വലിയ ആവേശത്തോടെ ഇന്നലെ (വ്യാഴം) തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ. സ്വര്‍ണക്കടത്തുകാരനായ മാമ്പറക്കല്‍ ആമിര്‍ അലിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലും കാമിയോ റോളിലെത്തുമെന്ന് അറിയിച്ചതോടെ വലിയ വരവേല്പായിരുന്നു ഖലീഫയ്ക്ക് ലഭിച്ചത്. റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, സംവിധായകന്‍ വൈശാഖ് അടക്കമുള്ളവര്‍ ഒന്നിച്ചെത്തി ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിരിക്കുന്നത്. പരിപാടിക്കിടെ നടൻ പൃഥ്വിരാജ് സംവിധായകൻ വൈശാഖിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
2010-ൽ വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന്റെ സംവിധായക കരിയറിലെ തന്നെ ആദ്യ ഷോട്ട് എന്ന് പറയുകയാണ് പൃഥ്വിരാജ്. പിന്നീട് 15 വർഷങ്ങൾക്കു ശേഷം വീണ്ടും വൈശാഖുമൊത്ത് സിനിമ ചെയ്യാൻ കഴിഞ്ഞതിൽ വലിയ അഭിമാനവും സന്തോഷവും ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
‘വൈശാഖിന്റെ സ്വതന്ത്ര സംവിധായക കരിയറിലെ ഫസ്റ്റ് ഷോട്ട് എന്ന് പറയുന്നത് എന്റെ ക്ലോസപ്പ് ആണ്. അതിനുശേഷം 15 വർഷം വേണ്ടി വന്നു ഞങ്ങൾക്ക് ഒരുമിച്ച് വീണ്ടും ഒരു സിനിമ ചെയ്യാൻ. ഞാൻ വളരെ ഹാപ്പിയാണ്, കാരണം ആദ്യ സിനിമയിൽ നിന്നും ഖലീഫയിൽ എത്തിനിൽക്കുമ്പോൾ മലയാള സിനിമയ്ക്ക് ഒരുപാട് വലിയ കൊമേർഷ്യൽ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച, നൂറു കോടി എന്നൊക്കെ പറയുന്ന തുക നമുക്ക് പരിചിതമാക്കിത്തന്ന സംവിധായകനാണ് വൈശാഖ്.
അദ്ദേഹത്തിന്റെ കൂടെ വീണ്ടും കൊളാബറേറ്റ് ചെയ്യാൻ സാധിച്ചു എന്ന് പറയുന്നതിൽ എനിക്ക് ഭയങ്കര അഭിമാനമുണ്ട്, അതിലുപരി ഏറെ സന്തോഷമുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.