ട് ‘തൊട്ടുതൊട്ടു പേസും സുല്‍ത്താനാ’ എന്ന പാട്ടിന്റെ അവസാനരംഗമാണ്. അന്ന് പാട്ട് മാത്രം ഷൂട്ട് ചെയ്യും എന്നാണ് ആദിക്ക് പറഞ്ഞിരുന്നത്. സെറ്റില്‍ അജിത് സാറിനെ കണ്ടപ്പോള്‍ ഞാനാലോചിച്ചു. ഇന്ന് പാട്ട് മാത്രമാണല്ലോ ഉള്ളതെന്ന്. പാട്ടിന്റെ മൂഡില്‍ ചില്‍ ചെയ്ത് നില്‍ക്കുമ്പോഴാണ് ആദിക്ക് പറയുന്നത് ‘ഇനി നമുക്ക് അജിത് സാറിനൊപ്പമുള്ള ഭാഗം എടുക്കാം’ എന്ന്. സ്‌പോട്ടിലാണ് ഡയലോഗ് പോലും പറഞ്ഞുതന്നത്.
അജിത് സാര്‍ ഞങ്ങളെ വിലങ്ങണിയിച്ചു കൊണ്ടുപോകുന്ന രംഗം മുന്‍കൂട്ടി പറഞ്ഞിരുന്നില്ല. അര്‍ജുനും സാറും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകും എന്നായിരുന്നു എന്റെ ധാരണ ഷോട്ടിനു തൊട്ടു മുമ്പാണ് എന്നേയും വിലങ്ങണിയിക്കുമെന്ന് അറിയുന്നത്. പാട്ടിനിടയില്‍ സാറിന്റെ എന്‍ട്രിയുണ്ട് എന്നതും അറിയില്ലായിരുന്നു.
തിയേറ്ററില്‍ ആ സീന്‍ കണ്ടപ്പോഴുള്ള എക്‌സൈറ്റ്‌മെന്റ് വിവരിക്കാന്‍ എനിക്കറിയില്ല. ക്രൂയിസില്‍ സിമ്രാന്‍ മാമിനെ കാണിക്കുന്നുണ്ടെങ്കിലും മാമിനൊപ്പം കോമ്പിനേഷനുണ്ടായിരുന്നില്ല. അതില്‍ അല്‍പം നിരാശയുണ്ട്,’ പ്രിയ വാര്യര്‍ പറയുന്നു.
Content Highlight: Priya Prakash Varrier Talks About Ajith Kumar