| Monday, 24th March 2025, 4:40 pm

143 ദിവസമാണ് എമ്പുരാന്റെ ഷൂട്ടുണ്ടായത്; ചെലവ് കുറക്കാന്‍ ഞാന്‍ ചെയ്ത വിദ്യയായിരുന്നു അത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍ റിലീസിന് തയാറെടുക്കുകയാണ്. ഫസ്റ്റ് ലുക്ക് മുതല്‍ ഓരോ അനൗണ്‍സ്‌മെന്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ ട്രെയ്‌ലറിലൂടെ എമ്പുരാന്റെ മേലുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. കേരളത്തില്‍ ബുക്കിങ് ആരംഭിച്ചതുമുതല്‍ വന്‍ ഡിമാന്‍ഡാണ് എമ്പുരാന്റെ ടിക്കറ്റുകള്‍ക്ക്. ചിത്രം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും.

ഇപ്പോള്‍ എമ്പുരാന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകനും നടനുമായ പൃഥ്വിരാജ്. 143 ദിവസം മാത്രമാണ് എമ്പുരാന്റെ ഷൂട്ട് ഉണ്ടായതെന്നും ഷൂട്ടിങ്ങിലെ പ്രധാന വെല്ലുവിളി കാലാവസ്ഥയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. സിനിമയില്‍ ഏറ്റവും വിലപിടിച്ചത് എന്താണെന്ന് ചോദിച്ചാല്‍ തന്റെ ഉത്തരം സമയം എന്നായിരിക്കുമെന്നും സിനിമയുടെ ബഡ്ജറ്റ് കുറക്കാന്‍ കഴിയുന്നത് സമയം വേണ്ടരീതിയില്‍ ഉപയോഗിക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

‘എമ്പുരാന് വേണ്ടി കുറേ സ്ഥലങ്ങളില്‍ ഷൂട്ടത്തിനായി പോയിരുന്നു. അഭിനേതാക്കളുടെ സൗകര്യമെല്ലാം നോക്കിയായിരുന്നു ഷൂട്ടിങ്ങിന്റെ തീയതിയെല്ലാം തീരുമാനിച്ചത്. എപ്പോള്‍ വിളിച്ചാലും ഷൂട്ടിന് വരാമെന്ന് പറഞ്ഞ ഒരേ ഒരാള്‍ മോഹന്‍ലാല്‍ സാര്‍ മാത്രമായിരുന്നു.

മറ്റുള്ള എല്ലാ അഭിനേതാക്കള്‍ക്കും അവരവരുടേതായ തിരക്കുകള്‍ ഉണ്ടായിരുന്നു, അത് നമുക്ക് മനസിലാകും. ദിവസക്കണക്ക് നോക്കുകയാണെങ്കില്‍ 143 ദിവസം മാത്രമാണ് നമുക്ക് എമ്പുരാന്റെ ഷൂട്ട് ഉണ്ടായത്. ഇത്രയും നീണ്ടുപോകാന്‍ കാരണം തന്നെ കാലാവസ്ഥയായിരുന്നു.

പല ദിവസങ്ങളിലും ഒരു ഷോട്ട് മാത്രമാണ് എടുക്കാന്‍ പറ്റിയത്. ഒരു ഷോട്ടുപോലും എടുക്കാന്‍ കഴിയാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. ലഡാക്കില്‍ ഞങ്ങള്‍ ഷോട്ട് ചെയ്യുമ്പോള്‍ കടുത്ത മഞ്ഞു വീഴ്ചയും മഴയുമുണ്ടായിരുന്നു. അമേരിക്കയിലെ ഷൂട്ടിങ്ങും സമാനമായിരുന്നു.

ന്യൂ ജേഴ്‌സിയിലെ എല്ലാ ഷൂട്ടും മഴ കാരണം ഞങ്ങള്‍ക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു. അതൊഴിച്ച് നിര്‍ത്തിയാല്‍ ഷൂട്ടിങ് എല്ലാം കൃത്യമായി നടന്നു. ഷൂട്ടിങ് മര്യാദക്ക് നടന്നാല്‍ തന്നെ സിനിമയുടെ ഭൂരിഭാഗം കാര്യങ്ങളും കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍.

സെറ്റില്‍ എത്തുന്നതിന് മുമ്പ് തന്നെ എന്താണ് അന്ന് എടുക്കേണ്ടതെന്ന് കൃത്യമായി എനിക്കറിയാം. അതുകൊണ്ടുതന്നെ ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് അഭിനേതാക്കള്‍ക്കെല്ലാം ഇന്ന് തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു.

സിനിമയില്‍ ഏറ്റവും വിലപിടിച്ചത് എന്താണെന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം സമയം എന്നായിരിക്കും. സിനിമയുടെ ബഡ്ജറ്റ് കുറക്കാന്‍ കഴിയുന്നത് സമയം വേണ്ടരീതിയില്‍ ഉപയോഗിച്ചുകൊണ്ടാണ്. ബഡ്ജറ്റ് കുറക്കാന്‍ വേണ്ടി വില കുറഞ്ഞ ക്യാമറയിലൊന്നും ഷൂട്ട് ചെയ്യാന്‍ എനിക്ക് കഴിയില്ല. ഞാന്‍ എക്‌സ്‌പെന്‍സ് കുറക്കുന്നത് സമയം കൃത്യമായി ഉപയോഗിച്ചുകൊണ്ടാണ്,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj talks about shooting of Empuraan Movie

We use cookies to give you the best possible experience. Learn more