| Friday, 28th March 2025, 10:02 pm

25 വർഷത്തിനിടയിൽ ഞാൻ കണ്ട മികച്ച അഭിനയം ആ നടിയുടേത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012ൽ അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബർഫി. രൺബീർ കപൂറിന്റെയും പ്രിയങ്ക ചോപ്രയുടെയും പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ കരുത്ത്. ഇപ്പോഴും ബോളിവുഡിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബർഫി.

ബർഫിയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. തനിക്ക് പ്രിയപ്പെട്ട ചിത്രമാണ് ബർഫിയെന്നും ചിത്രത്തിലെ നായകന്റെയും നായികയുടെയും പ്രകടനം 25 വർഷത്തിനിടെ ഇന്ത്യൻ സിനിമ കണ്ടതിൽ മികച്ചതായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിലെ രൺബീറിന്റെ പ്രകടനത്തെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ടെന്നും എന്നാൽ പ്രിയങ്കയെ പറ്റി ആരും കൂടുതൽ പറയുന്നത് കേട്ടിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

ബർഫിയിലെ പ്രിയങ്കയുടെ കഥാപാത്രം ഒരു പൊടിക്ക് കൂടിയാലോ കുറഞ്ഞാലോ കൈവിട്ടുപോകുന്നതായിരുന്നുവെന്നും എന്നാൽ വളരെ ബാലൻസോടെ പ്രിയങ്ക ആ വേഷം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റൻ്റ് ബോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘എനിക്ക് പ്രിയപ്പെട്ട ചിത്രമാണ് ബർഫി. കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യൻ സിനിമയിലെ ഏതൊരു നായക നടൻ്റെയും നായികയുടെയും ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. രൺബീറിൻ്റെ പ്രകടനം അതിശയകരമാണെന്ന് എനിക്കറിയാം, പലരും രൺബീറിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കാറുമുണ്ട്. എന്നാൽ രൺബീറിൻ്റെ അത്രയും ചർച്ചചെയ്യപ്പെടാതെ പോയതാണ് പ്രിയങ്ക ചോപ്രയുടെ അഭിനയം.

ബർഫിയിൽ പ്രിയങ്ക ചെയ്ത ആ കഥാപാത്രം ഒരു പൊടിക്ക് കൂടിയാലോ കുറഞ്ഞാലോ കൈവിട്ടുപോകുന്നതായിരുന്നു. വളരെ ബാലൻസ് വേണ്ട ഒന്നായിരുന്നു അത്. ഒരു ഇഞ്ച് ഇടത്തോ ഇഞ്ച് വലത്തോട്ടോ പോയാൽ അത് ശരിക്കും നിലംപതിക്കും. പക്ഷേ എൻ്റെ ദൈവമേ, അവൾ എന്ത് മനോഹരമായാണ് ആ വേഷം ചെയ്തിരിക്കുന്നത്,’ പൃഥ്വിരാജ് പറയുന്നു.

അതേസമയം എസ്. എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ എസ്.എം.ബി 29-ൽ പ്രിയങ്കയും പൃഥ്വിയും ഒന്നിക്കുന്നുണ്ട്. മഹേഷ് ബാബു നായകനാകുന്ന സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

Content Highlight: Prithviraj talks about Priyanka Chopra’s Performance in Barfi Movie

We use cookies to give you the best possible experience. Learn more