‘കോഴിക്കോടിന് ഇത്രയും ഫാഷൻ കൾച്ചറുണ്ടെന്ന് എനിക്കറിയില്ലായിരുന്നു’; പൃഥ്വിരാജ്
Malayalam Cinema
‘കോഴിക്കോടിന് ഇത്രയും ഫാഷൻ കൾച്ചറുണ്ടെന്ന് എനിക്കറിയില്ലായിരുന്നു’; പൃഥ്വിരാജ്
അജ്മല്‍ കെ
Friday, 21st August 2026, 3:05 pm

കോഴിക്കോടിന്റെ ഫാഷൻ കൾച്ചറിനെക്കുറിച്ച് തനിക്ക് പുതിയൊരു തിരിച്ചറിവുണ്ടായെന്ന് നടൻ പൃഥ്വിരാജ്. തന്റെ പുതിയ ചിത്രം ‘ഖലീഫ’യുടെ ഷൂട്ടിങ്ങിനായി കോഴിക്കോട് എത്തിയപ്പോഴാണ് നഗരത്തിലെ ഫാഷൻ കൾച്ചറിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതെന്നും താരം പറഞ്ഞു. ചിത്രത്തിലെ വസ്ത്രധാരണത്തെക്കുറിച്ചും കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ നൽകിയ റഫറൻസുകളെക്കുറിച്ചും പൃഥ്വിരാജ് വിശദീകരിച്ചു. ഖലീഫയുടെ പ്രൊമോഷന്റെ ഭാഗമായി അനൂപ് മൃദു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു ‘ഖലീഫ’യുടെ ചിത്രീകരണം. ചിത്രത്തിൽ രണ്ട് കാലഘട്ടങ്ങളാണ് അവതരിപ്പിക്കുന്നതെന്നും, അതിനനുസരിച്ച് കോസ്റ്റ്യൂമിലും പ്രൊഡക്ഷൻ ഡിസൈനിലുമെല്ലാം വ്യത്യാസങ്ങളുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്. Photo: Screengrab/ Youtube.com

‘കാലിക്കറ്റ് ബേസ് ചെയ്താണ് ഇതിന്റെ ഷൂട്ട് കൂടുതലും ഉണ്ടായിരുന്നത്. സിനിമയിൽ ഒരു ടൈംലൈൻ മാത്രമാണ് പ്രസന്റ് ഡേ പറയുന്നത്. ബാക്കിയുള്ളതൊക്കെ കുറച്ച് മുൻപുള്ള സമയത്താണ് നടക്കുന്നത്. അതുകൊണ്ട് രണ്ട് ടൈംലൈനും സിനിമയുടെ കോസ്റ്റ്യൂമിലും പ്രൊഡക്ഷനിലുമൊക്കെ ഉണ്ടാകും,’ പൃഥ്വിരാജ് പറഞ്ഞു.

ചിത്രത്തിലെ തന്റെ കഥാപാത്രമായ ആമിർ അലിയുടെ വസ്ത്രധാരണത്തിന് പിന്നിൽ കോഴിക്കോട്, മലപ്പുറം മേഖലകളിലെ പഴയകാല യുവാക്കളുടെ ഫാഷൻ രീതികളായിരുന്നുവെന്നും താരം വ്യക്തമാക്കി. കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസയ്ക്ക് നൽകിയ പ്രധാന റഫറൻസ് ആ കാലഘട്ടത്തിലെ ഫാഷൻ ട്രെൻഡുകളായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

‘മഷർ ഹംസയാണ് ഇതിന്റെ കോസ്റ്റ്യൂം ചെയ്തിരിക്കുന്നത്. മഷർ നന്നായി തന്നെ ഇതിൽ കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് കൊടുത്ത റഫറൻസ് ആ കാലഘട്ടത്തിൽ കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലെ യുവാക്കൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളായിരുന്നു. എനിക്ക് പോലും ഇത് പൂർണ്ണമായിട്ടും അറിയില്ലായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

കോഴിക്കോടിന് ഇത്രത്തോളം ശക്തമായ ഫാഷൻ കൾച്ചറുണ്ടെന്ന് ‘ഖലീഫ’യുടെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് താൻ മനസ്സിലാക്കിയതെന്നും പൃഥ്വിരാജ് പറയുന്നു. നഗരത്തിലെ വിവിധ ഫാഷൻ സ്റ്റോറുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം വ്യക്തമാക്കി.

‘കാലിക്കറ്റിൽ ഭയങ്കര ഫാഷൻ കൾച്ചറുണ്ട്. ‘ഖലീഫ’യിൽ ആമിർ അലിയുടെ ഒരു മെൻസ് ഫാഷൻ സ്റ്റോർ ഉണ്ട്. എന്റെ കഥാപാത്രം നടത്തുന്ന ഒരു മെൻസ് ഫാഷൻ സ്റ്റോറാണ് അത്. അത് ഒറിജിനലായി അവിടെ ഉള്ള ഒരു സ്റ്റോറാണത്. അതുപോലെ ഒരുപാട് സ്റ്റോറുകൾ ഞാൻ കാലിക്കറ്റിൽ കണ്ടു,’ പൃഥ്വിരാജ് പറഞ്ഞു.

ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും സിനിമാ ചിത്രീകരണത്തിനായി എത്തിയതെന്നും പൃഥ്വിരാജ് ഓർത്തെടുത്തു. ഇതിന് മുമ്പ് ‘ഇന്ത്യൻ റുപ്പി’യുടെ ചിത്രീകരണത്തിനാണ് കോഴിക്കോട് എത്തിയിരുന്നതെന്നും, ഇത്തവണ എത്തിയപ്പോഴാണ് നഗരത്തിലെ ഫാഷൻ രംഗത്തെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നും താരം പറഞ്ഞു.

ഫാഷനബിൾ ആയതും അതേസമയം സാധാരണക്കാർക്ക് താങ്ങാനാകുന്നതുമായ വസ്ത്രങ്ങൾ ലഭിക്കുന്ന നിരവധി സ്റ്റോറുകൾ കോഴിക്കോടുണ്ടെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിൽ നിന്ന് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്ത് പുതിയ ഫാഷൻ ട്രെൻഡുകൾക്ക് അനുസരിച്ച് ഇവിടെയുള്ള സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

‘റിയലി ഫാഷനബിൾ, ബട്ട് അഫോർഡബിൾ ആയ മെൻസ് വെയറോ വിമൻസ് വെയറോ ഒക്കെയുള്ള ഒരുപാട് സ്റ്റോറുകളുണ്ട്. ഇവർ പല രാജ്യങ്ങളിൽ നിന്നും ഇംപോർട്ട് ചെയ്ത് കറന്റ് ഫാഷൻ ട്രെൻഡ് ഫോളോ ചെയ്യുന്നുണ്ട്. ഇത് എനിക്ക് പൂർണ്ണമായിട്ടും അറിയില്ലായിരുന്നു. ഇപ്പോഴാണ് കാലിക്കറ്റിൽ ഇങ്ങനെ ഒരു ഫാഷൻ സബ് കൾച്ചർ ഉണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നത്,’ പൃഥ്വിരാജ് വ്യക്തമാക്കി.

ഖലീഫ. Photo: IMDb

വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ കോഴിക്കോട് ജീവിക്കുന്ന, ഫാഷനിലും ശരീരസൗന്ദര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ഒരു യുവാവ് എങ്ങനെയായിരിക്കും വസ്ത്രം ധരിക്കുക എന്നതായിരുന്നു മഷർ ഹംസയ്ക്ക് നൽകിയ പ്രധാന റെഫറൻസെന്നും പൃഥ്വിരാജ് പറഞ്ഞു.

‘വർഷങ്ങൾക്ക് മുൻപ് കാലിക്കറ്റിലെ ഭയങ്കര ഫാഷൻ കോൺഷ്യസായിട്ടുള്ള ഒരു ചുള്ളൻ എന്തായിരിക്കും ഇടുക എന്നതായിരുന്നു റെഫറെൻസ്. ഫിസിക്കിനെക്കുറിച്ചൊക്കെ ഭയങ്കര കോൺഷ്യസായിട്ട് നല്ല ബോഡി മെയിന്റെയ്ൻ ചെയ്യുന്ന ഒരാൾ എന്തായിരിക്കും ധരിക്കുക. മഷർ അത് കറക്റ്റ് ആയിട്ട് സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്,’ പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Content Highlight: Prithviraj talks about the fashion culture in Kozhikode

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.