ഡീസല്‍ വില എണ്‍പതെത്തുന്നു; കോഴിക്കോട്ട് അടുത്ത മാസം മുതല്‍ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവയ്ക്കും
economic issues
ഡീസല്‍ വില എണ്‍പതെത്തുന്നു; കോഴിക്കോട്ട് അടുത്ത മാസം മുതല്‍ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവയ്ക്കും
ശ്രീഷ്മ കെ
Wednesday, 26th September 2018, 1:36 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇരുന്നൂറിലധികം സ്വകാര്യ ബസ്സുകള്‍ അടുത്ത മാസം മുതല്‍ താല്‍ക്കാലിക സര്‍വ്വീസ് നിര്‍ത്തിവയ്ക്കലിനായി അപേക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. ഡീസല്‍ വിലയിലെ വര്‍ദ്ധനവ് അനിയന്ത്രിതമായി തുടരുന്നതിനെത്തുടര്‍ന്ന് നേരിടേണ്ടി വരുന്ന അധികച്ചെലവാണ് സ്‌റ്റോപ്പേജ് നല്‍കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍ പറയുന്നു. ബസ്സുകള്‍ കൂട്ടത്തോടെ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നത് പൊതു ഗതാഗത മേഖലയെത്തന്നെ പ്രതിസന്ധിയിലാക്കിയേക്കും.

കഴിഞ്ഞ മാര്‍ച്ചില്‍ 62 രൂപയായിരുന്ന ഡീസല്‍ വില പടിപടിയായി വര്‍ദ്ധിച്ച് നിലവില്‍ 79 രൂപയോളമെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍, ബസ്സുകളുടെ പ്രതിദിന വരുമാനത്തില്‍ ആയിരത്തിയറുന്നൂറു രൂപ വരെ കുറവു നേരിടുന്നുണ്ട്. ലഭിക്കുന്ന വരുമാനമെല്ലാം ഡീസലിനത്തില്‍ ചെലവാകുകയാണെന്നും, നൂറു ലിറ്ററോളം ഇന്ധനം വേണ്ടിവരുന്ന വണ്ടികള്‍ നിലവില്‍ വലിയ നഷ്ടം സഹിച്ചാണ് ഓടുന്നതെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ദിവസേന അഞ്ഞൂറു രൂപ വരെ കൈയില്‍ നിന്നെടുക്കേണ്ടി വരുന്നുണ്ട്. ഇതിനിടെ ടാക്‌സ് അടയ്‌ക്കേണ്ട തീയതി കൂടി അടുത്തതോടെയാണ് പലരും സ്റ്റോപ്പേജ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്‍. തുളസീദാസ് പറയുന്നു. “പ്രളയക്കെടുതി കണക്കിലെടുത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപെട്ട് ടാക്‌സ് അടയ്‌ക്കേണ്ട അവസാന തീയതി ഒന്നര മാസം നീട്ടിത്തന്നിരുന്നു. ഈ മാസം മുപ്പതു വരെയാണ് സമയമുള്ളത്. പക്ഷേ ഈയവസ്ഥയില്‍ പണം അടയ്ക്കാന്‍ സാധിക്കില്ല എന്നുറപ്പാണ്.” തുളസീദാസ് ഡൂള്‍ ന്യൂസിനോടു പറഞ്ഞു.

 

 

സ്റ്റോപ്പേജ് കാലയളവില്‍ ടാക്‌സ് അടയ്‌ക്കേണ്ടതില്ലെന്നതാണ് ഉടമസ്ഥരെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. രണ്ടോ മൂന്നോ മാസം വരെ ബസ്സുകള്‍ സ്‌റ്റോപ്പേജ് നല്‍കി നിര്‍ത്തിയിടാനാകും. ഇരുന്നൂറിലധികം പേര്‍ പലപ്പോഴായി സ്‌റ്റോപ്പേജിന് അപേക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, തൊഴില്‍ മന്ത്രി, ഗതാഗത വകുപ്പു മന്ത്രി എന്നിവര്‍ക്ക് അസോസിയേഷന്‍ ഇടപെട്ടു പരാതി നല്‍കുകയും, എല്ലാവരും പരിഗണിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

ടാക്‌സ് വിഷയത്തില്‍ എന്തെങ്കിലും നീക്കുപോക്കുണ്ടാകാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് ഉടമസ്ഥരുടെ പക്ഷം. “ചില വണ്ടികള്‍ ഇപ്പോള്‍ ഉച്ചയ്ക്ക് ഓടാറില്ല. കിട്ടുന്ന വരുമാനത്തിനു മുഴുവന്‍ ഡീസലടിച്ച് ഓടാന്‍ പറ്റുമോ? ഞങ്ങള്‍ക്കു ലഭിച്ച പരാതികളുടെ ലിസ്റ്റ് പ്രകാരം മാത്രം ഇരുന്നൂറ്റിച്ചില്വാനം വണ്ടികള്‍ ഓട്ടം നിര്‍ത്തും. കോഴിക്കോട് ജില്ലയില്‍ നിന്നു മാത്രം നാല്‍പ്പത്തിനാലു ലക്ഷം രൂപ കാരുണ്യയാത്ര വഴി പിരിച്ചു നല്‍കിയവരാണ് ഞങ്ങള്‍. ഓടാന്‍ യാതൊരു നിര്‍വാഹവുമില്ലാഞ്ഞിട്ടാണ് നിര്‍ത്തിവയ്ക്കുന്നത്. അല്ലാതെ ആരോടും വിദ്വേഷം കാണിക്കാനല്ല.” തുളസീദാസ് പറയുന്നു.

 

 

ഇന്ധന വിലയില്‍ നിരന്തരം വര്‍ദ്ധനവുണ്ടാകുന്നതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനങ്ങളിലുള്ള യാത്ര പോലും മിക്കപേരും വേണ്ടെന്നു വയ്ക്കുകയാണ്. ഈ ഇരുന്നൂറു ബസ്സുകളെക്കൂടാതെ ജില്ലയില്‍ മാത്രം 16 ബസ്സുകളാണ് നിലവില്‍ പല പ്രശ്‌നങ്ങളില്‍പ്പെട്ട് സര്‍വീസ് നിര്‍ത്തിയിട്ടുള്ളത്. വീടും സ്ഥലവും വിറ്റ് മുന്നോട്ടു കൊണ്ടുപോകാന്‍ നോക്കിയിട്ടും സാധിക്കാതെ കടം കയറിയാണ് ഇവരെല്ലാം പിന്‍വാങ്ങിയതെന്ന് ബസ് ഉടമസ്ഥരുടെ സംഘടനാ ഭാരവാഹികള്‍ വിശദീകരിക്കുന്നു.

ബസ്സുകള്‍ വില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മിക്ക ഉടമസ്ഥരും. ഇത്രയേറെ പ്രതിസന്ധികള്‍ അതിജീവിക്കേണ്ടി വരുന്ന ഈ മേഖലയിലേക്ക് കടന്നു വരാനും പുതിയ ബസ്സുകള്‍ വാങ്ങിക്കാനും ആരും തയ്യാറാകുന്നില്ല എന്നതും തിരിച്ചടിയാണ്. ദീര്‍ഘദൂരബസ്സുകളില്‍ പലതും പിടിച്ചുനില്‍ക്കാനായി ട്രിപ്പുകള്‍ മുടക്കുകയാണ്.

മൂന്നു മാസം ഇടവിട്ട് അടയ്‌ക്കേണ്ട നികുതി തുക 34,000 രൂപയോളമാണ്. തൊഴിലാളികളുടെ ക്ഷേമനിധിയായ 3150 രൂപ അടച്ചതിനു ശേഷമേ ഈ തുക സ്വീകരിക്കുകയുള്ളൂ. ഈ ടാക്‌സ് തുക ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കണമെന്നതാണ് ഉടമകളുടെ പ്രധാന ആവശ്യം. നികുതിയില്‍ ഇളവു വേണമെന്നും ഡീസല്‍ സബ്‌സിഡി ലഭിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നുമടക്കമുള്ള ആവശ്യങ്ങള്‍ സംഘടന മുന്നോട്ടു വയ്ക്കുന്നുണ്ട്.

 

 

“നിപാ ബാധ മുതല്‍ വെള്ളപ്പൊക്കം വരെ ധാരാളം പ്രശ്‌നങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉണ്ടായിട്ടുള്ളത് കോഴിക്കോട്ടല്ലേ. ഇവിടുത്തെ ബസ്സുടമകള്‍ക്ക് നികുതിയിനത്തില്‍ ഇളവനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അടുത്തകാലത്തുവരെ ജില്ലയില്‍ 1200ലധികം ബസ്സുകളുണ്ടായിരുന്നു. ഇപ്പോഴത് എണ്ണൂറായി ചുരുങ്ങിയിട്ടുണ്ട്. ഇനിയും ധാരാളം ബസ്സുകള്‍ സര്‍വീസ് നിര്‍ത്തേണ്ടി വരും.” ഉടമസ്ഥര്‍ പറയുന്നു.

ഡീസല്‍ വിലയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തേണ്ടി വരുന്ന അവസ്ഥ സംസ്ഥാനത്തൊട്ടാകെയുണ്ട്. ഒരാഴ്ചയ്ക്കിടെ 200 ബസ്സുകള്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിയെന്നാണ് കണക്കുകള്‍. അടുത്ത മാസം ഇത് രണ്ടായിരത്തോളമാകുമെന്നും സംഘടനാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ മാര്‍ച്ചിലുണ്ടായ വര്‍ദ്ധനവോടെ യാത്രക്കാരുടെ എണ്ണം ഇരുപതു ശതമാനത്തോളം കുറഞ്ഞിരുന്നു. ഇതും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്.

ശ്രീഷ്മ കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം