| Wednesday, 2nd July 2025, 4:22 pm

പൃഥ്വിരാജ് പ്രൊഡക്ഷന് വേണ്ടി ചെയ്ത സിനിമ; ആ തമിഴ് നടന്‍ ഒരു പൈസ പോലും വാങ്ങിയില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജ്യൂണസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്തത് 2019ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് നയന്‍. ഈ സിനിമയില്‍ പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ആദ്യ സിനിമയായിരുന്നു നയന്‍. സിനിമയില്‍ പ്രകാശ് രാജും ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ പ്രകാശ് രാജിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. നയന്‍ എന്ന സിനിമയിലേക്ക് ഒരു കഥാപാത്രം ചെയ്യാനായി പ്രകാശ് രാജിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം വേഗം വന്നുവെന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ റെമ്യൂണറേഷന്റെ കാര്യം പലവട്ടംചോദിച്ചിട്ടും പ്രകാശ് രാജ് അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അദ്ദഹം പറയുന്നു.

താന്‍ പല തവണ ചോദിച്ചിട്ടും അദ്ദേഹം പൈസയുടെ കാര്യം പറഞ്ഞില്ലെന്നും ആ സിനിമക്ക് തന്റെ കയ്യില്‍ നിന്ന് പ്രകാശ് രാജ് പ്രതിഫലം വാങ്ങിയില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങളുടെ ആദ്യത്തെ പ്രൊഡക്ഷനല്ലേ, അത് ഞാന്‍ പേര്‍സണലായി എടുക്കുകയാണ്’ എന്ന് പ്രകാശ് രാജ് പറഞ്ഞെന്നും അദ്ദേഹം പറയുന്നു. ബിഹൈന്‍വുഡ്സില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ഞാന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ പ്രകാശ് രാജിനെ വിളിച്ചിരുന്നു. നയന്‍ എന്ന സിനിമയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചെയ്യുന്ന ആദ്യത്തെ സിനിമയായിരുന്നു അത്. ഞാന്‍ അദ്ദേഹത്തെ സിനിമയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ വിളിച്ചിരുന്നു. അങ്ങനെ പുള്ളി വന്നു. സിനിമ നമ്മള്‍ ഷിംലയിലും മറ്റ് വേറെ സ്ഥലങ്ങളിലും ഒക്കെ ഷൂട്ട് ചെയ്തിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ഇടക്കിടെ പൈസയുടെ കാര്യം ചോദിച്ചിരുന്നു. ‘ സര്‍ നിങ്ങള്‍ ഇപ്പോഴും റെമ്യൂണറേഷന്റെ കാര്യം പറഞ്ഞിട്ടില്ലാ’ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അത് ഞാന്‍ പറയാം എന്നൊക്കെ പറഞ്ഞ് അതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി

പിന്നെ എന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എന്നോട് ചോദിച്ചു, ‘റെമ്യൂണറേഷന്റെ കാര്യം പറ. ഇനി ഡബ്ബിങ്ങിന്റെ സമയത്ത് അഞ്ച് കോടി എന്നൊക്കെ പറയുമോ’ എന്ന്. പിന്നീട് പ്രകാശ് രാജ് ആ സിനിമ മുഴുവന്‍ ചെയ്ത് തീര്‍ത്തു. ഡബ്ബിങ്ങും ചെയ്തു. എന്താണ് പുള്ളി പൈസ വാങ്ങാത്തത് എന്ന് ഞാന്‍ വിചാരിച്ചു. അതുകൊണ്ട് ഒരു ചെക്ക് എഴുതി കൊടുത്തു. പക്ഷേ അദ്ദേഹം പൈസ വാങ്ങിയില്ല. അദ്ദേഹം എന്റെയടുത്ത് നിന്ന് ഒരു പൈസ പോലും വാങ്ങിയില്ല. നീ ആദ്യമായിട്ട് ചെയ്യുന്ന സിനിമയല്ലേ ഇത് നിങ്ങളുടെ കമ്പനി ലോഞ്ചാണ്. എന്നൊക്കെ പറഞ്ഞു,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj talks about Prakash raj

We use cookies to give you the best possible experience. Learn more