| Wednesday, 26th March 2025, 8:28 am

രാജ്യത്തെ ഏറ്റവും വലിയ താരത്തിന്റെ ആ സിനിമയുമായി എമ്പുരാന് മത്സരമില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളക്കര മുഴുവന്‍ എമ്പുരാന്റെ പിന്നാലെ പായുകയാണ്. ആദ്യദിവസത്തെ ഷോയ്ക്ക് ടിക്കറ്റ് കിട്ടാന്‍ പലരും ഓടുമ്പോള്‍ ചിത്രത്തില്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച രഹസ്യമെന്തെന്നറിയാന് കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഇന്‍ഡസ്ട്രിയിലെ സകല റെക്കോഡുകളും എമ്പുരാന്റെ വരവോടെ തകരുമെന്ന് ഉറപ്പാണ്. 2025ല്‍ ഇതുവരെ ഒരു വലിയ വിജയമില്ലാതിരുന്ന മോളിവുഡ് എമ്പുരാനിലൂടെ ടോപ് ഗിയറിലേക്ക് കുതിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

എമ്പുരാന്‍ മാര്‍ച്ച് 27ന് റിലീസ് ചെയ്യും. മാര്‍ച്ച് 30ന് സല്‍മാന്‍ ഖാന്‍ നായകനാകുന്ന സിക്കന്ദറും തിയേറ്ററുകളിലെത്തും. ഈദ് റിലീസായെത്തുന്ന സിക്കന്ദര്‍ പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറാകുന്ന എമ്പുരാന്റെ ബോക്‌സ് ഓഫീസില്‍ മത്സരിക്കും. എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി ദല്‍ഹിയില്‍ നടന്ന പ്രസ് മീറ്റില്‍ ഈ രണ്ട് ചിത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്.

സല്‍മാന്‍ ഖാന്‍ രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണെന്നും അദ്ദേഹത്തിന്റെ സിക്കന്ദര്‍ എന്ന സിനിമയും തന്റെ എമ്പുരാന്‍ എന്ന ചിത്രവും തമ്മില്‍ മത്സരമില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. സിക്കന്ദര്‍ ബ്ലോക്ക്ബസ്റ്റര്‍ ആകുമെന്നും രാവിലെ 11 മണിക്ക് എമ്പുരാനും ഉച്ചയ്ക്ക് ഒരു മണിക്ക് സിക്കന്ദറും കാണാമെന്നും അദ്ദേഹം പറഞ്ഞു.

‘സല്‍മാന്‍ ഖാന്‍ രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്. എമ്പുരാന്‍, സിക്കന്ദര്‍ എന്നീ രണ്ട് സിനിമകളും തമ്മില്‍ മത്സരമില്ല. സിക്കന്ദര്‍ ഒരു ബ്ലോക്ക്ബസ്റ്ററാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രാവിലെ 11 മണിക്ക് എമ്പുരാനും ഉച്ചയ്ക്ക് ഒരു മണിക്ക് സിക്കന്ദറും കണ്ടാല്‍ എനിക്ക് ഒരു പരാതിയും ഉണ്ടാകില്ല. സന്തോഷമേ ഉള്ളു,’ പൃഥ്വിരാജ് പറയുന്നു.

സിക്കന്ദര്‍

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് സിക്കന്ദര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമിഴിലെ ഹിറ്റ് ഫിലിം മേക്കര്‍ എ.ആര്‍. മുരുകദോസാണ്. 200 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനെയും രശ്മികയെയും കൂടാതെ കാജല്‍ അഗര്‍വാള്‍, സത്യരാജ്, ശര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Prithviraj talks about L2 Empuraan’s box office clash with Salman Khan’s Sikandar

We use cookies to give you the best possible experience. Learn more